Connect with us

International

ബുക്കര്‍ പുരസ്‌കാരം റിച്ചാര്‍ഡ് ഫ്ളാനഗന്

Published

|

Last Updated

ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം ഓസ്‌ട്രേലിയന്‍ എഴുത്തുകാരനായ റിച്ചാര്‍ഡ് ഫ്ളാനഗന്. “ദി നാരോ റോഡ് ടു ദ ഡീപ്” എന്ന നോവലിനാണ് പുരരസ്‌കാരം. രണ്ടാം ലോകമഹായുദ്ധം പ്രമേയമാക്കിയുള്ളതാണ് നോവല്‍. മനുഷ്യന്റെ സഹനവും പ്രണയവും സൗഹൃദവും പങ്കുവയ്ക്കുന്ന അനുഭവമാണ് നോവലെന്ന് ജൂറി അഭിപ്രായപ്പെട്ടു.

ജപ്പാനിലെ ജയിലുകളില്‍ രണ്ടാം ലോകയുദ്ധ കാലത്ത് യുദ്ധത്തടവുകാര്‍ അനുഭവിച്ച പീഡനമാണ് നോവലിന്റെ പ്രതിപാദ്യം. അമ്പത്തിമൂന്നുകാരനായ ഫ്ളാനഗന്റെ ആറാമത്തെ നോവലാണിത്. ബുക്കര്‍ പ്രൈസ് നേടുന്ന മൂന്നാമത്തെ ഓസ്‌ട്രേലിയക്കാരനാണ് അദ്ദേഹം. ഇന്ത്യക്കാരനായ നീല്‍ മുഖര്‍ജിയുടെ “ദ ലൈവ്‌സ് ഓഫ് അദേഴ്‌സ്” ഉള്‍പ്പെടെ ആറ് കൃതികളാണ് സാധ്യതാപട്ടികയിലുണ്ടായിരുന്നത്.
കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലേയും യുകെ, അയര്‍ലന്റ് എന്നീ രാജ്യങ്ങളിലേയും എഴുത്തുകാര്‍ക്കായിരുന്നു മാന്‍ ബുക്കര്‍ പ്രൈസ് നല്‍കിയിരുന്നത്. എന്നാല്‍ ഇത്തവണ മുതല്‍ എല്ലാ രാജ്യത്തേയും ഇംഗ്ലീഷില്‍ എഴുതുന്നവര്‍ക്ക് പുരസ്‌കാരത്തിന് പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നു. അന്‍പതിനായിരം പൗണ്ടാണ് ( ഏകദേശം 48 ലക്ഷം രൂപ ) സമ്മാനത്തുക.

Latest