Connect with us

Kerala

റബ്ബറിന്റെ സംഭരണ വില അഞ്ച് രൂപ വര്‍ധിപ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം: റബ്ബര്‍ വിലയിടിവിനെ തുടര്‍ന്ന് പൊതുവിപണിയിലെ വിലയേക്കാള്‍ അഞ്ച് രൂപ കൂടുതല്‍ നല്‍കി റബ്ബര്‍ സംഭരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നേരത്തെ രണ്ട് രൂപ അധികം നല്‍കി റബ്ബര്‍ സംഭരിക്കാനായിരുന്നു തീരുമാനം. വില വീണ്ടും ഇടിഞ്ഞ സാഹചര്യത്തിലാണ് താങ്ങുവില അഞ്ച് രൂപ കൂട്ടാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റബ്ബര്‍ വിലത്തകര്‍ച്ചയെ തുടര്‍ന്ന് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയേയും കൃഷി മന്ത്രിയേയും നേരിട്ട് കണ്ട് അറിയിക്കാനും സംസ്ഥാനത്തിന്റെ മറ്റു പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും മുഖ്യമന്ത്രിയും ഏഴു മന്ത്രിമാരും ഇന്ന് ഡല്‍ഹിക്ക് തിരിക്കും.
ധനമന്ത്രി കെ എം മാണി, റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്, വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ്, തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍, ഗതാഗത-സ്‌പോര്‍ട്‌സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എക്‌സൈസ് മന്ത്രി കെ ബാബു, ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ എന്നീ മന്ത്രിമാരാണ് മുഖ്യമന്ത്രിയെ അനുഗമിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര കൃഷിമന്ത്രി, മാനവ വിഭവശേഷി മന്ത്രി, പരിസ്ഥിതി മന്ത്രി എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തും. റബ്ബര്‍ പ്രതിസന്ധി പരിഹരിക്കുക എന്നതാണ് സംഘത്തിന്റെ പ്രധാന ആവശ്യം. ഇതുകൂടാതെ, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ ഗ്രീന്‍ ട്രൈബ്യൂണല്‍ അംഗീകരിച്ച സാഹചര്യത്തില്‍ ഇത് സംബന്ധിച്ച അന്തിമ വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുക, തീരദേശ പരിപാലന നിയമത്തില്‍ ഇളവ് വരുത്തുക തുടങ്ങിയ ആവശ്യങ്ങളും കേന്ദ്രത്തെ ധരിപ്പിക്കും. സി ആര്‍ ഇസെഡ് സംബന്ധിച്ച് കേന്ദ്രത്തില്‍ നിന്നെത്തിയ സംഘം സംസ്ഥാനത്തെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കേന്ദ്ര കമ്മിറ്റി ഇതിനകം മന്ത്രാലയത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശ പരിപാലന നിയമത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ട ഇളവുകള്‍ നല്‍കണമെന്ന് പരിസ്ഥിതി മന്ത്രാലത്തെ അറിയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Latest