Connect with us

National

ശശി തരൂരിനെ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്ത് നിന്ന് നീക്കി

Published

|

Last Updated

ന്യൂഡല്‍ഹി: മോദി അനുകൂല നിലപാട് സ്വീകരിച്ച ഡോ. ശശി തരൂര്‍ എം പിയെ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്ത് നിന്ന് നീക്കി. എ കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ ശിപാര്‍ശ അംഗീകരിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണി യാഗാന്ധിയാണ് നടപടിയെടുത്തത്. നടപടി വേണമെന്ന കെ പി സി സി റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് തീരുമാനമെന്ന് എ ഐ സി സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അച്ചടക്ക സമിതിയുടെ ശിപാര്‍ശ കോണ്‍ഗ്രസ് അധ്യക്ഷ അംഗീകരിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് ശോഭാ ഓജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതേസമയം, നടപടി സ്വാഗതം ചെയ്യുന്നതായും തിരുവനന്തപുരത്ത് നിന്നുള്ള പാര്‍ലിമെന്റ് അംഗം എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം തുടരുമെന്നും ശശി തരൂര്‍ പ്രതികരിച്ചു.
കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കും വിധം നിരന്തരം മോദി അനുകൂല നിലപാട് സ്വീകരിക്കുന്ന ശശി തരൂരിനെതിരെ നടപടിയെടുക്കണമെന്ന് കെ പി സി സി ആവശ്യപ്പെട്ടിരുന്നു. കെ പി സി സി നല്‍കിയ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അധ്യക്ഷ എ ഐ സി സി അച്ചടക്ക സമിതിക്ക് കൈമാറുകയായിരുന്നു. ഈ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷമാണ് നടപടിക്ക് ശിപാര്‍ശ ചെയ്തത്. ആന്റണിക്ക് പുറമെ മോത്തിലാല്‍ വോറയും സുശീല്‍ കുമാര്‍ ഷിന്‍ഡെയുമാണ് അച്ചടക്ക സമിതിയിലുള്ളത്. മോത്തിലാല്‍ വോറ വെള്ളിയാഴ്ച ആന്റണിയെ കണ്ടു ചര്‍ച്ച നടത്തിയിരുന്നു. പ്രാഥമിക ചര്‍ച്ചകളില്‍ തന്നെ തരൂരിനെതിരെ നടപടിയെടുക്കേണ്ട സാഹചര്യമുണ്ടെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍.
ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് തരൂരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് അച്ചടക്ക നടപടിയെന്നതും ശ്രദ്ധേയമാണ്. മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷമേ തീരുമാനമുണ്ടാകൂവെന്നാണ് കരുതിയിരുന്നതെങ്കിലും നടപടി നീട്ടി കൊണ്ടുപോകുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന വിലയിരുത്തലാണ് നടപടിക്ക് വേഗം കൂട്ടിയത്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തരൂര്‍ സ്വീകരിച്ച പല നടപടികളും വിമര്‍ശന വിധേയമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിരു കടന്ന് പ്രശംസിച്ചിരുന്ന തരൂര്‍, ഏറ്റവുമൊടുവില്‍ മോദി പ്രഖ്യാപിച്ച സ്വച്ഛ് ഭാരത മിഷന്റെ പ്രചാരണവുമായി സഹകരിക്കാന്‍ ശ്രമിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. ഇത് കോണ്‍ഗ്രസിന്റെ പദ്ധതിയാണെന്നും മഹാത്മജിയുടെ സ്വപ്‌നമാണെന്നുമായിരുന്നു ശശി തരൂരിന്റെ വിശദീകരണം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ മുതല്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ വരെ ഇതിനെതിരെ രംഗത്തു വന്നു.
മോദി സ്വയം മാറിയെന്നും ഇപ്പോള്‍ കാണുന്നത് മറ്റൊരു മോദിയെ ആണെന്നും തരൂര്‍ മുമ്പ് ട്വിറ്ററില്‍ കുറിച്ചത് വലിയ വിവാദം ഉയര്‍ത്തിയതാണ്. വെറുക്കപ്പെട്ട മോദിയുടെ സ്ഥാനത്ത് ആധുനികതയുടെയും പുരോഗതിയുടെയും അവതാരം ആണെന്നാണ് തരൂര്‍ എഴുതിയത്. അമേരിക്കര്‍ സന്ദര്‍ശനം കഴിഞ്ഞു മോദി തിരിച്ചത്തെിയപ്പോഴും തരൂര്‍ പ്രശംസ ചൊരിഞ്ഞു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ മോദിയുടെ പ്രസംഗം ശക്തവും പാക്കിസ്ഥാനുള്ള ഉചിതമായ മറുപടിയും ആണെന്നായിരുന്നു തരൂരിന്റെ നിരീക്ഷണം. എം പി ഫണ്ട് വിനിയോഗത്തില്‍ വരെ പാര്‍ട്ടിയുമായി ആലോചിക്കാതെ തീരുമാനമെടുക്കുന്നുവെന്ന പരാതി തരൂരിനെതിരെ നേരത്തെ തന്നെയുണ്ട്. പാര്‍ട്ടി പരിപാടികളുമായി സഹകരിക്കാതെ സ്വയം പബ്ലിക് റിലേഷന്‍ പരിപാടികള്‍ സംഘടിപ്പിക്കുകയാണെന്ന വിമര്‍ശം പലരും നേരത്തെ ഉയര്‍ത്തിയിരുന്നു. തരൂരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വരെ ഈ വിമര്‍ശം ഉയര്‍ന്നതാണ്. ഇതെല്ലാം ചേര്‍ത്താണ് കെ പി സി സി റിപ്പോര്‍ട്ട് നല്‍കിയതും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വി എം സുധീരനും രമേശ് ചെന്നിത്തലയും യോഗം ചേര്‍ന്നാണ് തരൂരിനെതിരെ നടപടിയാവശ്യപ്പെടാന്‍ തീരുമാനിച്ചിരുന്നത്. ഈ റിപ്പോര്‍ട്ട് നല്‍കിയതിനെ തരൂര്‍ ട്വിറ്ററിലൂടെ പരിഹസിച്ചിരുന്നു.
കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം ഇത് രണ്ടാം തവണയാണ് തരൂരിനെതിരെ നടപടി വരുന്നത്. കേന്ദ്ര മന്ത്രിയായിരിക്കെ ഐ പി എല്‍ വിവാദത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്ന് മന്ത്രിപദം രാജിവെക്കേണ്ടി വന്നു. അന്നും എ കെ ആന്റണി തന്നെയാണ് തരൂരിനെതിരെ ഉയര്‍ന്ന ആരോപണം അന്വേഷിച്ചത്. ആന്റണിയെയും പ്രണാബ് മുഖര്‍ജിയും ഉള്‍പ്പെട്ട സമിതി തരൂര്‍ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

Latest