First Gear
കാറില്‍ എ സി ഇടുന്നത് ഇന്ധനക്ഷമതയെ ബാധിക്കുമോ?
ന്യൂയോര്‍ക്ക്: കാറില്‍ എ സി ഇട്ടാല്‍ കൂടുതല്‍ പെട്രോള്‍ ചിലവാകുമെന്നതിനാല്‍ കാറിന്റെ ഗ്ലാസ് താഴ്ത്തിയിട്ട് യാത്ര ചെയ്യുന്നവരാണ് അധികം പേരും. എന്നാല്‍ കാറിന്റെ ഗ്ലാസ് താഴ്ത്തിയുള്ള യാത്ര എ സി ഇടുന്നതിനെക്കാള്‍ ഇന്ധനക്ഷമതയെ ബാധിക്കും എന്നാണ് പുതിയ പഠന റിപ്പോര്‍ട്ട് പറയുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എഞ്ചിനീയേഴ്‌സ് നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.
തുറന്ന ജനാലകളിലൂടെ അകത്തു പ്രവേശിക്കുന്ന കാറ്റ് കാറിന്റെ മുന്നോട്ടുള്ള കുതിപ്പിന് തടസമാകുന്നു. ഈയൊരു വായൂമര്‍ദ്ദമാണ് കൂടുതല്‍ ഇന്ധനത്തെ കത്തിക്കുന്നത്. അതേ സമയം ചില്ലുകള്‍ താഴ്ത്തുമ്പോള്‍ വാഹനത്തിന്റെ എയറോഡൈനാമിക് രൂപം പൂര്‍ത്തിയാകുകയും കാറ്റിനെ ചൂഴ്ന്ന് സുഗമമായ കുതിപ്പിന് സഹായകരമാകുകയും ചെയ്യുന്നു. ജനാലകള്‍ അടച്ചുള്ള യാത്രയുമായി താരതമ്യം ചെയ്തപ്പോള്‍, ചില്ല് താഴ്ത്തിയുള്ള യാത്രക്ക് 20 ശതമാനം കൂടുതല്‍ ഇന്ധനം വേണ്ടി വന്നതായി പരീക്ഷണത്തില്‍ തെളിഞ്ഞു. എ സി ഇട്ടുള്ള യാത്രയുമായി താരതമ്യം ചെയ്തപ്പോഴും 10 ശതമാനം അധികം ഇന്ധനമാണ് ചില്ലു താഴ്ത്തിയുള്ള യാത്രക്ക് വേണ്ടിവരുന്നത്.
വിവിധ റോഡുകളിലെ ഡ്രൈവിംഗ് സാഹചര്യങ്ങള്‍ അനുസരിച്ചും ഇതിനു മാറ്റമുണ്ടാകുമെന്നും പഠനം പറയുന്നു. നഗരവീഥികളിലൂടെയുള്ള സഞ്ചാരത്തിന് വേഗത കുറവായതിനാല്‍ ജനാല തുറന്നുള്ള യാത്രയാണ് ഇന്ധനക്ഷമത ലഭിക്കാന്‍ ഉചിതം. വാഹനം ഓടാനായി എഞ്ചിന് കാര്യമായി പ്രവര്‍ത്തിക്കേണ്ടതില്ല എന്നതിനാല്‍ എ സി ഇടുമ്പോള്‍ എഞ്ചിന് കൂടുതല്‍ ശക്തി എടുക്കേണ്ടി വരുന്നു. അതു പോലെ വേഗത കുറഞ്ഞ സഞ്ചാരത്തില്‍ ജനാല ചില്ല് തുറന്നാലും വായൂസമ്മര്‍ദം കുറവായിരിക്കും. അതേസമയം വേഗത കൂടിയ ഹൈവേ യാത്രയില്‍ എ സിയുടെ പ്രവര്‍ത്തനം എഞ്ചിന് കാര്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കില്ല. ചില്ല് അടച്ചിടുന്നതിനാല്‍ കാറ്റിന്റെ മര്‍ദ്ദവും കാറിന്റെ വേഗത്തെ ബാധിക്കില്ല.
കാറിന്റെ രൂപരേഖക്ക് അനുസരിച്ചും ഇതിന് മാറ്റം വരും. എസ് യു വി പോലെയുള്ള വലിയ കാറുകളെയാണ് ഈയൊരു പ്രശ്‌നം ഏറ്റവുമധികം ബാധിക്കുന്നത്. താപനില, കാറ്റിന്റെ വേഗത, വാഹനത്തിന്റെ എയറോഡൈനാമിക് ഡിസൈന്‍ എന്നിങ്ങനെ നിരവധി ഘടകങ്ങളും ഇന്ധനക്ഷമതയെ ബാധിക്കുന്നു.