Connect with us

National

രാമക്ഷേത്ര നിര്‍മാണത്തിന് 2019 വരെ സമയം: ആര്‍ എസ് എസ്

Published

|

Last Updated

ലക്‌നോ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് 2019 വരെ യഥേഷ്ടം സമയമുണ്ടെന്ന് ആര്‍ എസ് എസ്. സ്വന്തം മുന്‍ഗണനാ ക്രമങ്ങളനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക. 2019 വരെ യഥേഷ്ടം സമയമുണ്ട്. ആര്‍ എസ് എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹൊസബാലെ പറഞ്ഞു. ലക്‌നോയില്‍ നടക്കുന്ന ആര്‍ എസ് എസിന്റെ അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ യോഗത്തിന്റെ ആദ്യ ദിവസം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഹൊസബാലെ.
രാജ്യത്തിന്റെ അജന്‍ഡയില്‍ പെട്ടതാണ് രാമക്ഷേത്രം. ദേശീയ താത്പര്യമാണ് അത്. രാമക്ഷേത്രം നിര്‍മിക്കണമെന്ന വിഷയത്തില്‍ വി എച്ച് പിയുടെയും മറ്റുള്ളവരുടെയും നിലപാടിനെ പിന്തുണച്ചിട്ടുണ്ട്. കേവല ഭൂരിപക്ഷത്തോടെ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ നിയമ നിര്‍മാണത്തിലൂടെ രാമ ക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിക്കുമെന്ന ബി ജെ പിയുടെ നിലപാട് അനുസരിച്ച് ആര്‍ എസ് എസ് അത് വീണ്ടും ഉന്നയിക്കുമോയെന്ന ചോദ്യത്തിന്, രാമ ക്ഷേത്ര വിഷയം തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉണ്ടെന്നായിരുന്നു മറുപടി. അല്‍ ഖാഇദ, ഇസിസ് തുടങ്ങിയ സംഘടനകളുടെ ഭീഷണിയെ സംബന്ധിച്ച് ചോദിച്ചപ്പോള്‍, യോഗം അത് വിശദമായി ചര്‍ച്ച ചെയ്യുമെന്ന് മറുപടി നല്‍കി. ലൗ ജിഹാദ് വിഷയത്തിലെ ചോദ്യത്തിന്, കഴിഞ്ഞ പത്ത് വര്‍ഷമായി അത് ഒരുപാട് ചര്‍ച്ച ചെയ്തിട്ടുണ്ടെന്നായിരുന്നു മറുപടി.
സാമ്പത്തിക, രാഷ്ട്രീയ പ്രമേയങ്ങള്‍ സമ്മേളനത്തില്‍ പാസ്സാക്കുമോയെന്ന് ചോദിച്ചപ്പോള്‍, പുതിയ സര്‍ക്കാര്‍ ഈയടുത്ത് രൂപവത്കരിക്കപ്പെട്ടതാണെന്നും ആദ്യം പ്രകടനം വിലയിരുത്തട്ടേയെന്നും ഹൊസബാലെ മറുപടി നല്‍കി. ജമ്മു കാശ്മീര്‍, ആന്ധ്രാ പ്രദേശ്, മേഘാലയ എന്നിവിടങ്ങളിലെ പ്രകൃതി ദുരന്ത മുഖത്ത് പ്രവര്‍ത്തകര്‍ സജീവമായി രക്ഷാപ്രവര്‍ത്തനത്തിന് ഉണ്ടായിരുന്നെന്ന് ഹൊസബാലെ അവകാശപ്പെട്ടു. കൂടുതല്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട മേഖലകള്‍ വിശദമായി ചര്‍ച്ച ചെയ്യും. വര്‍ഷം 20 ശതമാനം അധികം പേര്‍ സംഘടനയിലേക്കെത്തുന്നുണ്ടെന്നും ഈ വര്‍ഷം ഒന്നേകാല്‍ ലക്ഷം പേര്‍ പ്രാഥമിക ട്രെയിനിംഗ് പരിപാടിയില്‍ പങ്കെടുത്തെന്നും ഹൊസബാലെ പറഞ്ഞു. മൂന്ന് ദിവസമാണ് സമ്മേളനം.

---- facebook comment plugin here -----

Latest