Connect with us

International

553 ഇസില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Published

|

Last Updated

ബെയ്‌റൂത്ത്: ഒരു മാസം നീണ്ടുനിന്ന അമേരിക്കയുടെ ഇസില്‍ വിരുദ്ധ വ്യോമാക്രണത്തില്‍ 553 തീവ്രവാദികളും 32 സാധാരണക്കാരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ ബഹുഭൂരിഭാഗവും ഇസില്‍ തീവ്രവാദികളാണ്. 464 പേര്‍. ഇതിന് പുറമെ അല്‍ ഖാഇദയുമായി ബന്ധമുള്ള നുസ്‌റ ഫ്രണ്ടിന്റെ 57 അംഗങ്ങളും കൊല്ലപ്പെട്ടു. സാധാരണക്കാര്‍ കൊല്ലപ്പെട്ടതില്‍ ആറ് കുട്ടികളും അഞ്ച് സ്ത്രീകളും ഉള്‍പ്പെടുന്നു.
അറബ് രാഷ്ട്രങ്ങളുടെ സഹായത്തോടെ അമേരിക്ക ഇറാഖില്‍ ആക്രമണം ആരംഭിച്ചത് കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു. ഇതിന് ശേഷം സെപ്തംബര്‍ മാസത്തില്‍ സിറിയയിലും ആക്രമണം തുടങ്ങി. ഇറാഖില്‍ അമേരിക്കക്ക് പുറമെ ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള രാജ്യങ്ങളും പങ്കാളികളായിട്ടുണ്ട്. യു എന്‍ പ്രമേയത്തിലെ ആര്‍ട്ടിക്കിള്‍ 51 അനുസരിച്ചാണ് സിറിയയില്‍ ആക്രമണം നടത്തുന്നതെന്ന് അമേരിക്ക ന്യായീകരിക്കുന്നു. സായുധ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഇത് അവകാശം നല്‍കുന്നുണ്ട്.
സാധാരണക്കാര്‍ കൊല്ലപ്പെടുന്ന വിഷയത്തില്‍ നേരത്തെ ഇറാഖ് സര്‍ക്കാര്‍ തന്നെ ശക്തമായ വിമര്‍ശം ഉന്നയിച്ചിരുന്നു. ഇതിന് പുറമെ, സാധാരണക്കാരും ഇവരുടെ വസ്തുവഹകള്‍ക്കും നാശം വരുത്തുന്ന തരത്തില്‍ നടത്തിയ എല്ലാ സംഭവങ്ങളെ കുറിച്ചും അന്വേഷണം നടത്തുമെന്നാണ് അമേരിക്ക പറയുന്നത്.
സിറിയയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ പതിനായിരക്കണക്കിന് പേര്‍ ഇതുവരെ കൊല്ലപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് രണ്ട് ലക്ഷത്തിലധികം സിറിയക്കാര്‍ ആഭ്യന്തര സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഇപ്പോള്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ആക്രമണങ്ങള്‍ പ്രധാനമായും അലെപ്പോ, ദെയ്ര്‍ അല്‍ സോര്‍, റഖ, അല്‍ ഹസാഖ എന്നീ പ്രദേശങ്ങളെ കേന്ദ്രീകരിച്ചാണ്.

Latest