Connect with us

Business

ഓഹരി സൂചിക കുതിപ്പിന്റെ പാതയില്‍; സ്വര്‍ണം ട്രോയ് ഔണ്‍സിന് 1231 ഡോളര്‍

Published

|

Last Updated

വിദേശ ധനകാര്യസ്ഥാപനങ്ങള്‍ക്ക് ഒപ്പം ആഭ്യന്തര മൂച്വല്‍ ഫണ്ടുകളും പ്രദേശിക നിക്ഷേപകരും നിക്ഷേപത്തിനു ഉത്സാഹിച്ചത് ഇന്ത്യന്‍ ഓഹരി വിപണിക്ക് പുതുജീവന്‍ പകര്‍ന്നു. ബോംബെ സെന്‍സെക്‌സ് 2.8 ശതമാനവും നിഫ്റ്റി 2.9 ശതമാനവും ഉയര്‍ന്നു. സെന്‍സെക്‌സ് മൊത്തം 742 പോയിന്റ് ഉയര്‍ന്നപ്പോള്‍ നിഫ്റ്റി 235 പോയിന്റ് വര്‍ധിച്ചു.
ദീപാവലി മുഹൂര്‍ത്ത വ്യാപാരത്തിെല മികവ് ഇന്നും സൂചിക നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപ മേഖല. ഉത്സവ ദിവസങ്ങള്‍ മൂലം പോയവാരം മൂന്ന് ദിവസം മാത്രമാണ് വിപണി പ്രവര്‍ത്തിച്ചത്.
ഗുജറാത്തി പുതുവര്‍ഷമായ സംവത് 2014നോട് അനുബന്ധിച്ച് പുറത്തു വന്ന അനുകൂല വാര്‍ത്തകളാണ് വിപണി നേട്ടമാക്കി മാറ്റിയത്. നാലാഴ്ച്ചയായി തുടര്‍ച്ചയായി തളര്‍ച്ചയില്‍ നീങ്ങിയ ഇന്ത്യന്‍ വിപണിയെ പുതിയ ദിശയിലേയ്ക്ക് തിരിച്ചത് ഉത്തരേന്ത്യയിലെ തിരഞ്ഞടുപ്പ് ഫലങ്ങളാണ്. കേന്ദ്ര സര്‍ക്കാറിനു അനുകുലമായ നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങളും ഡീസലിന്റെ വിപണി നിയന്ത്രണം നീക്കം ചെയ്തതും ഓഹരി സൂചികക്ക് കരുത്തു സമ്മാനിച്ചു.
ഇതിനിടയില്‍ ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സില്‍ വ്യാഴാഴ്ച ഒക്‌ടോബര്‍ സീരിസ് സെറ്റില്‍മെന്റാണ്. ഇതിനു മുന്നോടിയായി ഊഹക്കച്ചടക്കാര്‍ നടത്തിയ ഷോട്ട് കവറിംഗിനും മുന്നേറ്റം സുഗമമാക്കി. ദീപാവലി മുഹൂര്‍ത്ത കച്ചവടം കഴിയുമ്പോള്‍ നിഫ്റ്റി സൂചിക 8014 പോയിന്റലാണ്.
സാങ്കേതിക വശങ്ങള്‍ അനുകൂലമായതിനാല്‍ നിഫ്റ്റി 8077-8140 റേഞ്ചിലേക്ക് കുതിക്കാം. അതേ സമയം തിരിച്ചടിനേരിട്ടാല്‍ നിഫ്റ്റിക്ക് 7905-7796 പോയിന്റില്‍ താങ്ങ് പ്രതീക്ഷിക്കാം.
ബി എസ് ഇ സെന്‍സെക്‌സ് 26,373 ല്‍ നിന്ന് 26,930 വരെ കയറിയ ശേഷം 26,851 ലാണ്. ഈവാരം സൂചികക്ക് 26,851-27,275 പോയിന്റില്‍ തടസ്സം നേരിടാം. സൂചികയുടെ താങ്ങ് 26,505-26,159 പോയിന്റിലാണ്.
ഓട്ടോമൊെബെല്‍, സ്റ്റീല്‍, പവര്‍ , ബാങ്കിംഗ് ഓഹരികള്‍ ശ്രദ്ധിക്കപ്പെട്ടു. മാരുതി സുസുക്കി ഓഹരി വില ഏഴ് ശതമാനവും ബജാജ് ഓട്ടോ ആറര ശതമാനവും മികവ് കാണിച്ചപ്പോള്‍ എം ആന്‍ഡ് എം ഓഹരി വിലയും ഉയര്‍ന്നു. ടാറ്റാ സ്റ്റീല്‍, സെസ സ്‌റ്റൈര്‍ലൈറ്റ്, ഹിന്‍ഡാല്‍ക്കോ ഓഹരികളും തിളങ്ങി. എല്‍ ആന്‍ഡ് റ്റി ഓഹരിയിലും നിക്ഷേപക താല്‍പര്യം നിറഞ്ഞുനിന്നു. അമേരിക്കന്‍ മാര്‍ക്കറ്റ് മികവിലാണ്. ഡൗ ജോണ്‍സ് സൂചിക 16,805 ലേക്ക് കയറി. എസ് ആന്റ് പി യും നാസ്ഡാക് സൂചികയും മികവിലാണ്. ന്യൂയോര്‍ക്ക് എക്‌സചേഞ്ചില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 1231 ഡോളറിലും ക്രൂഡ് ഓയില്‍ ബാരലിന് 81 ഡോളറിലുമാണ്.