Connect with us

Articles

ഒന്നാം ലോകയുദ്ധത്തിന്റെ നൂറാം വാര്‍ഷികം

Published

|

Last Updated

2014 പിന്നിടാന്‍ ഇനി രണ്ട് മാസങ്ങള്‍ കൂടി മാത്രം. ചരിത്രം 2014 നെ ആദ്യത്തെ ലോകമഹായുദ്ധത്തിന്റെ 100 -ാം വാര്‍ഷികം എന്ന നിലയില്‍ കൂടെ അടയാളപ്പെടുത്തിയിരിക്കുന്നു. ഒന്നാം ലോകമഹായുദ്ധം എന്നതുകൊണ്ട് ഇത് ലോകത്തെ ആദ്യത്തെ യുദ്ധം ഒന്നും ആയിരുന്നില്ല. യുദ്ധത്തിന് ഒരു പക്ഷെ മനുഷ്യരാശിയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ടാകാം. സ്‌നേഹമാണോ വിദ്വേഷമാണോ മനുഷ്യന്റെ അടിസ്ഥാന വികാരമെന്ന കാര്യം ഇപ്പോഴും തര്‍ക്കവിഷയമാണ്. എന്തുതന്നെ ആയാലും സ്‌നേഹത്തിന്റെ തീക്ഷണതയേക്കാള്‍ വിദ്വേഷത്തിന്റെ മുറിപ്പാടുകളാണ് ചരിത്രത്തിന്റെ താളുകളില്‍ കൂടുതല്‍ മിഴിവോടെ നിറഞ്ഞുനില്‍ക്കുന്നത്. 1914 ജൂണ്‍ 28 നു തുടങ്ങി 1918 ഒക്‌ടോബറില്‍ യുദ്ധവിരാമക്കരാറൊപ്പുവെക്കുമ്പോഴേക്കും യുദ്ധ രംഗത്തു മരണം വരിച്ചത് 10 ദശലക്ഷം അഥവാ ഒരു കോടി മനുഷ്യരായിരുന്നു. 21 ദശലക്ഷം മനുഷ്യരാണ് പരുക്കേറ്റ് ശിഷ്ട ജീവിതമാകെ ദുരിതത്തില്‍ ആഴ്ത്തപ്പെട്ടത്. 77 ലക്ഷം പേരെ കാണാതാവുകയോ തടവിലാക്കപ്പെടുകയോ ചെയ്തു. ചരിത്രത്തിലരങ്ങേറിയ ഈ മഹാദുരന്തത്തിന്റെ മുറിപ്പാടുകള്‍ നക്കി ഉണക്കിക്കൊണ്ടാണ് ലോകം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദം പിന്നിട്ടത്. ഇത്രയൊക്കെ ആയിട്ടും മനുഷ്യരാശി യുദ്ധത്തില്‍ നിന്നും പഠിച്ചത് യുദ്ധം തടയാന്‍ വീണ്ടും വീണ്ടും യുദ്ധം ചെയ്യുക എന്ന തെറ്റായ ഒരു പാഠം മാത്രം. വരാനിരിക്കുന്ന മറ്റൊരു യുദ്ധത്തിന്റെ ഡ്രസ്സ് റിഹേഴ്‌സല്‍ മാത്രമായിരുന്നു ഒന്നാം ലോക മഹായുദ്ധം. രണ്ടാമതൊരു ലോകയുദ്ധം പൊട്ടിപ്പുറപ്പെടാന്‍ കേവലം 16 വര്‍ഷത്തെ തയ്യാറെടുപ്പേ വേണ്ടി വന്നുള്ളൂ. അങ്ങനെ രണ്ട് മഹായുദ്ധങ്ങള്‍ക്കു സാക്ഷിയാവുക എന്നതായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ തലേലെഴുത്ത് . ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ ആദ്യത്തെ പതിനാല് വര്‍ഷങ്ങള്‍ കൂടെ പിന്നിടുകയാണ്. അപ്പോഴും ലോകത്ത് മുഴങ്ങിക്കേള്‍ക്കുന്നത് കാതടപ്പിക്കുന്ന വെടിയൊച്ചകളും മിസൈല്‍ പ്രയോഗങ്ങളിലൂടെയും ബോംബ് വര്‍ഷിക്കലിലൂടേയും ജീവനപഹരിക്കപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളുടെ മാതാപിതാക്കളുടെ കൂട്ട നിലവിളികളും. എന്നാണിതിനൊരവസാനം ഉണ്ടാവുക? യുദ്ധമില്ലാത്ത ഒരു ലോകം വ്യര്‍ഥസ്വപ്നം മാത്രമാകുമോ? സമാധാനം വെറും വാചകമടിയായി പര്യവസാനിക്കുമോ? ഇത്തരം ചോദ്യങ്ങള്‍ നമുക്കു ചോദിച്ചുകൊണ്ടേയിരിക്കാം.
ഒരു പത്തൊമ്പതു വയസ്സുകാരന്‍ യുവാവിന്റെ സാഹസികമായ ദേശസ്‌നേഹമാണ് ഒന്നാം ലോകമഹായുദ്ധത്തിനു തിരികൊളുത്തിയത്. ബോസ്‌നിയയുടെ തലസ്ഥാനമായ സാരയോവോയില്‍ സന്ദര്‍ശനത്തിനെത്തിയ ആസ്ത്രിയ ഹംഗറി സാമ്രാജ്യത്തിന്റെ കിരീടാവകാശി ആര്‍ച്ച് ഡ്യൂക്ക് ഫെര്‍ഡിനന്‍ഡും ഭാര്യ സോഫിയും വധിക്കപ്പെട്ടതായിരുന്ന കാരണം . ആസ്‌ട്രോ-ഹംഗേറിയന്‍ സാമ്രാജ്യത്തോടുള്ള സെര്‍ബിയന്‍ വിരോധമാണ് യുവരാജാവിന്റേയും പത്‌നിയുടേയും വധത്തിന് കാരണമായത്. 1867 മുതല്‍ 1918 വരെ ഏതാണ്ട് അഞ്ച് പതിറ്റാണ്ടുകള്‍ മാത്രം നിലനിന്ന മധ്യയൂറോപ്പിലെ അതിശക്തമായ ഒരു സാമ്രാജ്യമായിരുന്നു ആസ്‌ട്രോ-ഹംഗേറിയന്‍ സാമ്രാജ്യം. സാമ്രാജ്യങ്ങള്‍ എത്ര തന്നെ ശക്തമായാലും അവയെ ശിഥിലമാക്കാന്‍ അത്ര പ്രയാസങ്ങളൊന്നുമില്ലെന്ന് തെളിയിക്കപ്പെടുന്നതും ഒന്നാം ലോകയുദ്ധത്തോടെയാണ.് അതീവ ശക്തമെന്നു വീമ്പിളക്കിയിരുന്ന പല സാമ്രാജ്യങ്ങളും ഒന്നിന് പിന്നാലെ മറ്റൊന്നായി ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴുന്നതു കണ്ടുകൊണ്ടാണ് ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ധം പിന്‍മാറിയത്.
പിന്നീടങ്ങോട്ടു ശക്തമായത് സാമ്രാജ്യത്വത്തിന്റെ പരോക്ഷരൂപങ്ങളും പ്രച്ഛന്ന വേഷങ്ങളും ആയിരുന്നു.അപ്പോഴും ചരിത്രത്തില്‍ ചേക്കേറിയ യുദ്ധ പിശാച് പൂര്‍വ്വാധികം ശക്തിപ്രാപിക്കുകയായിരുന്നു. മനുഷ്യവിഭവശേഷിയുടെ സിംഹഭാവും ചെലവഴിച്ചത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായിരുന്നില്ല. പിന്നെയോ നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു. ശത്രുവിനെതിരെയുള്ള പ്രഹരശേഷി പരമാവധി വര്‍ധിപ്പിക്കാനുള്ള പഠന ഗവേഷണ പരിശ്രമങ്ങള്‍ സാര്‍വത്രികമായി. ഈ രംഗത്തു നിന്നും വലിച്ചെറിയപ്പെട്ട ഉച്ഛിഷ്ടങ്ങള്‍ മാത്രമാണ് വിവിധ വികസന സംരംഭങ്ങള്‍ക്കു ലഭിച്ചത്.
ഗത്യന്തരമില്ലാതെ വരുമ്പോള്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഒപ്പുവെക്കപ്പെടുന്ന രാജ്യാന്തര കരാറുകള്‍ക്ക് അവ ഒപ്പിട്ട് കടലാസിന്റെ വിലപോലും കല്‍പ്പിക്കാത്ത ഭരണാധികാരികള്‍ എന്നും ഉണ്ടായിരുന്നു. സാമ്പത്തികവും രാഷ്ട്രീയവും ആയ അസ്വസ്ഥത ആഭ്യന്തരമായി വളര്‍ന്നുവരുന്ന അസംതൃപ്തികളും സംഘര്‍ഷങ്ങളും ഇവയൊക്കെ ജനങ്ങളില്‍ നിന്നും മറച്ചു പിടിക്കാനുള്ള പുകമറയായും ഭരണാധികാരികള്‍ യുദ്ധ പ്രഖ്യാപനത്തെ ആശ്രയിച്ചുപോരുന്നു. അതിന്റെ മികച്ച ഉദാഹരണമായിരുന്നു രണ്ടാം ലോകമഹായുദ്ധത്തിലെ (1939 – 45) വില്ലന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട അഡോള്‍ഫ് ഹിറ്റലറുടെ കഥ. ഒന്നാം ലോകയുദ്ധത്തില്‍ ജര്‍മനിക്കഭിമുഖീകരിക്കേണ്ടിവന്ന പരാജയത്തില്‍ നിന്നുയര്‍ന്ന നിരാശയും വാഴ്‌സെയില്‍സ് ഉടമ്പടിയിലെ അപമാനകരമായ വ്യവസ്ഥകളും അതിന്മേലുള്ള ജനകീയ അമര്‍ഷവും എല്ലാം മുതലെടുത്തുകൊണ്ടായിരുന്നു ജര്‍മനിയില്‍ ഹിറ്റ്‌ലറും അദ്ദേഹത്തിന്റെ നാസിപാര്‍ട്ടിയും അധികാരത്തിലേക്കുയര്‍ന്നത്. 1930 കളില്‍ എല്ലാ അന്താരാഷ്ട്ര കരാറുകളും കാറ്റില്‍ പറത്തിക്കൊണ്ട് ഹിറ്റ്‌ലര്‍ ജര്‍മനിയെ രഹസ്യമായി ആയുധവത്കരിച്ചു തുടങ്ങി. രാജ്യസ്‌നേഹവും വംശീയഭ്രാന്തും ഇളക്കിവിട്ടുകൊണ്ട് ഒരു ഭരണാധികാരിക്കേതറ്റം വരെ പോകാം എന്നതിന്റെ ഉദാഹരണമായിരുന്നു ഹിറ്റ്‌ലര്‍. ആദ്യം കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ പിന്നെ ജൂതന്മാര്‍ക്കെതിരെ ഒടുവില്‍ ലോകത്തെ സകല മനുഷ്യര്‍ക്കും എതിരെ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടുകൊണ്ടു തന്‍പ്രമാണിത്തം പ്രകടിപ്പിച്ച ഹിറ്റ്‌ലര്‍ രാഷ്ട്രീയ ചരിത്രത്തിലെ ഒരൊറ്റപ്പെട്ട പ്രതിഭാസമായിരുന്നില്ല. ഹിറ്റ്‌ലറുടെ പ്രേതം ആവേശിച്ച ഭരണാധികാരികള്‍ ലോകത്തിന്റെ പല ഭാഗത്തും ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ടായിക്കൊണ്ടുമിരിക്കുന്നു.
ഹിറ്റ്‌ലറുടെ മുന്നേറ്റം യൂറോപ്പിനെ ആകെ ഉഴുതുമറിച്ചു. ജര്‍മനിയിലെയും ജര്‍മന്‍ ആധിപത്യപ്രദേശങ്ങളിലെയും ജൂതന്മാരുടെ പീഡന കാലം അതിന്റെ പാരമ്യത്തിലെത്തി. അവര്‍ ഭൂമുഖത്തുനിന്നു തന്നെ തുടച്ചുമാറ്റപ്പെട്ടേക്കും എന്ന ആശങ്ക പരന്നു. നോര്‍വെ, ഡെന്മാര്‍ക്ക്, ഹോളണ്ട്, ബെല്‍ജിയം എന്തിന് ഫ്രാന്‍സ് പോലും ജര്‍മന്‍ അധിനിവേശ പ്രദേശമായി. ലോക രാഷ്ട്രങ്ങളുടെ ഇടയിലെ വന്‍മരങ്ങളെന്നു കരുതപ്പെട്ടിരുന്നവ ഒന്നൊന്നായി വെട്ടിവീഴ്ത്തപ്പെടുന്നത് കണ്ട് ലോകം അക്ഷരാര്‍ഥത്തില്‍ പകച്ചുനിന്നു.
ജര്‍മനിയുടെ റഷ്യന്‍ ആക്രമണവും ജപ്പാന്റെ പേള്‍ഹാര്‍ബര്‍ ആക്രമണവും ആയിരുന്നു ലോകയുദ്ധത്തിന്റെ ഗതി മാറ്റിയത്. ഈ രണ്ടാക്രമണങ്ങളോടെ സോവിയറ്റ് യൂനിയനും യു എസും ജര്‍മന്‍ പക്ഷത്തിനെതിരെ തിരിഞ്ഞു. റഷ്യയും അമേരിക്കയും ഏകപക്ഷത്തണിനിരന്നില്ലായിരുന്നെങ്കില്‍ ഇന്നു നമ്മള്‍ക്കു മുമ്പില്‍ നിലനില്‍ക്കുന്ന ഒരു പരിഷ്‌കൃത മനുഷ്യവംശം ഈ ഭൂമുഖത്തു അവശേഷിക്കുമായിരുന്നോ എന്ന സംശയം പോലും പലരും പങ്കുവെക്കുകയുണ്ടായി. സഖ്യ കക്ഷികളുടെ മുന്നേറ്റത്തില്‍ ജര്‍മനിയുടെ തകര്‍ച്ച തുടങ്ങി. ഹിറ്റ്‌ലര്‍ കീഴടക്കിയ രാജ്യങ്ങള്‍ ഒന്നൊന്നായി വിമോചിക്കപ്പെട്ടു. 1945 ഏപ്രില്‍ 30 ന് താന്‍ കൊന്നൊടുക്കിയ അനേകലക്ഷം മനുഷ്യജീവനു മറുവിലയായി സ്വന്തം ജീവന്‍ നല്‍കിക്കൊണ്ട് ഹിറ്റ്‌ലര്‍ എന്ന യുദ്ധഭ്രാന്തന്‍ സ്വന്തം വായിലേക്കു നിറയൊഴിച്ചു ആത്മഹത്യ ചെയ്തു. സസ്യാഹാരിയും നിത്യബ്രഹ്മചാരിയും ആയിരുന്ന ഈ മനുഷ്യന്‍ ആത്മഹത്യചെയ്യുന്നതിന്റെ തൊട്ടുതലേന്നാണ് ഈവാബ്രൗണ്‍ എന്ന തന്റെ കാമുകിയെ വിവാഹം ചെയ്യുന്നത്. കേവലം 42 മണിക്കൂര്‍ മാത്രം ദീര്‍ഘിച്ച ഒരു ദാമ്പത്യബന്ധം . ഹിറ്റ്‌ലര്‍ മരിച്ചതോടെ ഈവാബ്രൗണ്‍ സയനൈഡ് വിഴുങ്ങി ഭര്‍ത്താവിനെ പരലോകത്തേക്കനുഗമിച്ചു. ഇതിനു രണ്ട് ദിവസം മുമ്പുതന്നെ ഹിറ്റ്‌ലറുടെ സഖ്യകക്ഷിയായിരുന്ന ഇറ്റലിയിലെ മുസ്സോളിനിയേയും അയാളുടെ വെപ്പാട്ടിയെയും ഒപ്പം ഉണ്ടായിരുന്ന ഭൃത്യനേയും ജീവനോടെ പിടികൂടി. മിലാനിലെ ഒരു പെട്രോള്‍ പമ്പിന്റെ കമ്പി മേല്‍ പുരിയില്‍ കൊന്നു തലകീഴായി കെട്ടിത്തൂക്കി. അതിരു കവിഞ്ഞ സ്വരാജ്യസ്‌നേഹത്തിനു അന്യജന വിദ്വേഷത്തിനും പ്രതിഫലമായി കാലം ഇവര്‍ക്കായി കരുതിവെച്ചിരുന്ന സമ്മാനം അതര്‍ഹിക്കുന്ന തരത്തില്‍ തന്നെ ഏറ്റുവാങ്ങിക്കൊണ്ടാണ് ഹിറ്റ്‌ലറും മുസ്സോളിനിയും അരങ്ങൊഴിഞ്ഞത്.
എല്ലാ മനുഷ്യരും സമാധാനം കാംക്ഷിക്കുന്നു. എന്നാല്‍ ആരും തന്നെ സമാധാനം ഉണ്ടാക്കുന്നില്ല. അതു കണക്കിലെടുത്തു കൊണ്ടായിരിക്കുമല്ലോ യേശുതന്റെ ഗിരിപ്രഭാഷണത്തില്‍ പറഞ്ഞത് സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍ എന്തെന്നാല്‍ അവര്‍ ദൈവത്തിന്റെ പുത്രന്മാരെന്നു വിളിക്കപ്പെടും ( മത്തായി 5:9) സമാധാനത്തിനായി ആഗ്രഹിക്കുന്നതും സമാധാനം ഉണ്ടാക്കുന്നതും ഒരു പോലെയല്ല. ഇതില്‍ ആദ്യത്തെത് പോലെ എളുപ്പമല്ല രണ്ടാമത്തെത്. സ്വന്തം ഈഗോയുടെ തടവറയില്‍ സ്വയം ബന്ധനസ്ഥരായി കഴിയുന്നവര്‍ സ്വയം സമാധാനം അനുഭവിക്കുന്നില്ലെന്നു മാത്രമല്ല അന്യരുടെ സമാധാനത്തെ ഹനിക്കുകയും ചെയ്യുന്നു. രണ്ട് മഹായുദ്ധങ്ങളുടെ കെടുതികള്‍ കണക്കറ്റനുഭവിച്ചുകഴിഞ്ഞപ്പോഴാണ് സമാധാന നിര്‍മിതി എന്ന ആശയത്തിലേക്കു ലോകം കൂടുതല്‍ ആകര്‍ഷിക്കപ്പെട്ടത്. ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥാപനോദ്ദേശ്യം തന്നെ ലോക സമാധാനം ഉറപ്പുവരുത്തലാണ്. ലോകമേധാവിത്തം സ്വന്തം കൈപ്പിടിയിലൊതുക്കുക എന്ന സ്വപ്നം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന ശക്തികള്‍ ഐക്യരാഷ്ട്ര സംഘടനയുടെ കൈകളിലും കാലുകളിലും പോലും ചങ്ങലയിട്ട് അതിനെ തങ്ങള്‍ക്കനുകൂലമായി ചലിപ്പിക്കുന്ന പാവയാക്കാമോ എന്ന പരീക്ഷണമാണ് തുടങ്ങുന്നത്. സമാധാനം സുരക്ഷിതത്വ ബോധവുമായി കൂടി ബന്ധപ്പെട്ടുകിടക്കുന്നു. വ്യക്തിയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്ന ഭരണകൂടത്തിന്റെ മൗലിക ബാധ്യത നിറവേറ്റാന്‍ മിക്ക ഭരണകൂടങ്ങള്‍ക്കും കഴിയുന്നില്ല. ഏതു നിമിഷവും എവിടെനിന്നും നിങ്ങള്‍ ആക്രമിക്കപ്പെട്ടേക്കാം എന്ന ഭീഷണി നിങ്ങളുടെ തലക്കു മുകളില്‍ വട്ടമിട്ടു പറക്കുമ്പോള്‍ നിങ്ങള്‍ക്കെങ്ങനെയാണ് സമാധാനം അനുഭവിക്കാന്‍ കഴിയുക. നമ്മളാക്രമിക്കപ്പെട്ടേക്കുമോ എന്ന ഭയം നമ്മളെ അക്രമകാരികളാക്കുന്നു. മനുഷ്യര്‍ മാത്രമല്ല ജന്തുക്കളും ഇങ്ങനെയൊക്കെയല്ലേ പെരുമാറുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ മൃഗശാലയില്‍ കടുവാക്കുമുമ്പില്‍ അകപ്പെട്ടുപോയ ചെറുപ്പക്കാരനെ നോക്കി കടുവ ഇതികര്‍ത്തവ്യഥാ മൂഢനായി നില്‍ക്കുന്ന ചിത്രം നമ്മള്‍ മാധ്യമങ്ങളില്‍ കണ്ടതല്ലേ. ആ നില്‍പ്പ് കണ്ടാല്‍ ആര്‍ക്കാണ് ആ പാവം കടുവായോടു സഹതാപം തോന്നാത്തത്. തന്റെ മുന്നില്‍ വന്നു പെട്ട ഈ ഇരുകാലി മൃഗം ശത്രുവോ മിത്രമോ എന്ന് ആ പാവം മൃഗം തെല്ലുനേരം ആലോചിച്ചു നിന്നതാകാം. അത് പൂര്‍ത്തീകരിക്കുന്നതിന് മുമ്പാണ് സ്വന്തം സഹജീവിയെ രക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ പുറത്ത് നിന്ന മറ്റ് ഇരുകാലി മൃഗങ്ങള്‍ കടുവാക്കൂട്ടിലേക്ക് കല്ലെറിഞ്ഞത്. ഇനിയും കൂടുതല്‍ ആലോചിക്കുന്നതിന് കടുവ തയ്യാറായില്ല. തന്റെ പരിമിതമായ ആ കൊച്ചു സാമ്രാജ്യത്തില്‍ അതിക്രമിച്ചു കടന്ന ആ ചെറുപ്പക്കാരനെ അടിച്ചുവീഴ്ത്തി കടിച്ചുകൊന്നു. മനുഷ്യമാംസത്തിന്റെ രുചിയറിഞ്ഞിട്ടില്ലാത്തതിനാലാകാം കൊല്ലപ്പെട്ട യുവാവിന്റെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന് പാകമായ തരത്തില്‍ കടുവ മൃഗശാലാധികാരികള്‍ക്കു വിട്ടുകൊടുത്തു. സത്യത്തില്‍ ഇതുതന്നെയല്ലെ കൊടും ദുരിതങ്ങള്‍ വിതച്ച എല്ലാ യുദ്ധങ്ങള്‍ക്കു പിന്നിലെ പ്രേരണാഘടകം. ആദ്യം ഒരു കൗതുകം പിന്നെ ഒരു ബലപരീക്ഷണം. കെട്ടിനിര്‍ത്തപ്പെട്ട ഊര്‍ജത്തിന്റെ പാഴ് വിനിയോഗം.
എല്ലാ രാജ്യങ്ങളും അവയുടെ ആയുധ പുരകളില്‍ വിലപിടിപ്പുള്ള ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നു. വാര്‍ഷിക ബജറ്റിന്റെ സിംഹഭാഗവും യുദ്ധസന്നാഹങ്ങള്‍ക്കായി മാറ്റിവെക്കുന്നു. ഏത് എ കെ ആന്റണി പ്രതിരോധവകുപ്പു ഭരിച്ചാലും ആയുധ കുംഭകോണവും ബന്ധപ്പെട്ട അഴിമതിക്കഥകളും ചുരുള്‍ വിടര്‍ത്തുന്നു. ലോകത്തിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളിലും ഈ പരിപാടി അനുസ്യൂതം തുടരുന്നു. സ്വന്തം അതിര്‍ത്തികള്‍ ഭദ്രമാക്കുന്നതിലും അധികം ശ്രദ്ധ അന്യന്റെ അതിര്‍ത്തി കൈയേറുന്നതിനു നല്‍കുന്നു. നിസ്സാരമായ ചില കണക്കുകള്‍ ഇങ്ങനെ. സൈന്യത്തിനാവശ്യമായ ബി ഇനത്തില്‍ പെട്ട രണ്ടു ബോംബര്‍ വിമാനങ്ങളുടെ നിര്‍മാണ ചെലവ് 300 ദശലക്ഷം ഡോളര്‍. ഈ തുകയുണ്ടെങ്കില്‍ 11000 കുടുംബങ്ങള്‍ക്കു അത്യാവശ്യ സൗകര്യങ്ങളോടു കൂടിയ വീടുകള്‍ നിര്‍മ്മിച്ചു കൊടുക്കാന്‍ കഴിയും. 20000 തൊഴിലവസരം ലഭിക്കുന്ന ഒരു വ്യവസായ സ്ഥാപനം തുടങ്ങാനും ഈ തുക മതിയാകും. 600 വിദ്യാര്‍ഥികള്‍ക്കു വീതം പഠന സൗകര്യം നല്‍കുന്ന 10 മിഡില്‍ സ്‌കൂളുകളുടെ 35 വര്‍ഷത്തെ പ്രവര്‍ത്തന ചെലവിനും ഈ തുക ധാരാളം.
സമ്പന്ന രാജ്യങ്ങള്‍ മാത്രമല്ല താരതമ്യേന ദരിദ്രമായ രാജ്യങ്ങളും ആയുധ കമ്പോളത്തില്‍ ഇറങ്ങി സ്വന്തം പൊങ്ങച്ചം പ്രകടിപ്പിക്കുന്നത് കാണാം. ലോകത്തിലിത്രയേറെ ദരിദ്ര രാജ്യങ്ങള്‍ അവശേഷിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും ഇതോടുബന്ധപ്പെട്ട് ഉയര്‍ന്നുവരേണ്ടിയിരിക്കും. സൊമാലിയ, എത്യോപ്യ, ഉഗാണ്ടാ, ചാഡ്, മൗരിത്താനിയ, കമ്പോഡിയ ഇതൊക്കെ വെറും ഭൂപടത്തിലെ അവ്യക്തമായ അടയാളപ്പെടുത്തലല്ല ; നമ്മളെ പോലുള്ള മനുഷ്യര്‍ ജീവിക്കുന്ന ഭൂപ്രദേശങ്ങളാണ്. പോഷകാഹാര ദൗര്‍ലഭ്യത , പകര്‍ച്ചവ്യാധികള്‍, കാലാവസ്ഥാ ദുരന്തങ്ങള്‍, അധിനിവേശ ശക്തികള്‍ക്കെതിരായ ചെറുത്തുനില്‍പ്പുകള്‍ ഇതൊന്നും കണ്ടില്ലെന്നു നടിച്ചു കൊണ്ടാണ് വികസിത വികസ്വര രാജ്യങ്ങള്‍ ആയുധപ്പന്തയങ്ങള്‍ക്കു പിന്നാലെ നെട്ടോട്ടം ഓടുന്നത്. വിഭവ സമ്പത്തിന്റെ നീതിപൂര്‍വമല്ലാത്ത വിതരണമാണ് ദരിദ്രരാജ്യങ്ങളിലെ ജനങ്ങള്‍ അനുഭവിക്കുന്ന നിത്യദാരിദ്ര്യത്തിനു കാരണം. ലോക ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ഏഷ്യക്കു ലോകസമ്പത്തിന്റെ അഞ്ച് ശതമാനം മാത്രം അനുഭവവേദ്യമാക്കുമ്പോള്‍ ജനസംഖ്യയില്‍ തൊട്ടടുത്ത സ്ഥാനത്തുനില്‍ക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കു പത്ത് ശതമാനവും അതിനും താഴെ നില്‍ക്കുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കു 15 ശതമാനവും അതിലും താഴെ നില്‍ക്കുന്ന യൂറോപ്പിനു ഇരുപത്തിയഞ്ചു ശതമാനം വിഭവങ്ങളും . ജനസംഖ്യാനുപാതത്തില്‍ ഏറ്റവും ഒടുവിലായി മാത്രം വരുന്ന വടക്കേ അമേരിക്ക സ്വന്തം അതിര്‍ത്തികള്‍ ഭദ്രമാക്കുന്നതിലും അധികം ശ്രദ്ധ അന്യന്റെ അതിര്‍ത്തി കൈയേറുന്നതിനു നല്‍കുന്നു. നിസ്സാരമായ ചില കണക്കുകള്‍ ഇങ്ങനെ. സൈന്യത്തിനാവശ്യമായ ബി ഇനത്തില്‍ പെട്ട രണ്ട് ബോംബര്‍ വിമാനങ്ങളുടെ നിര്‍മാണ ചെലവ് 300 ദശലക്ഷം ഡോളര്‍. ഈ തുകയുണ്ടെങ്കില്‍ 11000 കുടുംബങ്ങള്‍ക്കു അത്യാവശ്യ സൗകര്യങ്ങളോടു കൂടിയ വീടുകള്‍ നിര്‍മ്മിച്ചു കൊടുക്കാന്‍ കഴിയും. 20000 തൊഴിലവസരം ലഭിക്കുന്ന ഒരു വ്യവസായ സ്ഥാപനം തുടങ്ങാനും ഈ തുക മതിയാകും. 600 വിദ്യാര്‍ത്ഥികള്‍ക്കു വീതം പഠന സൗകര്യം നല്‍കുന്ന 10 മിഡില്‍ സ്‌കൂളുകളുടെ 35 വര്‍ഷത്തെ പ്രവര്‍ത്തന ചെലവിനും ഈ തുക ധാരാളം.ു 45 ശതമാനം വിഭവസമ്പത്തും സ്വായത്തമാക്കാന്‍ കഴിയുന്ന ഒരു ലോകക്രമം ആണ് ഇന്നു നിലനില്‍ക്കുന്നത്. ആയുധങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയെ ആയുധം കൊണ്ടു നേരിടുക യുദ്ധത്തെ യുദ്ധം കൊണ്ടു നേരിടുക ഇതൊരു പഴകി തുരുമ്പിച്ച തത്വശാസ്ത്രമാണ്. ഇതിനെതിരെ എല്ലാ കാലത്തും എല്ലാ പ്രവാചക ശ്രേഷ്ഠന്മാരും ശബ്ദം ഉയര്‍ത്തിയിരുന്നു. ഒരു യുദ്ധ രഹിതലോകത്തെ അവര്‍ വിഭാവനം ചെയ്തിരുന്നു.
യുദ്ധ സംസ്‌കാരം വളര്‍ത്തുന്ന ഒരു ജഡസംസ്‌കൃതിയില്‍ നിന്നും ഉല്‍പ്പാദന സംസ്‌കാരം വളര്‍ത്തുന്ന ഒരു ജൈവസംസ്‌കൃതിയിലേക്കു ഒരു തിരിഞ്ഞു നടത്തം അതിനി സാധ്യമാകുമോ എന്ന് പിന്നിട്ട നൂറുവര്‍ഷത്തെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ നമ്മള്‍ പരിശോധിക്കേണ്ടിയിരിക്കുന്നു.

---- facebook comment plugin here -----

Latest