Connect with us

National

ഹുദ്ഹുദ്: 70,000 കോടിയുടെ നഷ്ടം

Published

|

Last Updated

വിശാഖപട്ടണം: ഹുദ്ഹുദ് ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് പ്രാഥമിക വിവരങ്ങളനുസരിച്ച് 70,000 കോടി രൂപയുടെയെങ്കിലും നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ കൃത്യമായി തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാശനഷ്ടങ്ങള്‍ വിലയിരുത്താനുള്ള കേന്ദ്ര സംഘങ്ങള്‍ രണ്ട് ദിവസങ്ങള്‍ക്കകം സംസ്ഥാനത്തെത്തും.
വടക്കന്‍ തീരദേശ ജില്ലകളിലാണ് ചുഴലിക്കാറ്റ് ഏറെ നാശം വിതച്ചത്. സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തിക്കാന്‍ അധികൃതര്‍ എല്ലാ ശ്രമവും നടത്തുന്നുണ്ടെങ്കിലും ജനങ്ങള്‍ ഇപ്പോഴും ആശങ്കയിലാണ്. തകര്‍ന്ന് തരിപ്പണമായ വൈദ്യുതി-വാര്‍ത്താവിനിമയ ബന്ധങ്ങള്‍ ഇനിയും പൂര്‍ണമായി പുന:സ്ഥാപിച്ചിട്ടില്ലെന്ന് വിശാഖപട്ടണം കലക്ടറേറ്റില്‍ വാര്‍ത്താ ലേഖകരുമായി സംസാരിക്കവെ മുഖ്യമന്ത്രി നായിഡു പറഞ്ഞു. രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ പരിഗണന നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച വിശാഖപട്ടണം സന്ദര്‍ശിച്ചിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടക്കാലാശ്വാസമായി 1,000 കോടി രൂപ പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപാവീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സാരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും അനുവദിച്ചു.
ശ്രീകാകുളം, വിഴിനഗരം, വിശാഖപട്ടണം എന്നീ ജില്ലകളുടെ പല ഭാഗങ്ങളും ഇപ്പോഴും ഇരുട്ടിലാണ്. ആയിരക്കണക്കിന് വൃക്ഷങ്ങള്‍ കടപുഴകി വീണിട്ടുണ്ട്. ഇലക്ട്രിക് പോസ്റ്റുകളും നിലംപൊത്തി. വൈദ്യുതി ഇല്ലാത്തതിനാല്‍ കുടിവെള്ളം പമ്പ് ചെയ്യാനാകാത്ത അവസ്ഥയുണ്ട്. കുടിവെള്ളത്തിന് കടുത്ത ക്ഷാമമുണ്ട്.
വിശാഖപട്ടണത്തെ എല്ലാപ്രധാന വ്യവസായ യൂനിറ്റുകളും ചുഴലിക്കാറ്റിനെ തുടര്‍ന്ന് അടഞ്ഞുകിടക്കുകയാണ്. ഇവ പ്രവര്‍ത്തനക്ഷമമാകണമെങ്കില്‍ ഇനിയും ഒരാഴ്ച പിടിക്കും. ഉത്പാദന നഷ്ടത്തിന് പുറമെ വ്യവസായ ശാലക്കുണ്ടായ നഷ്ടം തിട്ടപ്പെടുത്താന്‍ ആഴ്ചകള്‍ തന്നെ എടുക്കും.
രാഷ്ട്രീയ ഇസ്പാത് നിഗാം ലിമിറ്റഡ്, വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റ് എന്നിവ അടച്ചിട്ട നിലയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സ്ഥാപനങ്ങള്‍ക്ക് 700 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി മുഖ്യമന്ത്രി നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചു. ഒരു പ്രതിരോധ മന്ത്രാലയ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഷിപ്പ്‌യാര്‍ഡ് ചുഴലിക്കാറ്റില്‍ കനത്ത നാശത്തിനിരയായി. ഇവിടെ വാര്‍ത്താ വിനിമയ സംവിധാനമാകെ താറുമാറായിട്ടുണ്ട്.

Latest