Connect with us

National

വിവരം പരസ്യമാക്കല്‍: സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: കള്ളപ്പണ വിഷയത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ്. 1995ല്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജര്‍മനിയുമായി ഒപ്പു വെച്ച കരാര്‍ ഇക്കാര്യത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ തടസ്സമാകുന്നുവെന്ന എന്‍ ഡി എ സര്‍ക്കാറിന്റെ വാദം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് എ ഐ സി സി കമ്യൂനിക്കേഷന്‍ വിഭാഗം തലവന്‍ അജയ് മാക്കന്‍ പറഞ്ഞു. മുന്‍ എന്‍ ഡി എ സര്‍ക്കാറിന്റെ കാലത്ത് കൊണ്ടു വന്ന ഇരട്ട നികുതി തടയല്‍ കരാറിലും സമാന വ്യവസ്ഥകളുണ്ടായിരുന്നുവെന്ന് മാക്കന്‍ പറഞ്ഞു. യു പി എ സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്ന ബി ജെ പിക്ക് അവര്‍ ഭരിച്ചപ്പോള്‍ രഹസ്യം സൂക്ഷിക്കല്‍ വ്യവസ്ഥ എടുത്തു കളയമായിരുന്നില്ലെ എന്ന് അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒപ്പു വെച്ച കരാറുകളാണ് കള്ളപ്പണം സൂക്ഷിച്ചവരുടെ പേര് വെളിപ്പെടുത്തുന്നതിന് തടസ്സമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആരോപിച്ചിരുന്നു.
ഭരണത്തിലെത്തിയാല്‍ നൂറ് ദിവസത്തിനകം വിദേശ ബേങ്കുകളില്‍ സൂക്ഷിച്ച മുഴുവന്‍ കള്ളപ്പണവും രാജ്യത്തെത്തിക്കുമെന്നായിരുന്നു ഇന്നത്തെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ചിരുന്നതെന്ന് മാക്കന്‍ പറഞ്ഞു. നരേന്ദ്ര മോദിയും ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. ബി ജെ പി തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ശക്തമായി ഉയര്‍ത്തിയ വിഷയമായിരുന്നു ഇതെന്നും മാക്കന്‍ ചൂണ്ടിക്കാട്ടി.

---- facebook comment plugin here -----

Latest