Connect with us

Ongoing News

മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ടെവസ് അര്‍ജന്റീന ടീമില്‍

Published

|

Last Updated

ബ്യൂണസ് ഐറിസ്: ജനങ്ങളുടെ താരമെന്ന് സാക്ഷാല്‍ ഡിയഗോ മറഡോണ വിശേഷിപ്പിച്ച കാര്‍ലോസ് ടെവസ് മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം അര്‍ജന്റീനയുടെ ദേശീയ ഫുട്‌ബോള്‍ ടീമില്‍ തിരിച്ചെത്തി. അടുത്ത മാസം ഇംഗ്ലണ്ടില്‍ ക്രൊയേഷ്യ, പോര്‍ച്ചുഗല്‍ ടീമുകള്‍ക്കെതിരായ സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീമില്‍ ടെവസിനെ അര്‍ജന്റീന കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോ ഉള്‍പ്പെടുത്തി.
അടുത്ത വര്‍ഷം ചിലിയില്‍ നടക്കുന്ന കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പിനുള്ള തയ്യാറെടുപ്പിലേക്കാണ് കോച്ച് മാര്‍ട്ടിനോ ടെവസിനെയും ക്ഷണിച്ചിരിക്കുന്നത്. 2011 കോപ അമേരിക്കയില്‍ ഉറുഗ്വെയോട് ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയത്തോടെയാണ് ടെവസ് ടീമിന് പുറത്തായത്. അന്ന് പെനാല്‍റ്റി പാഴാക്കി ടെവസ് വില്ലനായി മാറിയിരുന്നു. ദുരന്തമായി വേട്ടയാടുന്ന 2011 ലെ ഓര്‍മകള്‍ മായ്ച്ചു കളയാനുള്ള സുവര്‍ണാവസരമാണ് ടെവസിന് മുന്നില്‍ തെളിഞ്ഞിരിക്കുന്നത്.
നവംബര്‍ പന്ത്രണ്ടിന് വെസ്റ്റ്ഹാം യുനൈറ്റഡിന്റെ അപ്ടര്‍ പാര്‍ക്ക് ഗ്രൗണ്ടില്‍ ക്രൊയേഷ്യയെ നേരിടുന്ന അര്‍ജന്റീന ആറ് ദിവസങ്ങള്‍ക്ക് ശേഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ പോര്‍ച്ചുഗലിനെയും നേരിടും. 2007-09 കാലഘട്ടത്തില്‍ മാഞ്ചസ്റ്ററിന്റെ താരമായിരുന്ന ടെവസിന് പഴയ തട്ടകത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാകും പോര്‍ച്ചുഗലിനെതിരായ മത്സരം.
അലസാന്‍ഡ്രൊ സബെല കോച്ചായെത്തിയതോടെയാണ് ടെവസിന് ടീമിലേക്കുള്ള വാതിലടഞ്ഞത്. ലോകകപ്പ് ലക്ഷ്യമിട്ട്, മെസിയെ കേന്ദ്രീകരിച്ചുള്ള സബെലയുടെ തന്ത്രങ്ങളില്‍ ടെവസിന് ഇടമില്ലായിരുന്നു. ഇനി ദേശീയ ടീമിലേക്കില്ലെന്നും അര്‍ജന്റീനയുടെ ലോകകപ്പ് മത്സരങ്ങള്‍ കാണില്ലെന്നും പ്രഖ്യാപിച്ചാണ് ടെവസ് തിരിച്ചടിച്ചത്.
എന്നാല്‍, ഇറ്റാലിയന്‍ സീരി എ യില്‍ ജുവെന്റസിനായി ടെവസ് പുറത്തെടുക്കുന്ന മികവ് കണ്ടില്ലെന്ന് നടിക്കാന്‍ കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോക്ക് സാധിക്കില്ലായിരുന്നു. ടെവസ് വൈകാതെ ടീമിലെത്തുമെന്ന് മാര്‍ട്ടിനോ സ്ഥാനമേറ്റയുടനെ തന്നെ സൂചന നല്‍കുകയും ചെയ്തു.
അര്‍ജന്റീനയില്‍ മെസിയേക്കാള്‍ പ്രിയങ്കരനാണ് ടെവസ്. ബൊക്ക ജൂനിയേഴ്‌സിന്റെ ഇതിഹാസ താരമായ ടെവസ് ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാതെ പോയതോടെ നിരാശ പടര്‍ന്നിരുന്നു. ലോകകപ്പ് റണ്ണേഴ്‌സപ്പായ അര്‍ജന്റീനയുടെ മുന്‍നിരയുടെ മൂര്‍ച്ച കൂട്ടാനുള്ള മാര്‍ട്ടിനോയുടെ ശ്രമമാണ് ടെവസിന്റെ തിരിച്ചുവരവ്. ലയണല്‍ മെസി നയിക്കുന്ന ടീമില്‍ സെര്‍ജിയോ അഗ്യെറോ, ഗോണ്‍സാലോ ഹിഗ്വെയിന്‍ എന്നീ സ്‌ട്രൈക്കര്‍മാരുമുണ്ട്.
ബൊക്ക ജൂനിയേഴ്‌സ്, കോറിന്ത്യന്‍സ്, വെസ്റ്റ് ഹാം, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്ബുകളുടെ മുന്നണിപ്പോരാളിയായിരുന്നു ടെവസ്.
മാഞ്ചസ്റ്റര്‍ ക്ലബ്ബുകളില്‍ നിന്ന് പരിശീലകരുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ചുവട് മാറ്റിയ ടെവസ് ഇറ്റലിയില്‍ ജുവെന്റസിന്റെ മുന്നണിപ്പോരാളിയായി മാറി. കഴിഞ്ഞ സീസണില്‍ പത്തൊമ്പത് ഗോളുകളുമായി ടെവസ് ജുവെന്റസിന് സീരി എ കിരീടം നേടിക്കൊടുത്തു. നടപ്പ് സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകള്‍ നേടിക്കഴിഞ്ഞു ടെവസ്.
അര്‍ജന്റീനക്കായി 2006, 2010 ലോകകപ്പ് കളിച്ച ടെവസ് ആറുപത്തിനാല് മത്സരങ്ങള്‍ കളിച്ചു. പതിമൂന്ന് ഗോളുകളാണ് നേടിയത്.
മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ കീപ്പര്‍ വില്‍ഫ്രെഡോ കബാലെറോയെയും കോച്ച് മാര്‍ട്ടിനോ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലകനായ ശേഷം മാര്‍ട്ടിനോയുടെ ആദ്യ മൂന്ന് മത്സരങ്ങളിലും പുറത്തിരുന്ന ഡിഫന്‍ഡര്‍ എസെക്വെല്‍ ലാവെസിയും ടീമില്‍ തിരിച്ചെത്തി. 4-2ന് ജര്‍മനിയെ യും 7-0ന് ഹോങ്കോംഗിനെയും തോല്‍പ്പിച്ച മാര്‍ട്ടിനോയുടെ അര്‍ജന്റീന 2-0ന് ബ്രസീലിനോട് പരാജയപ്പെട്ടിരുന്നു.
സ്‌ക്വാഡ്:
ഗോള്‍കീപ്പര്‍മാര്‍ : സെര്‍ജിയോ റൊമേറോ, വില്‍ഫ്രഡോ കബാലെറോ, നഹുല്‍ ഗുസ്മാന്‍.
ഡിഫന്‍ഡര്‍മാര്‍ : നികോളാസ് ഓടമെന്‍ഡി, ക്രിസ്റ്റ്യന്‍ അന്‍സാല്‍ഡി, ഫാകുന്‍ഡോ റോന്‍കാല്‍ജിയ, മാര്‍കോസ് റോജോ, മാര്‍ട്ടിന്‍ ഡെമിഷെലിസ്, പാബ്ലോ സബെലറ്റ, ഫെഡറികോ ഫാസിയോ, ഫെഡറികോ ഫെര്‍നാണ്ടസ്, എസെക്വല്‍ ഗാരെ.
മിഡ്ഫീല്‍ഡര്‍മാര്‍ : ജാവിയര്‍ മഷെറാനോ, എവര്‍ ബനേഗ, റോബര്‍ട്ടോ പെരെയ്‌റ, ലുകാസ് ബിജ്‌ലിയ, ഏഞ്ചല്‍ ഡി മരിയ, എറിക് ലമേല, ജാവിയര്‍ പസ്റ്റോറെ, എന്‍സോ പെരെസ്, നികോളാസ് ഗെയ്താന്‍.
ഫോര്‍വേഡ്‌സ്: കാര്‍ലോസ് ടെവസ്, ലയണല്‍ മെസി, ഗോണ്‍സാലോ ഹിഗ്വെയിന്‍, സെര്‍ജിയോ അഗ്യെറോ.

---- facebook comment plugin here -----

Latest