Connect with us

Ongoing News

ഡീസല്‍ വില നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ നീക്കി

Published

|

Last Updated

ന്യൂഡല്‍ഹി: ഡീസല്‍ വിലനിയന്ത്രണം നീക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. വന്‍ ജനകീയ പ്രതിരോധത്തെ തുടര്‍ന്ന് മുന്‍ സര്‍ക്കാര്‍ മാറ്റിവെച്ച തീരുമാനമാണ് എന്‍ ഡി എ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് എണ്ണ കമ്പനികള്‍ക്ക് ഇനി വില നിര്‍ണയിക്കാനാകും. ക്രൂഡ് വിപണി വിലക്കനുസരിച്ച് ഡീസല്‍ വില നിശ്ചയിക്കാനുള്ള അധികാരം എണ്ണ കമ്പനികള്‍ക്ക് നല്‍കുന്ന വ്യവസ്ഥകള്‍ അടങ്ങിയ ശിപാര്‍ശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.
ഡീസല്‍ വില നിര്‍ണയത്തില്‍ സര്‍ക്കാര്‍ ഇടപെടുന്ന സംവിധാനം അവസാനിപ്പിച്ചുവെന്നും അന്താരാഷ്ട്ര ചലനങ്ങള്‍ക്കനുസരിച്ച് ഇനി വില നിര്‍ണയിക്കപ്പെടുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. നവംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരുന്ന പുതിയ പാചകവാതക നയവും അദ്ദേഹം പ്രഖ്യാപിച്ചു. പുതിയ നയം അനുസരിച്ച് പാചകവാതക വില വര്‍ഷത്തില്‍ രണ്ട് തവണ പുതുക്കി നിശ്ചയിക്കും. പാചകവാതക സബ്‌സിഡി ബേങ്കുകള്‍ വഴി നല്‍കുന്ന പദ്ധതി പുതിയ രീതിയില്‍ അവതരിപ്പിക്കുമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ ജെയ്റ്റ്‌ലി പറഞ്ഞു. പാചകവാതക സബ്‌സിഡി നേരിട്ട് നല്‍കുന്ന പദ്ധതി 54 ജില്ലകളില്‍ നവംബര്‍ പത്ത് മുതല്‍ 2015 ജനുവരി ഒന്ന് വരെ നടപ്പാക്കും. ജന്‍ധന്‍ യോജനയുടെ ഭാഗമായി രാജ്യത്താകെ 6.02 കോടി ബേങ്ക് അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. ഈ അക്കൗണ്ടുകാര്‍ക്കെല്ലാം നേരിട്ട് സബ്‌സിഡി നല്‍കുകയാണ് ലക്ഷ്യം. ആധാറോ ബേങ്ക് അക്കൗണ്ടോ ഇല്ലാത്തവര്‍ക്ക് കുറച്ച് കാലം കൂടി മുന്‍ രീതി തുടരുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന കടുത്ത സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ ഭാഗമായാണ് ഡിസല്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞത്. സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ തന്നെ ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്ന് ആശങ്കപ്പെട്ടിരുന്നു. എന്നാല്‍, മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ തീരുമാനം നീട്ടിവെക്കുകയായിരുന്നു. മാസം തോറും ഡീസലിന്റെ വില ലിറ്ററിന് അമ്പത് പൈസ വര്‍ധിപ്പിക്കുന്ന യു പി എ സര്‍ക്കാറിന്റെ നയം എന്‍ ഡി എ സര്‍ക്കാറും തുടര്‍ന്നു വരികയായിരുന്നു. ഡീസല്‍ സബ്‌സിഡി പടിപടിയായി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി, എണ്ണ കമ്പനികളുടെ നഷ്ടം നികത്താനെന്ന പേരിലായിരുന്നു ഈ സംവിധാനം. ഈ നടപടിയിലൂടെ ഡീസല്‍ വില്‍പ്പനയില്‍ എണ്ണ കമ്പനികളുടെ നഷ്ടം നികന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. സെപ്തംബര്‍ പകുതി മുതല്‍ എണ്ണക്കമ്പനികള്‍ ലാഭത്തിലാണ്. ലാഭം ലിറ്ററിന് 3.56 രൂപ വരുമെന്നാണ് കണക്ക്. ആ നിലക്ക് ഇപ്പോള്‍ വില കുറക്കുന്നത് എണ്ണക്കമ്പനികളുടെ ലാഭത്തില്‍ കുറവ് വരുത്തില്ലെന്നാണ് വിലയിരുത്തല്‍.
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില താഴ്ന്ന സാഹചര്യത്തിലും പണപ്പെരുപ്പം അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ എത്തിയ സാഹചര്യത്തിലും ഡീസല്‍ വില നിയന്ത്രണം എടുത്തുകളയാനുള്ള ഏറ്റവും അനുയോജ്യമായ സമയമിതാണെന്ന് റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ഉപദേശിച്ചിരുന്നു.
2002 ഏപ്രിലില്‍ അന്നത്തെ എന്‍ ഡി എ സര്‍ക്കാര്‍ ഡീസലിന്റെ വിലനിയന്ത്രണം നീക്കിയിരുന്നു. എന്നാല്‍, 2004 ആദ്യ പാദത്തില്‍ അന്താരാഷ്ട്ര വില കുത്തനെ കൂടുകയും അത് ആഭ്യന്തര വിപണിയില്‍ വന്‍ വിലക്കയറ്റം സൃഷ്ടിക്കുകയും ചെയ്തതോടെ വിലനിയന്ത്രണം തിരിച്ചു കൊണ്ടുവരാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. പിന്നീട് വന്ന യു പി എ സര്‍ക്കാറും വില നിയന്ത്രണം തുടര്‍ന്നു. എന്നാല്‍, 2010 ജനുവരിയില്‍ യു പി എ സര്‍ക്കാര്‍ പെട്രോളിന്റെ വില നിയന്ത്രണം എടുത്തു കളയുകയും ഡീസലിന് പ്രതിമാസം അമ്പത് പൈസ വര്‍ധിപ്പിക്കുന്ന സംവിധാനം കൊണ്ടു വരികയും ചെയ്തു.
ഡീസല്‍ വിലനിയന്ത്രണം നീക്കുന്നതോടെ സബ്ഡിഡി പൂര്‍ണമായി അവസാനിക്കും. അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ധിക്കുമ്പോള്‍ അതിന്റെ ആഘാതം നേരിട്ട് ആഭ്യന്തര വിപണിയില്‍ പ്രതിഫലിക്കുകയും ചെയ്യും. അന്താരാഷ്ട്ര വിപണിയില്‍ നിരന്തരം വില ഉയരുന്ന ഘട്ടത്തില്‍ ജനങ്ങളുടെ ചുമലില്‍ കടുത്ത ഭാരമാകും പതിക്കുക. മാത്രമല്ല, രാജ്യത്ത് വന്‍ വിലക്കയറ്റത്തിന് ഇത് കാരണമാകുകയും ചെയ്യും.
ഈ വര്‍ഷം ക്രൂഡ് വിലയില്‍ 25 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. എന്നാല്‍, ഇത് താത്കാലികമായ പ്രതിഭാസമാണെന്നും ആറ് മാസത്തിനകം വില ഉയരാനിടയുണ്ടെന്നുമാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഒപെക് രാജ്യങ്ങള്‍ വില ഒരു പരിധിക്കപ്പുറം താഴേക്ക് പോകുന്നത് തടയാന്‍ തന്ത്രങ്ങളാവിഷ്‌കരിക്കും.