Connect with us

Ongoing News

മലപ്പുറം വിറപ്പിച്ചു, ബ്രസീല്‍ കീഴടങ്ങിയില്ല

Published

|

Last Updated

ന്യൂഡല്‍ഹി: ബ്രസീലിനെ വിറപ്പിച്ച് മലപ്പുറം കിരീടമില്ലാ രാജാക്കന്‍മാരായി !!! സുബ്രതോ കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ , ബ്രസീലിയന്‍ ഫുട്‌ബോളിന്റെ പേരും പെരുമയുമായി വന്ന റിയോ ഡി ജനീറോ സെന്റ് ആന്റോണിയോ സ്‌കൂളിനെ അടിമുടി വിറപ്പിച്ച ശേഷം മലപ്പുറം എം എസ് പി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സഡന്‍ ഡെത്തില്‍ പരാജയം സമ്മതിച്ചു (7-6). നിശ്ചിത സമയത്തും അധിക സമയത്തും രണ്ട് വീതം ഗോളുകള്‍ നേടി സമനിലയിലാവുകയായിരുന്നു. തുടര്‍ന്നാണ് മത്സരം പെനല്‍റ്റിയിലേക്കും സഡന്‍ ഡെത്തിലേക്കും നീണ്ടത്.
നിശ്ചിത സമയത്ത് ഇഞ്ചുറി ടൈമിലായിരുന്നു ബ്രസീലിന്റെ സമനില ഗോള്‍. കിരീടം തെന്നിമാറിയത് സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ! 2012ല്‍ ഫൈനലിലെത്തിയെങ്കിലും ഉക്രൈനിലെ ഡൈനാമോ കീവിനോട് എം എസ് പി സ്‌കൂള്‍ തോറ്റുമടങ്ങുകയായിരുന്നു. ഇത്തവണ പക്ഷേ, ഗംഭീര പോരാട്ടം കാഴ്ചവെച്ചുവെന്നത് അഭിമാനകരം. ശാരീരിക ക്ഷമതയിലും ടെക്‌നിക്കിലും മുന്നിലുള്ള ബ്രസീല്‍ ടീമിനോട് അവസാനം വരെ പൊരുതിയാണ് തോല്‍വി സമ്മതിച്ചതെന്ന് എം എസ് പിയുടെ കരുത്താണ് വിളിച്ചറിയിച്ചത്. കേരളത്തിന്റെ എം എസ് സുജിത്താണ് ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ കീപ്പര്‍.
രണ്ട് തവണ മുന്നിലെത്തിയ ശേഷമാണ് മലപ്പുറം ബ്രസീല്‍ ടീമിനോട് കീഴടങ്ങിയത്. മാഹിന്‍ പി. ഹുസൈനാണ് മലപ്പുറത്തിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. കളിയുടെ തുടക്കം മുതല്‍ ബ്രസീലിന്റെ നിയന്ത്രണത്തിലായിരുന്നു പന്തെങ്കിലും കേരളമാണ് ഗോള്‍ നേടിയത്. ഫ്രീകിക്കില്‍ നിന്നാണ് കേരളത്തിന് വേണ്ടി മാഹിന്‍ ഗോള്‍ നേടിയത്.
രണ്ടാം പകുതിയിലാണ് മലപ്പുറം എം എസ് പിയുടെ രണ്ടാം ഗോള്‍ പിറന്നത്. ഈ ഗോളിന് തൊട്ടു പിന്നാലെ ബ്രസീലിന്റെ മറുപടി ഗോളും പിറന്നു. അവസാന നിമിഷത്തിലെ കൂട്ടപ്പൊരിച്ചിലിനിടെയാണ് ബ്രസീല്‍ സമനില ഗോള്‍ നേടിയത്. എക്‌സ്ട്രാ ടൈമിലും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഇരു ടീമുകളും നാല് വീതം ഗോളുകള്‍ നേടിയതോടെ മത്സരം സഡന്‍ ഡെത്തിലേക്ക് നീങ്ങുകയായിരുന്നു. സഡന്‍ഡെത്തിലെ ആദ്യ മത്സരം ബ്രസീല്‍ ഗോളാക്കിയപ്പോള്‍ മലപ്പുറത്തിന്റെ കിക്ക് ബ്രസീല്‍ ഗോളി തടുത്തിടുകയായിരുന്നു.പന്തടക്കത്തിലും മെയ്‌വഴക്കത്തിലും ബോള്‍ കണക്ടിംഗിലും അസാമാന്യ മികവ് കാണിച്ച ബ്രസീല്‍ ടീം തുടക്കം മുതല്‍ക്ക് ആധിപത്യം പുലര്‍ത്തി. പൊരുതാനുറച്ച് കളത്തിലെത്തിയ മലപ്പുറത്തിന്റെ ചുണക്കുട്ടികള്‍ അവസരം മുതലെടുക്കുവാന്‍ എതിരാളികളേക്കാള്‍ മിടുക്ക് കാണിച്ചപ്പോള്‍ 2-0ന് ലീഡെടുത്തു.
ഞെട്ടിക്കുന്നതായിരുന്നു ഈ ലീഡ്. ബ്രസീലിയന്‍ പ്രതിരോധം വരുത്തിയ പിഴവുകള്‍ ഗോളാക്കി മാറ്റി കേരള ടീം മത്സരം പിടിച്ചെടുത്തു. എന്നാല്‍, രണ്ടാം പകുതിയില്‍ എം എസ് പിയുടെ രണ്ടാം ഗോളിന് പിന്നാലെ തന്നെ ഗോളടിച്ച് ലീഡ് കുറച്ച ബ്രസീല്‍ തിരിച്ചുവരവിന്റെ സൂചന നല്‍കി. അവസാന മിനുട്ടുകളില്‍ നിരന്തരം ആക്രമിച്ചപ്പോള്‍ എം എസ് പിയുടെ പ്രതിരോധം സ്ഥാനം തെറ്റി. എന്നാല്‍, ഗോളി എം എസ് സുജിത് ഉഗ്രന്‍ ഫോമിലായിരുന്നു.
ഗോളിലേക്കിറങ്ങി വന്ന ലോംഗ് റേഞ്ചറുകള്‍ അടക്കം അരഡസന്‍ സുവര്‍ണാവസരങ്ങളാണ് സുജിത് ബ്രസീലിയന്‍ ടീമിന് നിഷേധിച്ചത്. രാജ്യാന്തര നിലവാരം പുലര്‍ത്തിയ സുജിത് ഷൂട്ടൗട്ടില്‍ ഒരു മനോഹരമായ രക്ഷപ്പെടുത്തലോടെ കേരള ടീമിന്റെ ആയുസ് സഡന്‍ ഡെത്തിലേക്ക് നീട്ടിയെടുക്കുകയും ചെയ്തു.