Connect with us

Kerala

വി സിമാരുടെ സമ്മേളനം: സര്‍ക്കാറിന് അതൃപ്തി

Published

|

Last Updated

തിരുവനന്തപുരം: വൈസ്ചാന്‍സലര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്ത ഗവര്‍ണറുടെ നടപടിയില്‍ സര്‍ക്കാറിന് അതൃപ്തി. വിദ്യാഭ്യാസ മന്ത്രിയെയും വകുപ്പ് സെക്രട്ടറിയെയും ഉള്‍പ്പെടുത്തി യോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത് തങ്ങളെ ഇരുട്ടില്‍ നിര്‍ത്തിയതിന് തുല്യമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തനിക്കുള്ള അതൃപ്തി മറച്ചുവെച്ചില്ല. ഗവര്‍ണറുടെ നടപടിയെക്കുറിച്ചുള്ള ചോദ്യത്തിന് നോ കമന്റ്‌സ് എന്ന ഒറ്റവരിയില്‍ മറുപടി ഒതുക്കി. ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ പ്രതികരിക്കുന്നതിനുള്ള പരിമിതി മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.
അതേസമയം, സംസ്ഥാനത്തെ സര്‍വകലാശാലകള്‍ നല്ല നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍വകലാശാലകള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ നേട്ടം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാണാനാകും. എന്നാല്‍ ചില സര്‍വകലാശാലകളില്‍ നടക്കുന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ അത് അര്‍ഹിക്കുന്ന ഉന്നത നിലവാരം പുലര്‍ത്തി മുന്നോട്ടുപോകണം.
കാലിക്കറ്റ് സര്‍വകലാശാലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് എല്ലാവരെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്. സര്‍വകലാശാല നിയമങ്ങളും നിബന്ധനകളും പാലിച്ചാണ് വി സി നിയമനങ്ങള്‍ നടത്തിയിട്ടുള്ളത്. ഘടകകക്ഷികള്‍ക്കും സാമുദായികാടിസ്ഥാനത്തിലും വീതംവക്കുന്ന രീതി ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
അതേസമയം സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ച ഗവര്‍ണര്‍ പി സദാശിവത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. വി സിമാരുടെ പ്രത്യേക യോഗം വിളിച്ച ഗവര്‍ണറുടെ നടപടി ശരിയായില്ലെന്നും ഇത് സര്‍ക്കാറിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും കെ പി സി സി ഉപാധ്യക്ഷന്‍ എം എം ഹസന്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ഗവര്‍ണര്‍ രൂപവത്കരിച്ച ചാന്‍സലേഴ്‌സ് കൗണ്‍സിലിന് നിയമസാധുതയില്ല. ഗവര്‍ണറുടെ നിലപാട് രാഷ്ട്രീയ ദുരുദ്ദേശ്യപരമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുമ്പ് ഒരിക്കലും ഉണ്ടാകാത്ത കീഴ്‌വഴക്കമാണിത്. ഇങ്ങനെ പോയാല്‍ ഗവര്‍ണര്‍ മന്ത്രിസഭായോഗം വരെ വിളിക്കുമെന്നും ഹസന്‍ പരിഹസിച്ചു.
വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ള ഗവര്‍ണര്‍മാര്‍ കേരളത്തില്‍ ധാരാളം വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു നടപടി ആരും സ്വീകരിച്ചിട്ടില്ല. നിയമപരിജ്ഞാനമുള്ള ഗവര്‍ണര്‍ അറിയാതെയാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് പറയാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗം വിളിക്കാനും കൗണ്‍സില്‍ രൂപവത്കരിക്കാനും ഗവര്‍ണര്‍ക്ക് അധികാരമില്ല. കീഴ്‌വഴക്കങ്ങളുടെ ലംഘനമാണിത്. നാളെയും ഗവര്‍ണര്‍ മറ്റുവിഷയങ്ങളില്‍ ഇടപെട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വി സിമാരുടെ യോഗവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്കെതിരെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും, ഇടതുപക്ഷ സഹയാത്രികനായ ഡോ. കെ ടി ജലീലും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.
സംഘ്പരിവാര്‍ പ്രതിനിധികളെ സര്‍വകലാശാലകളില്‍ തിരുകിക്കയറ്റാനുള്ള ശ്രമങ്ങളാണ് ഗവര്‍ണര്‍ നടത്തുന്നത്. സംഘ്പരിവാര്‍ മനസ്സുള്ള ഗവര്‍ണര്‍ സംഘ്പരിവാര്‍ നയങ്ങള്‍ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും ഇവര്‍ പറഞ്ഞിരുന്നു. ഗവര്‍ണറുടെ നിലപാടിന്‍മേല്‍ കെ ടി ജലീല്‍ എം എല്‍ എ ഉന്നയിച്ച സംശയങ്ങള്‍ പ്രസക്തമാണെന്നും ഇക്കാര്യങ്ങള്‍ പാര്‍ട്ടി സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest