Connect with us

National

എയര്‍സെല്‍- മാക്‌സിസ് ഇടപാട്: മാരന്‍ സഹോദരങ്ങള്‍ക്ക് സമന്‍സ്

Published

|

Last Updated

ന്യൂഡല്‍ഹി: 2ജി അഴിമതി കേസുമായി ബന്ധപ്പെട്ട എയര്‍സെല്‍- മാക്‌സിസ് ഇടപാട് കേസില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരന് പ്രത്യേക സി ബി ഐ കോടതി സമന്‍സ് അയച്ചു. മാര്‍ച്ച് രണ്ടിന് കോടതിക്ക് മുമ്പാകെ ഹാജരാകണമെന്നാണ് നിര്‍ദേശം. മാരന്റെ സഹോദരന്‍ കലാനിധി, മലേഷ്യന്‍ വ്യവസായി ടി ആനന്ദ കൃഷ്ണന്‍, അഗുസ്തസ് റാല്‍ഫ് മാര്‍ഷല്‍ എന്നിവരെയും സഹ ആരോപണവിധേയരായി വിളിപ്പിച്ചിട്ടുണ്ട്. കേസില്‍ കുറ്റാരോപിതര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രത്യേക കോടതി ജഡ്ജി ഒ പി സെയ്‌നി ഇവരെ വിളിപ്പിച്ചത്.
എയര്‍സെല്‍ ഉടമസ്ഥന്‍ ശിവശങ്കരനെ സ്വന്തം ഓഹരി വില്‍ക്കാന്‍ അധികാരമുപയോഗിച്ച് സമ്മര്‍ദം ചെലുത്തി ആനന്ദ കൃഷ്ണനെ മാരന്‍ സഹായിച്ചെന്നാണ് സി ബി ഐ ആരോപിക്കുന്നത്. എയര്‍സെല്‍ ഏറ്റെടുത്തതോടെ മാക്‌സിസ് ഗ്രൂപ്പിന് ലാഭം നേടിക്കൊടുക്കാന്‍ ദയാനിധി മാരന്‍ സഹായിച്ചെന്നു ശിവശങ്കരന്‍ ആരോപിക്കുന്നു. ഇതിന് പ്രത്യുപകാരമായി മാക്‌സിസ് കമ്പനി, ആസ്‌ട്രോ നെറ്റ്‌വര്‍ക് എന്ന മാരന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ നിക്ഷേപം നടത്തിയതായും ശിവശങ്കരന്‍ ആരോപിക്കുന്നു. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സണ്‍ ഡയറക്ട് ടി വി, ബ്രിട്ടന്‍ കേന്ദ്രമായുള്ള ആള്‍ ഏഷ്യ നെറ്റ്‌വര്‍ക്‌സ്, മലേഷ്യയിലെ മാക്‌സിസ് കമ്യൂനിക്കേഷന്‍ ബെര്‍ഹാഡ്, മൗറീഷ്യസിലെ സൗത്ത് ഏഷ്യ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നീ കമ്പനികളും ആഗസ്റ്റ് 29ന് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കുറ്റാരോപിതരെ വിചാരണ ചെയ്യാന്‍ പര്യാപ്തമായ തെളിവുകള്‍ ഉണ്ടെന്നാണ് സി ബി ഐ പറയുന്നത്. കുറ്റകരമായ ഗൂഢാലോചന, അഴിമതിനിരോധന നിയമം തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ആരോപിതര്‍ക്കെതിരെ കുറ്റം ചുമത്താന്‍ എമ്പാടും സാധ്യതയുണ്ടെന്ന് പ്രഥമ വിവര റിപ്പോര്‍ട്ട്, കുറ്റപത്രം, സാക്ഷിമൊഴികള്‍, അനുബന്ധ രേഖകള്‍ എന്നിവ അതിസൂക്ഷ്മമായി പരിശോധിച്ച ശേഷം കോടതി ചൂണ്ടിക്കാട്ടി. ആനന്ദ് കൃഷ്ണനും മാര്‍ഷലും വിദേശത്താണ് താമസിക്കുന്നതെന്നും ആസ്‌ട്രോ ആള്‍ ഏഷ്യ നെറ്റ്‌വര്‍ക്‌സ്, മാക്‌സിസ്, സൗത്ത് ഏഷ്യ എന്റര്‍ടെയ്‌മെന്റ്‌സ് എന്നിവ വിദേശ കമ്പനികളാണെന്നും കോടതി നിരീക്ഷിച്ചു.

Latest