Connect with us

Eranakulam

കാശ്മീരിനായി ഫേസ്ബുക്ക് കൂട്ടായ്മ സമാഹരിച്ചത് 10,000 കിലോ ആട്ട

Published

|

Last Updated

കൊച്ചി: പ്രളയക്കെടുതിയില്‍പ്പെട്ട ജമ്മു-കാശ്മീര്‍ ജനതക്ക് കാരുണ്യ സ്പര്‍ശവുമായി ഫേസ്ബുക്കിലെ മലയാളി കൂട്ടായ്മ സമാഹരിച്ചത് 10,000 കിലോ (10 ടണ്‍) ആട്ട. കാശ്മീരിന് കാരുണ്യം എന്നു പേരിട്ട ദുരിതാശ്വാസ പദ്ധതിയെ സംസ്ഥാന സര്‍ക്കാരും പിന്തുണച്ചതോടെ കാശ്മീരിന് കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച സഹായമായി പദ്ധതി മാറി. കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകനായ കെ കെ സുനിലാണ് കാശ്മീരിന് കാരുണ്യം എന്ന ആശയം ഫേസ്ബുക്ക് വഴി അവതരിപ്പിച്ചത്. അയ്യായിരം കിലോ ആട്ട പാക്കറ്റുകള്‍ ശേഖരിച്ച് കാശ്മീരിലേക്ക് കൈമാറാനായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. എന്നാല്‍, കാശ്മീര്‍ സഹായ പദ്ധതിക്ക് വലിയ പിന്തുണയാണ് ലോകമെമ്പാടുമുള്ള ഫേസ്ബുക്ക് സൗഹൃദവലയം സമ്മാനിച്ചത്. ഇതോടെ സര്‍ക്കാരിന്റെ സഹായം തേടുകയായിരുന്നു. ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്, എറണാകുളം ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം, കേന്ദ്ര സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നെഹ്‌റു യുവകേന്ദ്രയുടെ എറണാകുളം ജില്ലാ യൂത്ത് കോഡിനേറ്റര്‍ ജയിന്‍ ജോര്‍ജ് എന്നിവര്‍ ഫേസ്ബുക്ക് കൂട്ടായ്മക്ക് പൂര്‍ണ പിന്തുണയുമായി രംഗത്തെത്തി. തുടര്‍ന്ന് ഫേസ്ബുക്ക് കൂട്ടായ്മ സമാഹരിച്ച ഒന്നരലക്ഷം രൂപക്ക് പതിനായിരം കിലോ ആട്ട സപ്ലൈകോയില്‍ നിന്നും നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വരുന്ന അധികചെലവ് സപ്ലൈകോയുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടില്‍ നിന്നും വകയിരുത്താനും തീരുമാനമായി. ദുരിതാശ്വാസ പദ്ധതിയുടെ നടത്തിപ്പിന് എറണാകുളം ജില്ലാ കലക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയും ചെയ്തു. ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങള്‍ക്ക് വലിയ സംരംഭങ്ങളിലുള്ള പങ്ക് വെളിവാക്കുന്നതാണ് കാശ്മീരിന് കാരുണ്യം പദ്ധതിയുടെ വിജയം. സാമൂഹിക പ്രതിബദ്ധതയിലൂന്നി ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച ഈ ദുരിതാശ്വാസ പദ്ധതിയെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണച്ചത് ഇത്തരം സംരംഭങ്ങള്‍ക്ക് പ്രചോദനമാണ്. സപ്ലൈകോയില്‍ നിന്നുള്ള 10 ടണ്‍ ആട്ടയുടെ കൈമാറല്‍ ചടങ്ങ് ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടിന് എറണാകുളം ഗാന്ധിനഗറിലെ സപ്ലൈകോ ഹെഡ് ഓഫീസില്‍ നടക്കും. ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം, എറണാകുളം റേഞ്ച് ഐ ജി എം ആര്‍ അജിത്കുമാര്‍, കൊച്ചിയിലെ കാശ്മീരി അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ദുരിതാശ്വാസ സാമഗ്രികള്‍ റെയില്‍വേ സൗജന്യമായി കാശ്മീരില്‍ എത്തിക്കും. 24ന് പുറപ്പെടുന്ന ജമ്മു-താവി എക്‌സ്പ്രസില്‍ 10 ടണ്‍ ആട്ടയും കാശ്മീരിലേക്ക് കൊണ്ടുപോകും.

Latest