Connect with us

National

രാജീവ് വധം: നളിനിയുടെ ഹരജി സുപ്രീം കോടതി തള്ളി

Published

|

Last Updated

ന്യുഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന എസ് നളിനി, തന്നെയും മറ്റ് ആറ് പ്രതികളെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി തള്ളി.
തന്റെയും മറ്റ് ആറ് പ്രതികളുടെയും മോചനത്തിന് കേന്ദ്രത്തിന്റെ അംഗീകാരം നിര്‍ബന്ധമാക്കിയതിനെ ചോദ്യം ചെയ്താണ് നളിനി സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു, ജസ്റ്റിസ് എം ബി ലോക്കൂര്‍, ജസ്റ്റിസ് എ കെ സിക്രി എന്നിവരുള്‍പ്പെട്ട ബഞ്ച് ഇവരുടെ ഹരജി തള്ളുകയായിരുന്നു. സി ബി ഐ അന്വേഷിച്ച കേസില്‍, ശിക്ഷിക്കപ്പെട്ട ഒരാളെ കാലാവധി പൂര്‍ത്തിയാകും മുമ്പ് വിട്ടയക്കുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രവുമായി കൂടിയാലോചിക്കണമെന്ന് അനുശാസിക്കുന്ന ക്രിമിനല്‍ നടപടി നിയമത്തിലെ സെക്ഷന്‍ 435(1) ചോദ്യം ചെയ്താണ് നളിനി ഹരജി സമര്‍പ്പിച്ചത്. 1998 ജനുവരി 28ന് വിചാരണാ കോടതി നളിനിയെ വധശിക്ഷക്ക് വിധിച്ചതായിരുന്നു. വധശിക്ഷ ഇളവ് ചെയ്ത് ജീവപര്യന്തമാക്കിയതനുസരിച്ച് കഴിഞ്ഞ 23 വര്‍ഷമായി അവര്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. 2000 ഏപ്രില്‍ 24ന് തമിഴ്‌നാട് ഗവര്‍ണറാണ് നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചത്.
കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടയില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരില്‍ പത്ത് വര്‍ഷത്തില്‍ താഴെ മാത്രം തടവനുഭവിച്ച 2200 ഓളം പേരെ തമിഴ്‌നാട് സര്‍ക്കാര്‍ മോചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ പരിഗണന തനിക്ക് ലഭിച്ചില്ല. സി ആര്‍ പി സിയുടെ സെക്ഷന്‍ 435(1)(ഏ) അനുസരിച്ച് തന്റെ കേസ് സി ബി ഐയാണ് അന്വേഷിച്ചതെന്ന കാരണത്താലാണ് ഈ ആനുകൂല്യം ലഭിക്കാതെ പോയതെന്ന് നളിനി ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു നളിനിയുടെ വാദം.
തങ്ങളുടെ അംഗീകാരമില്ലാതെ തടവുകാരെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാറിന് ആകില്ലെന്നായിരുന്നു കേന്ദ്രം ആദ്യം നിലപാടെടുത്തത്. തടവുകാരുടെ മോചനത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം അതുവഴി അട്ടിമറിക്കുകയും ചെയ്തു.
രാജീവ് വധക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മുരുഗന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ ശിക്ഷ പിന്നീട് സുപ്രിം കോടതി ഇളവ്‌ചെയ്തപ്പോള്‍, ഫെബുവരി 19ന് ഈ മൂന്ന് പേരടക്കം ഏഴ് ജീവപര്യന്തം തടവുകാരുടെയും ശിക്ഷ ഇളവ്‌ചെയ്യാനും ജയില്‍ മോചിതരാക്കാനും തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ദേശിച്ചു.
സംസ്ഥാന സര്‍ക്കാറിന്റെ ഈ തീരുമാനത്തെ കേന്ദ്രം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു. സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം സ്റ്റേ ചെയ്ത സുപ്രിം കോടതി പ്രശ്‌നം ഭരണഘടനാ ബെഞ്ചിന് വിടുകയും ചെയ്തു.
മുരുഗന്‍, ശാന്തന്‍, പേരറിവാളന്‍ എന്നീ മൂന്ന് പേരെ വിട്ടയക്കാനുള്ള തീരുമാനം ഫെബ്രുവരി 20ന് കോടതി സ്റ്റേ ചെയ്തു. ഇവരെ വിട്ടയക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായ കാലവിളംബം ചൂണ്ടിക്കാട്ടി ഇവര്‍ക്ക് നല്‍കിയ വധശിക്ഷ ഫെബ്രുവരി 18ന് സുപ്രീം കോടതി ജീവപര്യന്തമാക്കി ഇളവ് ചെയ്തിരുന്നു. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരെ മോചിപ്പിക്കുന്നത് പിന്നീട് സുപ്രിം കോടതി സ്റ്റേ ചെയ്തു. ശാന്തനും മുരുഗനും, പേരറിവാളനും ഇപ്പോള്‍ വെല്ലൂരിലെ സെന്‍ട്രല്‍ ജയിലിലാണ്.
മറ്റ് നാല് പേര്‍ ജീവപര്യന്തം തടവ്ശിക്ഷ അനുഭവിച്ച് വരികയാണ്. 1991 മെയ് 21നാണ് രാജീവ് ഗാന്ധി തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ മനുഷ്യബോംബ് സ്‌ഫോടനത്തില്‍ വധിക്കപ്പെട്ടത്. എല്‍ ടി ടി ഇയുടെതായിരുന്നു രാജീവ് ഗാന്ധിയെ വധിച്ചതിന് പിന്നിലുള്ള കരങ്ങള്‍.

 

---- facebook comment plugin here -----

Latest