Connect with us

Ongoing News

ഫുട്‌ബോളിനോട് എന്നും ആവേശം : അഭിഷേക് ബച്ചന്‍

Published

|

Last Updated

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ആവേശമായി മാറുന്നത് ഒരു പറ്റം ബോളിവുഡ് നടന്‍മാരാണ്. അതില്‍ തന്നെ, ഏറ്റവും ആവേശകരമാകുന്നത് അഭിഷേക് ബച്ചനും. ടീം ഏതായാലും അമിതാഭ് ബച്ചന്റെ മകന് വേര്‍തിരിവില്ല. ഫുട്‌ബോള്‍ മികച്ചതാകണം എന്ന് മാത്രം. ഐ എസ് എല്ലില്‍ ഏറ്റവും അവസാനം ചേര്‍ന്ന ടീം ചെന്നൈയിന്‍ എഫ് സിയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി സഹ ഉടമയായിട്ടുണ്ടെങ്കിലും അഭിഷേക് തന്നെയാണ് ഓടി നടക്കുന്നത്. ബ്രസീല്‍ താരം റൊണാള്‍ഡീഞ്ഞോയെ ടീമിലെത്തിക്കാന്‍ റോമിലേക്ക് പോയതും അഭിഷേക് തന്നെ. ഐ എസ് എല്ലിനെയും ചെന്നൈയിന്‍ എഫ് സിയെയും കുറിച്ച് അഭിഷേക് മനസ് തുറക്കുന്നു.
അവസാന നിമിഷമാണ് ചെന്നൈയിന്‍ എഫ് സി രൂപപ്പെട്ടത്, ടീമിന്റെ ഒരുക്കത്തില്‍ സന്തോഷവാനാണോ?
തീര്‍ച്ചയായും. പൊരുതി നില്‍ക്കാന്‍ പോന്ന നിര തന്നെയാണിത്. മാര്‍കോ മറ്റെരാസിയുടെ ആവശ്യാര്‍ഥം ഓരോ പൊസിഷനിലേക്കും മികച്ച കളിക്കാരെ തന്നെയാണ് ടീം സ്വന്തമാക്കിയത്.

ചെല്‍സിയുടെ വലിയ ആരാധകനാണല്ലോ. ഭാവിയില്‍ ചെല്‍സിയുമായി ചെന്നൈയിന്‍ എഫ് സിയെ ബന്ധപ്പെടുത്തുമോ?
വിദേശ ക്ലബ്ബുമായുള്ള സഹകരണം ഞങ്ങള്‍ ഇഷ്ടപ്പെടുന്നു. പ്രത്യേക ക്ലബ്ബൊന്നുമില്ല, യൂറോപ്പിലെ ഏത് ടീമുമായും സഹകരിക്കാന്‍ തയ്യാറാണ്. അത് സാങ്കേതിക സഹകരണത്തിന് വേണ്ടിയാകും. ബ്രാന്‍ഡ് എന്ന നിലയില്‍ ചെന്നൈയിന്‍ എഫ് സി വേറിട്ടു നില്‍ക്കുന്നതിനോടാണ് യോജിപ്പ്.

മാര്‍കോ മറ്റെരാസി പറയുന്നു ചെന്നൈ മികച്ച ടീമാണെന്ന്. താങ്കള്‍ കൊല്‍ക്കത്തയില്‍ ഉദ്ഘാടന മത്സരം കാണാനുണ്ടായിരുന്നു. ഓരോ ടീമിനെയും കുറിച്ച് ധാരണ ലഭിച്ചിട്ടുണ്ടാകും. ചെന്നൈയിന്‍ എഫ് സി മികച്ച ടീമാണെന്ന് വിശ്വസിക്കുന്നുണ്ടോ?
മികച്ച ടീമാണ് തന്റെതെന്ന് വിശ്വാസമുണ്ട്. എന്നാല്‍, ഓരോ ടീമിനെ കുറിച്ചും നേരത്തെ വിലയിരുത്തലുണ്ടാകുന്നതിനോട് യോജിപ്പില്ല. മൂന്നാഴ്ച പിന്നിടുമ്പോള്‍ ചിത്രം കുറേക്കൂടി വ്യക്തമാകും.

ചെന്നൈയിന്‍ എഫ് സിക്കായി എത്ര സമയം ചെലവഴിക്കും?
മുഴുവന്‍ സമയവും ചെലവഴിക്കാന്‍ തയ്യാറാണ്.

ബോളിവുഡ് താരങ്ങള്‍ ഐ എസ് എല്ലിന്റെ പ്രധാന ഘടകമായിരിക്കുന്നു. എന്ത് തോന്നുന്നു?
സെലിബ്രിറ്റികള്‍ക്ക് ടൂര്‍ണമെന്റിന്റെ പ്രചാരം വര്‍ധിപ്പിക്കാന്‍ സാധിക്കും. ഫുട്‌ബോളിനോട് ആവേശമുള്ള ബോളിവുഡ് പ്രതിനിധികളാണ് ഐ എസ് എല്ലില്‍ ഉള്ളത്. ഈ കായിക ഇനത്തെ ആദ്യം ഇഷ്ടപ്പെടണം.

ബാല്യകാലത്ത് ഫുട്‌ബോളിനോടുള്ള താത്പര്യത്തെ കുറിച്ച്?
നന്നെ ചെറിയ പ്രായത്തില്‍ തന്നെ പിതാവ് ബ്രസീലിയന്‍ ഫുട്‌ബോള്‍ എനിക്ക് പരിചയപ്പെടുത്തി തന്നു. 1982 ലോകകപ്പ് മുതല്‍ക്ക് ഞാന്‍ ബ്രസീല്‍ ടീമിന്റെ ആരാധകനാണ്.

---- facebook comment plugin here -----

Latest