Connect with us

National

ഹരിയാന, മഹാരാഷ്ട്ര പരസ്യപ്രചാരണം അവസാനിച്ചു; നാളെ ബൂത്തിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ചു. വീറും വാശിയും മുറ്റിനില്‍ക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് വീടുവീടാന്തരമായിരിക്കും. ഹരിയാനയില്‍ 90 ഉം മഹാരാഷ്ട്രയില്‍ 288ഉം സീറ്റുകളിലേക്ക് നാളെ തിരഞ്ഞെടുപ്പ് നടക്കും. മഹാരാഷ്ട്രയില്‍ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനും മറ്റ് എതിരാളുകള്‍ക്കുമെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. ഇരുസംസ്ഥാനങ്ങളിലുമായി 30ലധികം റാലികളില്‍ മോദി പങ്കെടുത്തിട്ടുണ്ട്. ഇരുസംസ്ഥാനങ്ങളിലും ബി ജെ പിയുടെ പ്രചാരണം ശക്തിപ്പെട്ടത് മോദിയെ കേന്ദ്രീകരിച്ചാണ്. മഹാരാഷ്ട്രയില്‍ വര്‍ഷങ്ങളായി തുടരുന്ന ബന്ധം ബി ജെ പിയും ശിവസേനയും വേര്‍പെടുത്തിയ സാഹചര്യത്തില്‍ അവിടെ ഇരുകൂട്ടര്‍ക്കും പ്രസ്റ്റീജിന്റെ മത്സരമാണ്. എന്നാല്‍ ശിവസേനയെ കാര്യമായി വിമര്‍ശിക്കാതെയായിരുന്നു മോദിയുടെ പ്രചാരണം മുന്നേറിയത്. പകരം കോണ്‍ഗ്രസിനെയും എന്‍ സി പിയെയും രൂക്ഷമായി വിമര്‍ശിക്കാനാണ് മോദി മുതിര്‍ന്നത്. കഴിഞ്ഞ 15 വര്‍ഷമായി ഇരുപാര്‍ട്ടികളും സംസ്ഥാനത്തെ കൊള്ളയടിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍ ബി ജെ പിക്ക് പ്രധാന നേതാക്കളെയൊന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാനായിട്ടില്ല. കോണ്‍ഗ്രസ് പൃഥ്വിരാജ് ചവാനെ കേന്ദ്രീകരിച്ചാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. എന്‍ സി പി അജിത് പവാറിനെയും ശിവസേന ഉദ്ധവ് താക്കറെയെയും ഉയര്‍ത്തിക്കാട്ടുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇരുസംസ്ഥാനങ്ങളിലും പ്രധാനപാര്‍ട്ടികള്‍ക്ക് ജനസമ്മിതി പരിശോധിക്കുന്നതിനുള്ള ആദ്യപരീക്ഷണമാണ് നാളത്തെ തിരഞ്ഞെടുപ്പ്. മഹാരാഷ്ട്രയില്‍ ബി ജെ പി 257 സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ അവരുടെ ചെറുസഖ്യകകക്ഷികള്‍ 31 സീറ്റുകളില്‍ ജനവിധി തേടുന്നു. ഇവിടെ കോണ്‍ഗ്രസും എന്‍ സി പിയും എല്ലാ സീറ്റുകളിലും മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന മറ്റ് ചെറുപാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളും കോണ്‍ഗ്രസ് അടയാളത്തിലാണ് ജനവിധി തേടുന്നത്. വഴിപിരിഞ്ഞ കോണ്‍ഗ്രസും എന്‍ സി പിയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പ്രചാരണത്തില്‍ ഏറെ മുന്നേറാനായെന്നാണ് കോണ്‍ഗ്രസും ബി ജെപിയും ശിവസേനയും എന്‍ സി പിയും ഒരുപോലെ അവകാശപ്പെടുന്നത്.

---- facebook comment plugin here -----

Latest