Connect with us

National

മൊബൈല്‍ സിം കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കാനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: മൊബൈല്‍ സിംകാര്‍ഡും ആധാറുമായി ബന്ധിപ്പിക്കാനുള്ള നടപടികളെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഈ പദ്ധതിക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കും. നിലവില്‍ സിംകാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ചില പ്രശ്‌നങ്ങളുണ്ട്. അതെല്ലാം പരിഹരിച്ച് ഉടന്‍ തന്നെ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥനായ ആര്‍ എസ് ശര്‍മ അറിയിച്ചു.
ജനങ്ങള്‍ക്ക് അധികം താമസമില്ലാതെ വിവരങ്ങള്‍ മൊബൈലിലേക്ക് പെട്ടെന്ന് എത്തിക്കാന്‍ സാധിക്കുമെന്നതാണ് ഈ പദ്ധതികൊണ്ടുള്ള നേട്ടമായി കാണുന്നത്. ഇത്തരമൊരു പദ്ധതിയെ ഡിജിറ്റല്‍ ഇന്ത്യ എന്ന തലത്തിലേക്ക് ഇന്ത്യയെ കൊണ്ടുവരാന്‍ പ്രാപ്തമാക്കും.
ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് രാജ്യത്തിനകത്ത് ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ച് ചര്‍ച്ച നടത്തിയെന്നും ശര്‍മ അറിയിച്ചു. സാംസംഗുമായും എല്‍ ജിയുമായും ഇതേപ്പറ്റി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ഇത്തരമൊന്ന് പ്രാവര്‍ത്തികമായാല്‍ അയല്‍ രാജ്യങ്ങളിലേക്ക് സാധനങ്ങള്‍ കയറ്റുമതി നടത്തി സാമ്പത്തിക വളര്‍ച്ച ഉണ്ടാക്കാന്‍ സാധിക്കുമെന്നും ശര്‍മ പറഞ്ഞു.
അതേസമയം, ആധാര്‍ പദ്ധതി വിഷയത്തില്‍ മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ഗുണഭോക്താക്കള്‍ക്ക് ഏത് സമയത്തും എവിടെയും എങ്ങനെയും അത് ആധികാരികത ഉറപ്പ് നല്‍കുമെന്ന് കഴിഞ്ഞ ദിവസം തിരുത്തിപ്പറഞ്ഞിരുന്നു. ഒരാള്‍ക്ക് മാത്രം അനുവദിക്കുന്ന ഒരു ആധാര്‍ നമ്പര്‍, ആ വ്യക്തിയെ തിരിച്ചറിയാനുള്ള സാര്‍വത്രിക ഉറപ്പായി കണക്കാക്കുമെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും അയച്ച കത്തില്‍ ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. ആവശ്യക്കാര്‍ക്ക് ഇതുപയോഗിച്ച് ബേങ്കിംഗ് പോലെയുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കാം. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ യു പി എക്കെതിരെയുള്ള പ്രധാന ആയുധമായി ആധാര്‍ വിഷയം ബി ജെ പി ഉന്നയിച്ചിരുന്നു.