Connect with us

Kollam

കൊല്ലം ഇലക്ട്രിക് മീറ്റര്‍ കമ്പനി സോളാര്‍ പാനല്‍ നിര്‍മാണ രംഗത്തേക്ക്

Published

|

Last Updated

കൊല്ലം : പള്ളിമുക്കിലെ യുനൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (കൊല്ലം മീറ്റര്‍ കമ്പനി) പിടിച്ചുനില്‍ക്കാന്‍ സോളാര്‍ പാനല്‍ നിര്‍മാണ രംഗത്തേക്ക് വഴി മാറുന്നു. പൊതുമേഖലാ സ്ഥാപനമായ മീറ്റര്‍ കമ്പനി ഇലക്ട്രിക് മീറ്റര്‍ നിര്‍മാണ രംഗത്ത് ദേശീയതലത്തില്‍ കുത്തകയായിരുന്നു.
കഴിഞ്ഞ കാലങ്ങളില്‍ സാങ്കേതിക വിദ്യയുടെ തള്ളിച്ചയില്‍ പെട്ട് കാലിടറി നില്‍ക്കുകയായിരുന്നു കമ്പനി. മെക്കാനിക്കല്‍ മീറ്ററില്‍ നിന്ന് ഇലക്‌ട്രോണിക് മീറ്ററിലേക്ക് സാങ്കേതിക വിദ്യ മാറിയതോടെയാണ് മീറ്റര്‍ നിര്‍മാണരംഗത്ത് കമ്പനിക്ക് തകര്‍ച്ച നേരിട്ടത്. മതിയായ സംവിധാനങ്ങളില്ലാതെ ഇലക്‌ട്രോണിക് മീറ്റര്‍ രംഗത്തേക്ക് പ്രവേശിച്ചെങ്കിലും വൈദ്യുതി ബോര്‍ഡിന്റെ മൊത്തം ഓര്‍ഡറുകള്‍ നേടാനും പിടിച്ചുനില്‍ക്കാനും കമ്പനിക്കായില്ല. നിലനില്‍പ്പ് ഭീഷണിയിലായതോടെ സോളാര്‍ പാനല്‍ നിര്‍മാണത്തിലേക്ക് തിരിയാന്‍ മാനേജ്‌മെന്റ് നിര്‍ബന്ധിതമാകുകയായിരുന്നു.
ഇതിന് 18 കോടി രൂപയുടെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചു. 12 കോടി രൂപ മെഷിനറിക്കും ആറ് കോടി പ്രവര്‍ത്തന മൂലധനത്തിനും നീക്കിവെച്ചുകൊണ്ടുള്ളതാണ് പദ്ധതി. വൈദ്യുതി ഉപയോഗത്തിന്റെ ബദല്‍ സംവിധാനമായി ഭാവിയില്‍ സൗരോര്‍ജം മാറാനിരിക്കെ വീടുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും വ്യവസായ സ്ഥാപനങ്ങളിലും വൈദ്യുതിക്ക് പകരം സൗരോര്‍ജമാകും ഉപയോഗിക്കുക. ഈ സാധ്യതകള്‍ മുന്നില്‍ കണ്ടാണ് കമ്പനി സോളാര്‍ പാനല്‍ നിര്‍മാണ രംഗത്തേക്ക് നീങ്ങുന്നതെന്ന് കമ്പനി ചെയര്‍മാന്‍ ശ്യാം സുന്ദര്‍ പറഞ്ഞു. ഇതോടെ സോളാര്‍ പാനല്‍ നിര്‍മാണ രംഗത്തെ കേരളത്തിലെ ആദ്യത്തെ പൊതുമേഖലാ സ്ഥാപനമായി കൊല്ലത്തെ മീറ്റര്‍ കമ്പനി മാറും.
500 കിലോ വാട്ടിന്റെ സോളാര്‍ പവര്‍ പ്ലാന്റുകള്‍ ഇതിനകം മീറ്റര്‍ കമ്പനി നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. എറണാകുളത്ത് വിശാല കൊച്ചി വികസന അതോറിറ്റി (ജി സി ഡി എ), മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ മീറ്റര്‍ കമ്പനിയാണ് സോളാര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പ്രതിവര്‍ഷം 10 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ പാനലുകള്‍ ഉത്പാദിപ്പിക്കാനാണ് പ്രാഥമികമായി ലക്ഷ്യമിടുന്നത്. സര്‍ക്കാറിന് സമര്‍പ്പിച്ച ഡി പി ആര്‍ വ്യവസായ മന്ത്രി കൂടുതല്‍ സാങ്കേതിക പഠനങ്ങള്‍ക്കായി വിദഗ്ധ സമിതിക്ക് കൈമാറിയിരിക്കുകയാണ്. നടപടികളില്‍ സര്‍ക്കാറില്‍ നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ.
ദേശീയ പാതയോരത്ത് ആറേമുക്കാല്‍ ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന മീറ്റര്‍ കമ്പനിയില്‍ ആദ്യ കാലത്ത് എണ്ണൂറോളം തൊഴിലാളികളും എന്‍ജിനീയര്‍മാരും മറ്റ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. 1948 ല്‍ തുടങ്ങിയ സ്ഥാപനം സര്‍ക്കാര്‍ പൊതുമേഖലയിലേക്ക് ഏറ്റെടുത്തത് 1958 ലാണ്. കോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാക്കിയിരുന്ന സ്ഥാപനം, വൈദ്യുതി മീറ്റര്‍ 2002 ല്‍ മെക്കാനിക്കല്‍ മീറ്ററില്‍ നിന്ന് ഇലക്‌ട്രോണിക് ആയി മാറിയതോടെയാണ് അടിതെറ്റിയത്. ക്രമേണ കമ്പനിയെ മാറിമാറി വന്ന സര്‍ക്കാരുകളും കൈവിട്ടു.
വാട്ടര്‍ മീറ്റര്‍ നിര്‍മാണ രംഗത്തേക്ക് പുനഃപ്രവേശിക്കാനുള്ള പദ്ധതിയും കമ്പനി ആവിഷ്‌കരിച്ചിട്ടുണ്ട്. മുമ്പ് സിംഗിള്‍ ജെറ്റ് വാട്ടര്‍ മീറ്റര്‍ നിര്‍മിച്ച് വാട്ടര്‍ അതോറിറ്റിക്ക് വിതരണം ചെയ്തിരുന്നു. പിന്നീട് കൂടുതല്‍ കൃത്യതക്ക് വേണ്ടി മള്‍ട്ടിജെറ്റ് വാട്ടര്‍ മീറ്ററുകള്‍ മതിയെന്ന് വാട്ടര്‍ അതോറിറ്റി തീരുമാനിച്ചതോടെ കമ്പനി അവിടെയും പിന്തള്ളപ്പെട്ടു. ഇപ്പോള്‍ നൂതന സാങ്കേതിക വിദ്യയോടെ മള്‍ട്ടിജെറ്റ് വാട്ടര്‍ മീറ്ററുകള്‍ പരീക്ഷണാര്‍ഥം മീറ്റര്‍ കമ്പനിയില്‍ ഉത്പാദിപ്പിച്ചു കഴിഞ്ഞു. ഇതിന്റെ ഗുണനിലവാരം ഉറപ്പായ സ്ഥിതിക്ക് മീറ്ററിന്റെ റേറ്റ് നിശ്ചയിച്ച് ഓര്‍ഡര്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ചെയര്‍മാന്‍ പറഞ്ഞു. യൂനിലെക്, യൂനിലെക് പ്രീമിയം എന്നീ രണ്ടിനങ്ങളിലാണ് വാട്ടര്‍ മീറ്റര്‍ വിപണിയിലിറക്കുന്നത്.
കിര്‍ലോസ്‌കര്‍ എന്ന ആഗ്രോമെഷിനറി കമ്പനിയുമായി ടൈഅപ്പ് ഉണ്ടാക്കി മോട്ടോര്‍ നിര്‍മാണ രംഗത്തേക്ക് കടക്കാനും ഉദ്ദേശിക്കുന്നുണ്ട്. മെക്കാനിക്കല്‍ വൈദ്യുതി മീറ്റര്‍ നിര്‍മിച്ച കാലത്ത് ഉപയോഗിച്ചിരുന്ന ഏറെ ഗുണമേന്മയുള്ള ലെയ്ത്തുകള്‍ ഇപ്പോഴും മീറ്റര്‍ കമ്പനിയിലുണ്ട്.

---- facebook comment plugin here -----

Latest