Connect with us

National

മഹാരാഷ്ട്രാ മുഖ്യമന്ത്രിപദത്തിന് ബി ജെ പിയില്‍ ചരടുവലി തുടങ്ങി

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ ബി ജെ പി വ്യക്തമായ മുന്‍തൂക്കം നേടുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, മുഖ്യമന്ത്രി പദത്തിന് വേണ്ടിയുള്ള ചരടുവലികള്‍ ശക്തം. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ സര്‍ക്കാര്‍ അധികാരമേറ്റ് ഒരാഴ്ചക്കിടെ കാറപകടത്തില്‍ മരിച്ച മുതിര്‍ന്ന ബി ജെ പി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെ മുഖ്യമന്ത്രിപദ മോഹം തുറന്നുപറഞ്ഞു. പദവിക്കായുള്ള മത്സരത്തില്‍ മുന്നണിപ്പോരാളികളെന്നോ പിന്നണിയെന്നോ വ്യത്യാസമില്ലെന്ന് സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
മുഖ്യമന്ത്രി പദവി നേടുന്നതിന് പൊതുവികാരം തനിക്കൊപ്പമെന്നായിരുന്നു പങ്കജയുടെ പ്രസ്താവന. ബീഡ് ജില്ലയിലെ പര്‍ളി മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. എന്നാല്‍ മുഖ്യമന്ത്ര പദത്തിനുള്ള അവകാശവാദമുന്നയിക്കലല്ല ഇതെന്നും ആ സ്ഥാനത്തെത്തിയാല്‍ എന്തൊക്കെ സംഭാവന ചെയ്യാനാകുമെന്ന് പറയുകയുമായിരുന്നു താനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുണ്ടെ സാഹിബ് മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങള്‍ക്കിടയില്‍ ശക്തമായ അഭിപ്രായമുണ്ടായിരുന്നു. ചിലപ്പോള്‍, അദ്ദേഹത്തിന്റെ അനുഗ്രാഹിശിസ്സുകള്‍ എനിക്കുണ്ടാകും. പൊതുവികാരവും സമാനമാണ്. എന്നാല്‍ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് അവകാശവാദമുന്നയിക്കുന്നില്ല. അവര്‍ പറഞ്ഞു.
മുഖ്യമന്ത്രിപദ വിഷയത്തില്‍ എല്ലാവരും സമന്‍മാരാണെന്നും നിയമസഭാ പാര്‍ട്ടിയും പാര്‍ലിമെന്ററി ബോര്‍ഡുമാണ് ഇക്കാര്യത്തില്‍ തീരുമാനം കൈകൊള്ളുകയെന്നും ദേവേന്ദ്ര ഫെഡ്‌നാവിസ് പറഞ്ഞു. ഫഡ്‌നാവിസിന് ആണ് പലരും സാധ്യത കല്‍പ്പിക്കുന്നത്. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ശക്തമായ പിന്തുണയുള്ളയാളാണ് ഫഡ്‌നാവിസ്.

---- facebook comment plugin here -----

Latest