Connect with us

Kerala

ചുംബന പ്രതിഷേധം തടയണം: വനിതാ കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം: വര്‍ധിച്ച് വരുന്ന സദാചാരപ്പോലീസിംഗും അതിനെതിരെ പ്രതിഷേധമെന്ന പേരില്‍ ചിലര്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ പരസ്യമായി സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ചുംബന മഹോത്സവവും തടയണമെന്ന് സംസ്ഥാനവനിതാ കമ്മീഷന്‍. എവിടെ യെങ്കിലും അനാശാസ്യപ്രവര്‍ത്തനം നടന്നാല്‍ അതില്‍ ഇടപെട്ടു നടപടി എടുക്കേണ്ടത് പോലീസാണ്. ഇത്തരം കാര്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനു പകരം സംഘം ചേര്‍ന്നു നിയമം കൈയിലെടുക്കുന്നത് പ്രാകൃതവും ജനാധിപത്യ വിരുദ്ധവും ആണ്. സംഘടനകളായാലും മാധ്യമങ്ങളായാലും വ്യക്തികളായാലും മറ്റുള്ളവരുടെ സ്വകാര്യതയില്‍ കടന്നുകയറുന്നത് നീതീകരിക്കാന്‍ ആവില്ല.
അതേസമയം ഇതിനെതിരായ പ്രതിഷേധമെന്ന പേരില്‍ കേരളീയസംസ്‌കാരത്തിന് ഇണങ്ങാത്ത പൊതുസ്ഥലത്തെ പരസ്യചുംബനം പോലുള്ള പ്രവൃത്തികളും അംഗീകരിക്കാനാവില്ല. എറണാകുളം മറൈന്‍ ഡ്രൈവില്‍ ചുംബന മഹോത്സവം എന്ന പേരില്‍ ഒരു പരിപാടി സംഘടിപ്പിക്കാന്‍ ചിലര്‍ തീരുമാനിച്ചതായി മാധ്യമങ്ങളില്‍ കാണുന്നു. ഇത് ഒരു കാരണവശാലും അനുവദിക്കരുത്. കുടുംബ ബന്ധങ്ങള്‍ക്കും സംസ്‌കാരത്തിനും പ്രാധാന്യം നല്‍കുന്ന കേരളീയസമൂഹത്തിന്റെ പൈതൃകത്തിനു വിരുദ്ധമായ ഈ പ്രവൃത്തി കര്‍ശനമായി തടയണമെന്നാണ് കമ്മീഷന്റെ അഭിപ്രായം. ഈ അവശ്യം ഉന്നയിച്ച് വനിതാ കമ്മീഷന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തുനല്‍കുമെന്ന് കമ്മീഷന്‍ അധ്യക്ഷ കെ സി റോസക്കുട്ടി അറിയിച്ചു.

Latest