Connect with us

Business

നീര നവംബര്‍ ഒന്നിന് വിപണിയില്‍

Published

|

Last Updated

തിരുവനന്തപുരം: കേര കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കി സംസ്ഥാന സര്‍ക്കാറിന്റെ നീര നവംബര്‍ ഒന്നിന് വിപണിയിലെത്തും. ഇതിനായി സെക്രട്ടേറിയറ്റില്‍ സ്ഥാപിക്കുന്ന ഓട്ടോമാറ്റിക് വെന്‍ഡിംഗ് മെഷീന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. എല്ലാ ജില്ലകളിലും കലക്ടറേറ്റുകളോട് ചേര്‍ന്നും നവംബറില്‍ തന്നെ നീര വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി കെ പി മോഹനന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നീരയുടെ പ്രചാരണാര്‍ഥം എല്ലാ ജില്ലകളിലും പര്യടനം നടത്തുന്ന സംസ്ഥാന നാളീകേര വികസന കോര്‍പ്പറേഷന്റെ പ്രചാരണ വിപണന വാഹനം മുഖ്യമന്ത്രി ഫഌഗ് ഓഫ് ചെയ്യും. പ്രചാരണം 14 ന് സമാപിക്കും. അത്യുത്പാദന ശേഷിയുള്ള കുറിയ ഇനം തെങ്ങുകള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ കല്‍പവൃക്ഷം എന്ന പരിപാടിക്കും തുടക്കമിടും. ഇതിന്റെ ഭാഗമായി ഒരു വിദ്യാലയത്തില്‍ രണ്ട് തെങ്ങിന്‍ തൈകള്‍ വീതം നട്ടുപരിപാലിക്കുന്ന പദ്ധതിയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
200 മില്ലി നീരക്ക് 30 രൂപയാണ് വില. നാളീകേര വികസന ബോര്‍ഡ് മില്‍മ മാതൃകയില്‍ അനുമതി നല്‍കി നാളീകേര വിസകന കോര്‍പ്പറേഷന്റെ കീഴില്‍ രൂപീകരിച്ചിട്ടുള്ള സംഘങ്ങള്‍ വഴി കര്‍ഷകരില്‍ നിന്ന് നീര ശേഖരിക്കും. ഇത് സംസ്‌കരിച്ചാണ് വിപണിയിലെത്തിക്കുക. കാര്‍ഷിക സര്‍വകലാശാലയുടെ പടന്നക്കാട് കേന്ദ്രത്തിലാണ് ഇപ്പോള്‍ സംസ്‌കരണ കേന്ദ്രമുള്ളത്. ഇവിടെ പ്രതിദിനം ആയിരം ലിറ്റര്‍ സംസ്‌കരിക്കാനാകും. എലത്തൂരില്‍ പതിനായിരം ലിറ്റര്‍ ഉല്പാദിപ്പിക്കാനുള്ള പ്ലാന്റ് ജനുവരിയില്‍ സജ്ജമാവും. ആറളം ഫാമിലും നവംബറില്‍ത്തന്നെ 10,000 ലിറ്ററിന്റെ പ്ലാന്റ് തുറക്കും. നീര ടെക്‌നീഷ്യന്‍മാരുടെ പരിശീലനവും അവിടെ നടക്കുന്നുണ്ട്. കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര, വെള്ളായണി എന്നിവിടങ്ങളിലും പ്ലാന്റുകള്‍ ആരംഭിക്കും.
നാളീ കേര വികസന ബോര്‍ഡ് മുഖാന്തിരം അനുമതി ലഭിക്കുന്ന സംഘങ്ങള്‍ക്കും വിപണനത്തിന് അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തെങ്ങിന്‍ പൂക്കുലയില്‍ നിന്ന് വേര്‍തിരിക്കുന്ന ശുദ്ധമായ ആരോഗ്യ പാനീയമായ നീര ധാതുലവണങ്ങളും ഹാനികരമല്ലാത്ത കുറഞ്ഞ ഗ്ലൈസിക് ഇന്‍ഡക്‌സുള്ള പഞ്ചസാര അടങ്ങിയതുമാണ്. നീര ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി തെങ്ങ് കൃഷി വ്യാപകമാക്കാനും പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് മന്ത്രി പറഞ്ഞു.