Connect with us

Articles

മാനവകുലത്തെ ആദരിക്കുക

Published

|

Last Updated

മാനവകുലത്തെ ആദരിക്കുക എന്ന മഹത്തായ സന്ദേശവുമായി കര്‍ണാടക യാത്ര ഇന്ന് ഗുര്‍ബര്‍ഗയില്‍ ആരംഭിക്കുകയാണ്. കര്‍ണാടകയിലെ സാധാരണ ജനങ്ങളുടെ ചരിത്രത്തില്‍ നിര്‍ണായകമായ ഒരേടാണ് ഇന്ന് ആരംഭിച്ച് നവംബര്‍ രണ്ടിന് മംഗലാപുരത്ത് സമാപനം കുറിക്കുന്ന യാത്ര.
മനുഷ്യര്‍ പരസ്പരം അകന്ന് കഴിയുന്ന ഒരു സങ്കീര്‍ണ സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. വിവിധ രൂപങ്ങളിലുള്ള മതില്‍കെട്ടുകള്‍ തീര്‍ത്ത്, അകലങ്ങളില്‍ കഴിയുന്ന നമ്മുടെ ജീവിതപരിസരങ്ങളില്‍ കാതലായ മാറ്റം വരേണ്ടതുണ്ട്. സഹാനുഭൂതിയും പര്‌സപര വിശ്വാസവും വളര്‍ത്തിയെടുത്ത്, മാനവികത വളര്‍ത്തേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്.
ഏറ്റവും കൂടുതല്‍ ആദരവ് നല്‍കിയാണ് പ്രപഞ്ചനാഥനായ അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചത്. മറ്റു സൃഷ്ടികളില്‍ നിന്ന് വിഭിന്നമായി ചിന്താശേഷിയും വിവേകവും നല്‍കി അനുഗ്രഹിച്ചതും മനുഷ്യകുലത്തെയാണ്. അതുകൊണ്ട് തന്നെ സവിശേഷമായ ജീവിതദൗത്യവും മനുഷ്യര്‍ക്കുണ്ട്. സ്രഷ്ടാവായ അല്ലാഹുവിനെ ഭയപ്പെട്ട്, ധാര്‍മികമായ ജീവിതം നയിച്ച് മുന്നേറുക എന്ന മഹത്തായ ജീവിതലക്ഷ്യം മുന്നിലുള്ളതു കൊണ്ട് തന്നെ, ഓരോ മനുഷ്യനും കൃത്യമായ അതിര്‍വരമ്പുകളും നിയമങ്ങളും പാലിക്കേണ്ടതുണ്ട്. മനുഷ്യനെ സംസ്‌കരിച്ചെടുക്കുന്ന ഈ മഹത്തായ കലയാണ് മതം ചെയ്ത്‌കൊണ്ടിരിക്കുന്നത്.
അതേസമയം, അധുനികതയുടെ ഉപഭോഗസംസ്‌കാരം മനുഷ്യരെ കൂടുതല്‍ സ്വാര്‍ഥരാക്കിയിരിക്കുന്നു. കുടംബബന്ധത്തിനും സൗഹാര്‍ദത്തിനും വില കല്‍പിക്കാത്ത മനുഷ്യര്‍ നമുക്കിടയില്‍ വളര്‍ന്നുകഴിഞ്ഞു. മറ്റുള്ളവരോട് സഹാനുഭൂതിയോടെയും സ്‌നേഹത്തോടെയും ജീവിക്കാന്‍ കഴിയാത്ത ഒരു സാഹചര്യമാണത്. ജാതിയുടെയും രാഷ്ട്രീയത്തിന്റെയും നിറത്തിന്റെയും പേരില്‍ പരസ്പരം കലഹിക്കുന്ന ജനവിഭാഗങ്ങള്‍ നമ്മുടെ രാജ്യത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്.
അഴിമതിയും സ്വജനപക്ഷപാതവും നമ്മുടെ രാജ്യത്ത് സാധാരണ സംഭവങ്ങളായി പരിണമിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ അക്രമണങ്ങളും വര്‍ഗീയ പ്രവണതകളും സമൂഹത്തിലെ ഏറ്റവും വലിയ ഭീഷണികളായി തീര്‍ന്നിരിക്കുന്നു. തത്ഫലമായി അസ്വസ്ഥതയോടെയുള്ള ഒരു ജീവിതം നയിക്കാന്‍ നിര്‍ബന്ധിതരാവുന്നു. അധാര്‍മിക പ്രവണതകളും സാമ്പത്തിക ചൂഷണവും കൊലപാതകങ്ങളും നമ്മുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് കാലമേറെയായി.
മതപരമായ അധ്യാപനങ്ങളെ പിന്തുടര്‍ന്ന് സമാധാന ജീവിതം നയിക്കുക എന്നതാണ് പരിഹാരം. മതനിയമങ്ങള്‍ നല്‍കുന്ന സുരക്ഷിതത്വം ജീവിതത്തില്‍ പരമാവധി പ്രയോഗവത്കരിക്കുമ്പോള്‍ ശാന്തിയും സമാധാനവും കൈവരുന്നു. തെറ്റിന് കൂട്ടുനില്‍ക്കാത്ത ഒരുറച്ച മനസ്സും ധാര്‍മിക പാതയില്‍ ശ്രദ്ധ കൊണ്ടുവരും. അപ്പോള്‍ വ്യക്തി ശുദ്ധിയിലൂടെ സാമൂഹിക മുന്നേറ്റം സാധ്യമാവും.
രാജ്യത്ത് നിലനില്‍ക്കുന്ന വിവിധ രാഷ്ട്രീയ-സാമ്പത്തിക കാരണങ്ങള്‍ കൊണ്ട് മുസ്‌ലിം സമുദായം നിരവധി പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. വര്‍ഗീയ ധ്രുവീകരണവും രാഷ്ട്രീയ ചൂഷണവും സാധാരണക്കാരുടെ നിത്യജീവിതത്തെ പോലും ബാധിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിലും സമുദായം ഏറെ മുന്നേറേണ്ടതുണ്ട്. അതുകൊണ്ട് തന്നെയാണ് സമുദായിക ശാക്തീകരണം ലക്ഷ്യം വെച്ചുള്ള സാമൂഹിക ഇടപെടലുകള്‍ക്ക് മതപണ്ഡിതന്മാര്‍ നേതൃത്വം നല്‍കുന്നത്. കര്‍ണാടക യാത്രയും ഈയര്‍ഥത്തില്‍ ഉന്നതമായ ലക്ഷ്യത്തോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
കര്‍ണാടകയിലെ ഓരോ ജില്ലയിലും 15 ശതമാനത്തോളം മുസ്‌ലിംകളാണുള്ളത്. ഇവിടെ അടിസ്ഥാനപരമായി നിരവധി ആവശ്യങ്ങള്‍ സാധാരണ ജനങ്ങള്‍ക്കുണ്ട്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും ആരോഗ്യപരമായും വികസനം ഇനിയുമെത്താത്ത സ്ഥലങ്ങളും സംസ്ഥാനത്തുണ്ട്. അതുകൊണ്ട് തന്നെ കര്‍ണാടകയിലെ മുഴുവന്‍ ജനവിഭാഗങ്ങളെയും ഉള്‍കൊള്ളിക്കുന്ന പുതിയ വികസന കാഴ്ചപ്പാടുകള്‍ ഉയര്‍ന്നുവരണം. കൂടുതല്‍ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ സാധ്യമാകണം. പൊതുനന്മ ലക്ഷ്യം വെച്ച് മുഴുവന്‍ സമുദായങ്ങളും രാഷ്ട്രീയക്കാരും പുരോഗമനാത്മകമായ ചുവെടുവെപ്പുകള്‍ക്ക് ശക്തി പകരണം. ഈ വിശാലമായ കാഴ്ചപ്പാടാണ് കര്‍ണാടക യാത്രയുടെ കാതല്‍. കര്‍ണാടക സര്‍ക്കാറും വിവിധ ജനപ്രതിനിധികളും മത- സാംസ്‌കാരിക രംഗത്തെ പ്രമുഖരും കര്‍ണാടക യാത്രയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്. നന്മ പ്രവര്‍ത്തിക്കാനും അതില്‍ ഉറച്ചു നില്‍ക്കാനും നാഥന്‍ നമുക്ക് തൗഫീഖ് നല്‍കട്ടെ. ആമീന്‍

Latest