Connect with us

National

അതിര്‍ത്തി പ്രശ്‌നത്തില്‍ ഇടപെടണമെന്ന പാക് ആവശ്യം യു എന്‍ തള്ളി

Published

|

Last Updated

ന്യൂയോര്‍ക്ക്: കാശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന് ഐക്യരാഷ്ട്ര സഭ. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നത്തില്‍ ഇടപെടണമെന്ന പാകിസ്ഥാന്റെ ആവശ്യം ഐക്യരാഷ്ട്ര സഭ തള്ളി.ഇരു രാജ്യങ്ങളും ചര്‍ച്ചയിലൂടെ തര്‍ക്കം പരിഹരിക്കണമെന്ന് യു എന്‍ ആവശ്യപ്പെട്ടു.
അതിര്‍ത്തി തര്‍ക്കത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാക് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് സര്‍തജ് അസീസ് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് കത്തെഴുതിയിരുന്നു. ഇന്ത്യ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുണ്ടെന്നും കത്തില്‍ ആരോപിച്ചിരുന്നു. ഇന്ത്യക്ക് ശക്തമായ താക്കീത് നല്‍കണമെന്നും പാകിസ്ഥാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാന്റെ ആവശ്യങ്ങളെ.  തള്ളിക്കൊണ്ടാണ് ബാന്‍ കി മൂണ്‍ പ്രസ്താവന ഇറക്കിയത്. കാശ്മീര്‍ പ്രശ്‌നം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ബാന്‍ കി മൂണ്‍ പ്രസ്താവിച്ചിരുന്നു. അതു തന്നെയാണ് ഇപ്പോഴും നിലപാടെന്ന് അറിയിച്ചു.

ഐക്യരാഷ്ട്രസഭയുടെ നിലപാട് ഇന്ത്യന്‍ നിലപാടിനുള്ള അംഗീകാരമായി. പുറമേ നിന്നുള്ള ഇടപെടല്‍ കാശ്മീര്‍ തര്‍ക്കത്തില്‍ വേണ്ടെന്നുള്ളതാണ് ഇന്ത്യന്‍ നയം. ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാന്‍ കാശ്മീര്‍ തര്‍ക്കം ഉന്നയിക്കാറുണ്ടെങ്കിലും ഇന്ത്യ ഇത് ആഭ്യന്തര തര്‍ക്കമാണെന്ന നിലപാടാണ് സ്വീകരിക്കാറുള്ളത്.

Latest