Connect with us

Kerala

സംസ്ഥാനത്ത് പുതിയ ഖനന നയം വരുന്നു

Published

|

Last Updated

കണ്ണൂര്‍: കനത്ത തോതില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്ന അനധികൃത ഖനനം പെരുകുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന്റെ പുതിയ ഖനന നയം ഉടന്‍ പ്രഖ്യാപിച്ചേക്കും. ആസൂത്രണ ബോര്‍ഡ് മുന്‍കൈയെടുത്ത് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ തയ്യാറാക്കിയ പുതിയ ഖനനനയത്തിന്റെ കരടുരേഖ അടുത്ത മാസം സര്‍ക്കാറിന് മുന്നിലെത്തും. ആസൂത്രണ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം നാല് മാസം മുമ്പാണ് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ പുതുതായുണ്ടാക്കേണ്ട ഖനനനയം സംബന്ധിച്ച പഠനം തുടങ്ങിയത്. നയരൂപവത്കരണത്തിന് മുമ്പ് നിലവിലുള്ള ഖനനരീതികളെക്കുറിച്ച് വിശദമായിതന്നെയാണ് ഗവേഷക സംഘം പഠനം നടത്തിയത്.
2008ലെ ദേശീയ ഖനന നയത്തിന്റെ ചുവടുപിടിച്ചാണ് പുതിയ നയത്തിന്റെ രൂപവത്കരണം. കേരളത്തിന്റെ വികസനത്തിന് അനുസൃതമായ നിര്‍മാണ ആവശ്യങ്ങള്‍ക്ക് തടയിടാത്ത, എന്നാല്‍ പാരിസ്ഥിതിക ആഘാതത്തിനിടയാക്കാത്ത തരത്തിലുള്ളതായിരിക്കും പുതിയ നയം. ഖനന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ജനങ്ങളുടെ പുനരധിവാസം ഉറപ്പുവരുത്തുന്നതിനും നിര്‍മാണ സാധനങ്ങളുടെ ആവശ്യത്തിനായി മാത്രം ഖനനം നടത്തുന്നതിനുമെല്ലാമുള്ള കര്‍ശനവ്യവസ്ഥകള്‍ പുതിയ നയത്തിലുണ്ടെന്നാണ് സൂചന. ഖനന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാനും അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെ കടുത്ത ശിക്ഷാനടപടികളെടുക്കാനുമെല്ലാം പുതിയ നയത്തില്‍ വ്യവസ്ഥയുണ്ടാകും. നിലവിലുള്ള എല്ലാ പരിസ്ഥിതി നിയമങ്ങള്‍ക്കും വിധേയമായിത്തന്നെയായിരിക്കും ഖനന നയമെന്നാണ് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്.
പുതിയ നയത്തിന്റെ കരട് ഉടന്‍ സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിസ്ഥിതി കൗണ്‍സില്‍ അടുത്ത മാസം തന്നെ സര്‍ക്കാറിന് മുന്നില്‍ ഖനനനയത്തിന്റെ കരടെത്തിക്കുന്നത്. മണല്‍, പാറ ഖനനവും ധാതു ഖനനവുമെല്ലാം വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പുതിയ നയത്തെ ഏറെ ഗൗരവത്തോടെയാകും സര്‍ക്കാര്‍ കാണുക. പശ്ചിമഘട്ട മേഖലയിലെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളും ഖനനവും തടഞ്ഞതിനെച്ചൊല്ലി പല ഘട്ടങ്ങളിലും സംസ്ഥാനത്ത് വിവാദങ്ങളുയര്‍ന്നിട്ടുണ്ട്. നിലവിലുള്ള ഖനന നയത്തിലെ പഴുതുകള്‍ ചൂണ്ടിക്കാട്ടിയും മറ്റും ഇത്തരം ചര്‍ച്ചകളുണ്ടാവരുതെന്ന് സര്‍ക്കാറും ആഗ്രഹിക്കുന്നുണ്ട്.
മണല്‍, പാറ ഖനനത്തെക്കാളേറെ ഏറ്റവുമധികം ഖനനം നടക്കുന്നതും പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്നതും മണ്ണ്, കളിമണ്‍ മേഖലയിലാണ്. അശാസ്ത്രീയവും അനിയന്ത്രിതവുമായ കളിമണ്‍, മണ്ണ് ഖനനം വന്‍തോതിലാണ് സംസ്ഥാനത്തെ പരിസ്ഥിതിയെ ബാധിക്കുന്നത്. കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് കളിമണ്‍ ഖനനം കൂടുതലായും നടക്കുന്നത്.
പശ്ചിമഘട്ടത്തില്‍ സ്വകാര്യ വ്യക്തികളുടെ നിയന്ത്രണത്തില്‍ ഭൂമി കൈയടക്കി പ്രത്യേക അധികാരമേഖലകള്‍ സ്ഥാപിച്ച് അനധികൃത കരിങ്കല്‍ ഖനനം നടത്തുന്നതായി നേരത്തെ വിവിധ സമിതികള്‍ കണ്ടെത്തിയിരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇത്തരം 15ഓളം “സ്വയം നിയന്ത്രിത മേഖല”കളുള്ളതായി പശ്ചിമഘട്ട രക്ഷായാത്ര നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകരുടെ സംഘം കണ്ടെത്തിയിരുന്നു. സമുദ്ര നിരപ്പില്‍നിന്ന് 1500 മുതല്‍ 2000 അടി വരെ ഉയരത്തില്‍ അതീവ പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങളിലാണ് 200 മുതല്‍ 500 ഏക്കര്‍ വരെ ഭൂമി സ്വന്തമാക്കി ഖനനം നടത്തുന്നത്. നിയമങ്ങള്‍ മറികടന്ന് അത്യാധുനിക സംവിധാനങ്ങളോടെയാണ് ക്വാറികളും ക്രഷറുകളും ഇവിടെ പ്രവര്‍ത്തിക്കുന്നത്.
റോഡുകള്‍ക്ക് കുറുകെ ബാരിക്കേഡുകള്‍, ചെക്‌പോസ്റ്റുകള്‍ എന്നിവ സ്ഥാപിച്ചും കാവല്‍ക്കാരെ നിയോഗിച്ചും പുറത്തുനിന്നുള്ളവര്‍ ഈ പ്രദേശത്തേക്ക് കടക്കുന്നതിന് തടസ്സമുണ്ടാക്കിയിരിക്കുകയാണെന്നും 45 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള പ്രദേശങ്ങളി ല്‍ ഖനനം പാടില്ലെന്ന പാരിസ്ഥിതിക ആഘാത നിര്‍ണയ പഠന സമിതിയുടെ നിബന്ധനകള്‍ക്ക് വിരുദ്ധമായിട്ടാണ് ഖനനം പലയിടങ്ങളിലും നടക്കുന്നതെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു.

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

---- facebook comment plugin here -----

Latest