Connect with us

Oddnews

കാശ്മീര്‍ പ്രളയം മേഘയ്ക്ക് അനുഗ്രഹമായി

Published

|

Last Updated

ശ്രീനഗര്‍: കാശ്മീരിനെ ദുരിതത്തിലാഴ്ത്തിയ വെളളപ്പൊക്കം മുംബൈ സ്വദേശിയായ ആറു വയസ്സുകാരിയായ മേഘയ്ക്കും കുടുംബത്തിനും അനുഗ്രഹമായി. ഒരു വര്‍ഷം മുമ്പ് മേഘയെ ബാന്ദ്രയിലെ വീട്ടില്‍ നിന്ന് ഒരാള്‍ തട്ടിക്കൊണ്ടുപോയിരുന്നു.പല സംസ്ഥാനങ്ങളിലായി ഭിക്ഷാടന മാഫിയ മേഘയ്‌ക്കൊണ്ട് ഭിക്ഷയെടുപ്പിച്ചു. എന്നാല്‍ കാശ്മീരിലെത്തിയപ്പോഴാണ് വെള്ളപ്പൊക്കമുണ്ടായത്. അവിടെ അവര്‍ അവളെ ഉപേക്ഷിച്ചു. ഇതു വീട്ടുകാരിലേക്കെത്താനുള്ള മേഘയുടെ ആഗ്രഹ സഫലീകരണത്തിന് കാരണമായി.
കഴിഞ്ഞ ജൂണിലാണ് മേഘയെ തട്ടക്കൊണ്ടുപോയത്. വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഭിക്ഷാടന മാഫിയ പശ്ചിമ ബംഗാളും ഉത്തര്‍ പ്രദേശും അടക്കമുള്ള സംസ്ഥാനങ്ങളില്‍ കുട്ടിയെക്കൊണ്ട് ഭിക്ഷയെടുപ്പിച്ചു. ഇങ്ങനെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര അവസാനം എത്തിപ്പെട്ടത് കാശ്മീരിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ ആദ്യവാരം ഉണ്ടായ വെള്ളപ്പൊക്കത്തില്‍ മേഘയെ ഒരു മത പഠനശാലയ്ക്ക് മുന്നില്‍ ഉപേക്ഷിച്ച് ഭിക്ഷാടന മാഫിയ രക്ഷപ്പെട്ടു.
ഇതോടെ ദുരിതത്തിലായ മേഘ ഒരു ദര്‍ഗയ്ക്ക് സമീപം വിശന്നുകരയുന്നത് അബ്ദുല്‍ റഷീദ് ഷെയ്ഖ് എന്നയാള്‍ കണ്ടു. പേരും മറ്റുവിവരങ്ങളും ചോദിച്ചെങ്കിലും കുട്ടി കരയുകയായിരുന്നു. റഷീദ് കുട്ടിക്ക് ഭക്ഷണം കൊടുത്തു. പേരും വിലാസവും ചോദിച്ചറിഞ്ഞു. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ മറ്റൊരു സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു. എന്നാല്‍ റഷീദ് കുട്ടിയെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. റഷീദിന്റെ രണ്ട് പെണ്‍മക്കള്‍ക്കൊപ്പം വളര്‍ത്തി. ട്രാവല്‍ ഏജന്‍സി നടത്തുന്ന അബ്ദുല്‍ റഷീദിന്റെ ബന്ധുവായ ഷെയ്ഖ് പര്‍വേശിന്റെ നിര്‍ദേശാനുസരണം മേഘയുടെ വിവരങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്തു. ഫെയ്‌സ്ബുക്കില്‍ വിവരം കണ്ട് അന്വേഷണം വ്യാപിച്ചു. മേഘയുടെ മാതാപിതാക്കള്‍ ഒരു വര്‍ഷം മുമ്പ് നല്‍കിയ പരാതിയുമായി വിവരങ്ങള്‍ ഒത്തുവന്നതോടെ പൊലീസ് മാതാപിതാക്കളെ വിവരം അറിയിച്ചു. മേഘയുടെ മുത്തച്ഛന്‍ രമേഷ് മദന്‍ ടാക്കൂര്‍ ശ്രീനഗറിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. മേഘയ്ക്കായി അനേവഷണവും പ്രാര്‍ത്ഥനയുമായി കഴിഞ്ഞിരുന്ന കുടുംബത്തില്‍ കുട്ടി തിരിച്ചെത്തിയതോടെ ആഘോഷമായി.

 

Latest