Connect with us

National

അസ്തമിക്കുമോ കോണ്‍ഗ്രസ്?

Published

|

Last Updated

ന്യൂഡല്‍ഹി: “കോണ്‍ഗ്രസ് മുക്ത ഭാരത”മെന്ന നരേന്ദ്ര മോദിയുട മുദ്രാവാക്യത്തിന്റെ പുലര്‍ച്ചകളാണോ നടന്നുകൊണ്ടിരിക്കുന്നത് എന്ന ഭയത്തിലാണ് ജനാധിപത്യ, മതേതരത്വ വിശ്വാസികള്‍. കുടുംബവാഴ്ചയും അഴിമതി ഭരണവും കോണ്‍ഗ്രസി ശരശയ്യയിലായിരിക്കുന്നു. കേന്ദ്രത്തില്‍ ഭരണം നഷ്ടപ്പെട്ടതിന് പുറമെ, ഹരിയാനയിലും മഹാരാഷ്ട്രയിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ആ പാര്‍ട്ടി ഊര്‍ധ്വന്‍ വലിക്കുകയാണെന്നതിന് തെളിവാണ്.
നിലവില്‍ കേരളമടക്കം ഒമ്പത് സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് ഭരണമുള്ളത്. പാര്‍ലിമെന്റില്‍ 44 അംഗങ്ങള്‍ മാത്രവും. കര്‍ണാടകയും കേരളവും അസമുമാണ് കോണ്‍ഗ്രസിന് ഏറെക്കുറെ സ്ഥിരഭരണം നല്‍കുന്നത്. അവിടെത്തന്നെ സഖ്യകക്ഷികളുടെ ഭീഷണിയും ബി ജെ പി- ആര്‍ എസ് എസ് കൂട്ടുകെട്ടും വെല്ലുവിളിയുയര്‍ത്തുന്നുമുണ്ട്. കോണ്‍ഗ്രസ് ബലഹീനമാകുന്നിടത്തൊക്കെ ബി ജെ പി- ആര്‍ എസ് എസ് കൂട്ടുകെട്ട് അതിക്രമിച്ച് കയറുന്നതാണ് ദേശീയ രാഷ്ട്രീയം നല്‍കുന്ന സൂചന.
പ്രധാന അവയവങ്ങളൊക്കെ നശിച്ച് അതീവ ഗുരുതരാവസ്ഥയിലാണ് കോണ്‍ഗ്രസ്. നേതൃരാഹിത്യമാണ് പ്രധാന വെല്ലുവിളി. രാഹുല്‍ ഗാന്ധി നിരന്തരം പരാജയപ്പെടുന്നതിനാല്‍ മാറിച്ചിന്തിക്കാന്‍ നേതൃത്വം ഇനിയും അമാന്തം കാണിച്ചുകൂടാ. രാഷ്ട്രീയത്തിലെ കുടുംബവാഴ്ച പാര്‍ട്ടി നേതാക്കള്‍ പൊന്നുപോലെ സംരക്ഷിച്ചാലും ജനങ്ങള്‍ തിരസ്‌കരിച്ചുവെന്ന സാമാന്യ ബോധമെങ്കിലും ഉണ്ടാകേണ്ടിയിരിക്കുന്നു. തിരഞ്ഞെടുപ്പ് നടന്ന ഹരിയാനയിലും മഹാരാഷ്ട്രയിലും ശക്തമായ പ്രചാരണം നടത്താന്‍ പോലും കെല്‍പ്പില്ലാതെ സ്വന്തം ശവക്കുഴി തീര്‍ക്കുകയായിരുന്നു ഒരു കാലത്തെ രാഷ്ട്രീയ രംഗത്തെ അതികായന്‍.
ഝാര്‍ഖണ്ഡും ജമ്മു കാശ്മീരുമാണ് അടുത്ത തട്ടകം. വന്‍തോതില്‍ ഉത്തേജക മരുന്ന് കഴിച്ച് ബി ജെ പി എല്ലാ തന്ത്രങ്ങളും ഈ രണ്ട് സംസ്ഥാനങ്ങളിലും പയറ്റുന്നുണ്ട്. ഇവിടെയും പരാജയപ്പെട്ടാല്‍ പേരില്‍ മാത്രമാകും ഇനി കോണ്‍ഗ്രസ് ഉണ്ടാകുക. എന്നാല്‍ തിരിച്ചുവരവിന് ഇനിയും സമയമുണ്ട്. ഭരണത്തിലിരിക്കുമ്പോള്‍ മാത്രമല്ല, നേതാക്കള്‍ സജീവമാകേണ്ടത്. ഭരണമില്ലാതിരിക്കുമ്പോഴും സര്‍ക്കാറിന്റെ ജനദ്രോഹ നടപടികള്‍ ശക്തമായ തിരുത്താകേണ്ട ബാധ്യതയുണ്ടെന്ന പ്രാഥമിക പാഠം അനുവര്‍ത്തിക്കേണ്ടത് കോണ്‍ഗ്രസ് നേതാക്കളുടെ ചുമതലയാണ്.

Latest