Connect with us

Articles

അമേരിക്ക വിതക്കുന്നതും കൊയ്യുന്നതും

Published

|

Last Updated

ഭീകരതയുടെ പേരില്‍ അമേരിക്ക ആഗോള തലത്തില്‍ “ശുദ്ധീകരണം” നടത്തുന്നത് ആത്മാര്‍ഥമായ നയസമീപനമുള്ള ഒന്നല്ലെന്ന് മനസ്സിലാക്കാന്‍ അവരുടെ ചരിത്രം പരിശോധിച്ചാല്‍ മതി. ഭീകരത തുടച്ചുനീക്കാനാണ് പദ്ധതിയെങ്കില്‍ എല്ലാ തരം ഭീകരതയും ആ പട്ടികയില്‍ ഉള്‍പ്പെടേണ്ടതായിരുന്നു. അങ്ങനെ ഉള്‍പ്പെട്ടിരുന്നുവെങ്കില്‍ ശ്രീലങ്കയില്‍ എല്‍ ടി ടി ഇ തീവ്രവാദികള്‍ മുസ്‌ലിംകള്‍ക്കെതിരെ നടത്തിയ ക്രൂരതകള്‍ക്കെതിരെ അവര്‍ ശബ്ദിക്കേണ്ടതായിരുന്നു. അതുണ്ടായില്ല എന്നു മാത്രമല്ല, എല്‍ ടി ടി ഇ തലവന്‍ പ്രഭാകരനെ ആയുധവും അര്‍ഥവും നല്‍കി പ്രോല്‍സാഹിപ്പിക്കുകയാണ് അമേരിക്ക ചെയ്തത്. അതുകൊണ്ടുതന്നെ ഒരൊറ്റ ദിവസം കൊണ്ട് ജാഫ്‌ന ഉപേക്ഷിച്ച് മുസ്‌ലിംകള്‍ക്ക് പലായനം ചെയ്യേണ്ടിവന്നു. ഒരു ആയുഷ്‌കാലം കൊണ്ട് അവര്‍ കെട്ടിപ്പടുത്ത സ്വപ്‌നങ്ങളാണ് ഒരൊറ്റ ദിവസംകൊണ്ട് തകര്‍ക്കപ്പെട്ടത്. ശ്രീലങ്കയിലടക്കം ബുദ്ധ സന്യാസിമാര്‍ മുസ്‌ലിംകള്‍ക്കെതിരെ വംശീയ കലാപം നടത്തിയപ്പോഴും അമേരിക്കയുടെ നാവ് തൊണ്ടയില്‍ കുരുങ്ങിപ്പോയി. ഈയടുത്ത് ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഭൂരിപക്ഷ ക്രിസ്തുമതക്കാര്‍ വംശീയ ശുദ്ധീകരണത്തിന്റെ പേരില്‍ കലാപമുയര്‍ത്തി പതിനായിരങ്ങളെ കൊന്നൊടുക്കിയപ്പോഴും അമേരിക്കയുടെ തനിനിറം ലോകം കണ്ടു. ഇതെല്ലാം കാണിക്കുന്നത് ഭീകരതക്കെതിരെയല്ല, മറിച്ച് ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തിനെതിരെയാണ് അമേരിക്കയുടെ ഗൂഢ നീക്കമെന്നത്രെ!
ഇറാഖില്‍ അമേരിക്ക കളിച്ച വൃത്തികെട്ടതും നീതീകരിക്കാന്‍ കഴിയാത്തതുമായ ചെയ്തികളെ നീതിയുടെ പക്ഷത്ത് നില്‍ക്കുന്ന മനുഷ്യസ്‌നേഹികള്‍ ചോദ്യം ചെയ്‌തെങ്കിലും, ആ ശബ്ദം വനരോദനമായി ഒടുങ്ങുകയാണുണ്ടായത്. സദ്ദാമിന്റെ പതനത്തോടെ എല്ലാം അവസാനിക്കുമെന്ന് നിനച്ചെങ്കിലും പുതിയ ഇരകളെ തേടി ലോകം ചുറ്റുന്ന സാമ്രാജ്യത്വ ഭീകരരെയാണ് ലോകം കണ്ടത്. ഒരു രാഷ്ട്രത്തെ മുച്ചൂടും നശിപ്പിക്കുക മാത്രമായിരുന്നില്ല അവരുടെ ലക്ഷ്യം. ആ രാജ്യത്തിലെ സാംസ്‌കാരിക തനിമയെയും കലാ-സാഹിത്യത്തെയും അവര്‍ നാശോന്മുഖമാക്കി. പരശ്ശതം വിശ്വാസി സമൂഹത്തെ കാലപുരിക്കയച്ചു. സദ്ദാമിന്റെ വധത്തോടെ ലോകത്തിലെ “ഭീകരത” അവസാനിച്ചെന്ന് കരുതാനോ അതിന് ലോകത്തെ സജ്ജമാക്കാനോ അമേരിക്കക്ക് കഴിഞ്ഞില്ല. സദ്ദാമിനു ശേഷം മറ്റൊരാള്‍ അവര്‍ക്ക് ആവശ്യമായിരുന്നു. അങ്ങനെയാണ് അമേരിക്ക തന്നെ പാലൂട്ടി വളര്‍ത്തിയ അല്‍ഖാഇദയെ മുന്നിലേക്ക് കൊണ്ടുവരുന്നത്. ഉസാമയുടെ പേരു പറഞ്ഞ് പശ്ചിമേഷ്യയെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്താന്‍ അമേരിക്കക്ക് കഴിഞ്ഞു. കോടിക്കണക്കിന് ഡോളര്‍ അതിന്റെ അണിയറ പ്രവര്‍ത്തനത്തിനു മാത്രം ചെലവാക്കി. അഫ്ഗാനെയും പാക്കിസ്ഥാനെയും അവര്‍ ഉന്നം വെച്ചു. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ബലിയാടാകേണ്ടി വന്നത് ആയിരക്കണക്കിന് സിവിലിയന്‍ സമൂഹമാണ്. അല്‍ഖാഇദയുടെ പേരില്‍ ഇറാനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വ വീരന്മാര്‍ക്ക് തങ്ങളുടെ വഴി തെറ്റുന്നില്ല എന്നു നിജപ്പെടുത്തുന്ന ചില സൂചനകള്‍ അന്നാട്ടില്‍ നിന്നു വന്നുകൊണ്ടിരിക്കുന്നു. പശ്ചിമേഷ്യയുടെ ഉറച്ച ശബ്ദമായിരുന്നു ഇറാന്‍. എന്നാല്‍ ഇന്നവര്‍ സിറിയക്കെതിരെ അമേരിക്കയുടെ പക്ഷം ചേരുന്ന കാഴ്ച കാണുന്നുണ്ട്.
ഉസാമയുടെ മരണത്തോടെ അല്‍ഖാഇദയും ഭീകരതയും അവസാനിച്ചു എന്നു വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളല്ല ആരും. അമേരിക്കക്കും അല്‍ഖാഇദ അത്ര പെട്ടെന്നൊന്നും തിരോഭവിക്കുന്നത് ഇഷ്ടമാകില്ല. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ചിതറിക്കിടക്കുന്ന അല്‍ഖാഇദ അനുഭാവികളെ ഇല്ലായ്മ ചെയ്യണമെങ്കില്‍ ഓരോ രാജ്യത്തിനും ആയുധം നല്‍കേണ്ടിവരും. അവ അമേരിക്കയുടെ ആയുധ ഫാക്ടറികളില്‍ നിന്നാണ് എത്തിച്ചേരുന്നത്. അതുമൂലം അമേരിക്കന്‍ ഖജനാവില്‍ എത്തിപ്പെടുന്ന “പെട്രോള്‍ മണി” ചില്ലറയല്ല. പണം മാത്രമല്ല, ഓരോ നാട്ടിലെയും ഇസ്‌ലാം മത വിശ്വാസികളെയും പൊരുതിയൊടുക്കാന്‍ അമേരിക്കന്‍ സഖ്യ സൈന്യങ്ങള്‍ക്ക് കഴിയും. അതാണ് ഏറ്റവും വലിയ നേട്ടമെന്ന് അവര്‍ക്കറിയാം. സിയോണിസ്റ്റ് ഭീകരവാദികളായ ഇസ്‌റാഈല്‍ എന്ന രാജ്യത്തിന്റെ ഒളി അജന്‍ഡയും മറ്റൊന്നുമല്ലല്ലോ!
ഉസാമയുടെ മരണാനന്തരം അല്‍ഖാഇദക്ക് സംഭവിച്ച ക്ഷീണം ഇസിസിന്റെ രൂപത്തിലാണ് ലോകത്ത് പത്തി വിടര്‍ത്തിയിരിക്കുന്നത്. ഒരുവേള, അമേരിക്കയുടെ സൃഷ്ടി തന്നെയാണ് ഇസിസെന്ന ഭീകരരെന്ന് പല രാഷ്ട്രീയ നിരീക്ഷകരും വെളിപ്പെടുത്തിയിട്ടുണ്ട്. എണ്ണത്തില്‍ കുറവാണെങ്കിലും ക്രൂര കൃത്യങ്ങളുടെ കാര്യത്തില്‍ ഈ സംഘടന അത്രയൊന്നും ചെറുതല്ലെന്ന് തെളിയിച്ചുകഴിഞ്ഞു. ഈ സംഘടനയെ ഇല്ലായ്മ ചെയ്യാന്‍ അമേരിക്കക്ക് 30 വര്‍ഷം വേണ്ടിവരുമെന്നാണ് പെന്റഗന്റെ മുന്‍ തലവന്‍ ലിയോന്‍ പനേറ്റ പറയുന്നത്. ഇസിസിന്റെ പ്രവര്‍ത്തനം ഇറാഖ്, സിറിയ, നൈജീരിയ, സോമാലിയ, യമന്‍, ലിബിയ തുടങ്ങിയ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലാണ് കൂടുതല്‍ സജീവമായിട്ടുള്ളത്. ഇവിടങ്ങളിലെ മുസ്‌ലിം ജനതയെ ആനുപാതികമായി കുറച്ചുകൊണ്ടുവരാന്‍ അമേരിക്ക കാണുന്ന ഒരേയൊരു വഴി യുദ്ധം തന്നെയാണ്. അതിന് രഹസ്യമായി ഇസിസിന് ആയുധം നല്‍കേണ്ടിവരും. അതവര്‍ ചെയ്യുന്നുമുണ്ട്. ഇസിസിനെ ചെറുക്കാനെന്ന പേരില്‍ ഈ രാജ്യങ്ങള്‍ക്ക് അവര്‍ തന്നെ ആയുധം നല്‍കുന്നു. അങ്ങനെ പരസ്പരം ഏറ്റുമുട്ടി ഇല്ലാതാകുന്നത് മറ്റാരുമല്ല, മുസ്‌ലിംകള്‍ തന്നെ. പഴയ പഞ്ചതന്ത്രം കഥയിലെ കുറുക്കന്റെ കഥ തന്നെ! നൈജീരിയ, ലിബിയ, സിറിയ മുതലായ രാജ്യങ്ങളിലെ എണ്ണ സമ്പന്നതയില്‍ അമേരിക്കയുടെ കണ്ണുകളുണ്ട്. ഭീകരതയുടെ പേരില്‍ ഈ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടുകഴിഞ്ഞാല്‍ സംഗതി ക്ലീനായി.
ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട ഒരു വസ്തുതയുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള എന്ന മാരക രോഗം പടര്‍ന്നുപിടിച്ചപ്പോള്‍ സഹായ ഹസ്തവുമായി പാഞ്ഞെത്തിയ അമേരിക്കയുടെ ഉള്ളിലിരിപ്പ് പലര്‍ക്കും മനസ്സിലാകാത്ത ഒന്നാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സൈനികാധിപത്യം ഉറപ്പിക്കാന്‍ വര്‍ഷങ്ങളായി കാത്തുകഴിയുന്ന അമേരിക്കക്ക് പൊടുന്നനെ ലഭിച്ച ഒരു തുറുപ്പ് ചീട്ടായിരുന്നു എബോള. സൈന്യത്തിനു കീഴില്‍ സഹായ കേന്ദ്രങ്ങള്‍ തുറന്നുകൊണ്ടാണ് അമേരിക്ക ഇതിനു ശ്രമിച്ചത്. ആഫ്രിക്കന്‍ ആധിപത്യത്തിനു വേണ്ടി അമേരിക്ക കൊതിക്കാന്‍ രണ്ട് കാരണങ്ങള്‍ ഉണ്ട്. ഒന്ന്, ആഫ്രിക്കയുടെ വിശാലമായ പ്രകൃതി സമ്പത്ത് ചൂഷണം ചെയ്യല്‍. രണ്ട്, ആഫ്രിക്കന്‍ രാജ്യങ്ങളിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ പിടിച്ചടക്കല്‍. ഈ രണ്ട് ബൃഹത്തായ ലക്ഷ്യങ്ങളും സ്വായത്തമാക്കാന്‍ എബോളയുടെ മറവില്‍ കഴിയുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. ഇപ്പോള്‍ തന്നെ അമേരിക്കന്‍ എയര്‍ഫോഴ്‌സിന്റെ മെഡിക്കല്‍ സംഘം ഈ രാജ്യങ്ങളില്‍ ഇറങ്ങിക്കഴിഞ്ഞു. ഒരുപക്ഷേ, ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഇസ്‌ലാംവിരുദ്ധ തീവ്രവാദ കക്ഷികളുമായി ചേര്‍ന്നാകും അമേരിക്കയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍.
ലോകത്തിലെ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ വര്‍ഷവും അമേരിക്ക ചെലവിടുന്ന തുകയുടെ തോത് കേട്ടാല്‍, അവികസിത രാജ്യങ്ങളിലെ പട്ടിണി കിടക്കുന്ന കോടിക്കണക്കിന് മനുഷ്യര്‍ ഞെട്ടിപ്പോകും. ഇറാഖ്, അഫ്ഗാന്‍ രാജ്യങ്ങളിലെ ഭീകരവിരുദ്ധ പ്രവര്‍ത്തനത്തിന് മാത്രം അമേരിക്ക ഇതുവരെ ചിലവിട്ടത് ആറ് ട്രില്ല്യണ്‍ ഡോളറാണ്.
ഇത്രയേറെ തുക ചെലവാക്കിയിട്ടും ഈ രണ്ട് യുദ്ധങ്ങളും വിജയിച്ചോ എന്നു ചോദിച്ചാല്‍ ഇല്ല എന്നു തന്നെയാണ് ഉത്തരം. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും കാലം നീണ്ടുനിന്ന യുദ്ധമാണ് അഫ്ഗാനില്‍ ബിന്‍ലാദന്റെ പേര് പറഞ്ഞ് നടത്തിയതെന്നോര്‍ക്കണം. 13 വര്‍ഷം നീണ്ട യുദ്ധത്തില്‍ 2000 അമേരിക്കന്‍ ഭടന്മാരും 20,000ലേറെ അഫ്ഗാന്‍ സിവിലിയന്മാരുമാണ് മരിച്ചത്. ഇന്നും അഫ്ഗാന്‍ താലിബാന്റെ നിയന്ത്രണത്തില്‍ നിന്നു പൂര്‍ണമായി മോചിതമായിട്ടില്ല. അതുതന്നെയാണ് അമേരിക്ക ആഗ്രഹിക്കുന്നതും.

Latest