Connect with us

Articles

വാട്‌സ്ആപ് കാലത്തെ സംയമനങ്ങളും മര്യാദകളും

Published

|

Last Updated

പണ്ടൊക്കെ നമുക്ക് രണ്ട് ലോകങ്ങളേ ഉണ്ടായിരുന്നുള്ളൂ; ഇഹലോകവും പരലോകവും. ഇന്ന് പക്ഷേ, ഓണ്‍ലൈണ്‍ എന്ന മൂന്നാമതൊരു ലോകം നമ്മുടെ ജീവിതത്തിന്റെ താളം ഏറ്റെടുത്തിരിക്കുകയാണ്. ഈ മൂന്നാം ലോകത്ത് ജീവിക്കുന്നവരില്‍ മിക്ക പേരും സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നിറസാന്നിധ്യങ്ങളാണ്. എന്നാല്‍, സാമൂഹിക ഇടം എന്ന നിലക്ക്, നമ്മള്‍ തീര്‍ച്ചയായും പാലിക്കേണ്ട മര്യാദകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ജീവിക്കുമ്പോള്‍ നാം പാലിക്കാറുണ്ടോ? ഇല്ല എന്നതായിരിക്കും ഓണ്‍ലൈന്‍ ലോകത്തെ വ്യക്തിജീവിതം പരിശോധിക്കുമ്പോള്‍ മിക്ക പേര്‍ക്കും ലഭിക്കുന്ന ശരിയുത്തരം. രാവിലെ ഉണരുന്നതും രാത്രി മയങ്ങുന്നതുമെല്ലാം ഈ മൂന്നാം ലോകത്താകുമ്പോഴും മര്യാദകള്‍ അന്യം വന്നുപോകുന്ന ദുരവസ്ഥ നമ്മള്‍ കാണാതിരുന്നു കൂടാ.
ഫേസ്ബുക്ക്, മലയാളികളെ മര്യാദയില്ലാത്തവരാക്കി മാറ്റി എന്ന് പറയുന്നതില്‍ തെറ്റില്ല. മരിയ ഷറപോവ എന്ന ടെന്നീസ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറെ പരിചയമില്ല എന്ന് പറഞ്ഞപ്പോള്‍ അവരുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നമ്മള്‍ തെറിപ്പൂരം നടത്തി. വൃത്തിെകട്ട ഭാഷയില്‍ ഷറപോവയുടെ ഇന്‍ബോക്‌സ് നിറച്ചു. ഇതുവഴി “ലോകത്തെ ഏറ്റവും മോശം ആളുകളുള്ള രാജ്യമാണ് ഇന്ത്യ” എന്നും “ഇന്ത്യക്കാര്‍ പൊതുസ്ഥലങ്ങളില്‍ തുപ്പുന്നവരാണെ”ന്നും പറയിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഫേസ്ബുക്ക് എന്ന സാമൂഹിക മാധ്യമം മലയാളികളുടെ ജീവിതത്തില്‍ കൊണ്ടുവന്ന മാറ്റങ്ങളിലൊന്നാണിത്. നമ്മള്‍ അറിഞ്ഞോ അറിയാതെയോ മര്യാദയില്ലാത്തവരായിരിക്കുന്നു.
സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുമ്പോള്‍ ചില മര്യാദകള്‍ നാം പാലിക്കേണ്ടതുണ്ട്. മറ്റൊരാളുടെ വ്യക്തിത്വത്തെയും സ്വകാര്യ ജീവിതത്തെയും ബാധിക്കുന്ന ഒരു പ്രവര്‍ത്തനവും ഉണ്ടാകരുത്. സ്‌നേഹം, സൗഹൃദം, ദയ, അനുകമ്പ, സന്തോഷം, സംതൃപ്തി തുടങ്ങിയ മാനുഷിക വികാരങ്ങള്‍ ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. സ്വന്തം വ്യക്തിത്വത്തിന് പരുക്കേല്‍ക്കുന്നതും അഭിമാനത്തിന് ക്ഷതമേല്‍ക്കുന്നതും ആരും ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ നാം ഉപയോഗിക്കുന്ന വാക്കുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവ ധാര്‍മിക മൂല്യങ്ങള്‍ ഉള്‍വഹിക്കുന്നതായിരിക്കണം. ആരെയും മുറിവേല്‍പ്പിക്കാതെയും ബുദ്ധിജീവികള്‍ക്ക് ആക്ടിവിസം നടത്താവുന്നതാണ്.
ആത്മവിശ്വാസക്കുറവുള്ളവരും വ്യക്തിത്വ വൈകല്യമുള്ളവരുമാണ് ഇന്റര്‍നെറ്റില്‍ അമിതമായി സമയം ചെലവഴിക്കുന്നതെന്ന് മനഃശാസ്ത്രജ്ഞര്‍ പറയുന്നു. ചില ആളുകളുടെ പോസ്റ്റുകളും കമന്റുകളും കാണുമ്പോള്‍ ഇത് തീര്‍ത്തും ശരിയാണെന്ന് തോന്നും. സാധാരണ ജീവിതത്തില്‍ ചെയ്യാന്‍ പാടില്ലാത്തതോ കഴിയാത്തതോ ആയ എന്തും ഫേസ്ബുക്കിലും ട്വിറ്ററിലുമാകാം എന്ന മനോഭാവമാണ് ചിലര്‍ക്ക്. അതുകൊണ്ട് തന്നെയാണ് ഓഫ്‌ലൈനില്‍ നിര്‍ജീവമാകുന്നവര്‍ ഓണ്‍ലൈനില്‍ സജീവമായി ഇടപെടുന്നവരായി പരിണമിക്കുന്നത്. ഇത് സാമൂഹിക മാധ്യമത്തിന്റെ ഒരു സാധ്യത എന്നതിലപ്പുറം, സാംസ്‌കാരിക ജീവിതത്തെ നശിപ്പിക്കുന്ന പ്രവണത എന്ന വിലയിരുത്തലാണ് കൂടുതല്‍ ശരി. കാരണം മിഥ്യയുടെ മേല്‍ കെട്ടിപ്പടുക്കുകയും മായിക ലോകം സൃഷ്ടിച്ച് ഉത്പാദിപ്പിക്കുകയും ചെയ്യുന്ന ആത്മവിശ്വാസമാണത്. ഈ വ്യാജ ആത്മവിശ്വാസം നല്‍കുന്ന ഊര്‍ജമാണ് ഏത് തെറിയും പച്ചമലയാളത്തില്‍ പറയാനും സ്വകാര്യ ചാറ്റിംഗുകളില്‍ അതിര്‍വരമ്പുകള്‍ ലംഘിക്കാനും നമ്മെ പ്രാപ്തരാക്കുന്നത്.
ഫേസ്ബുക്ക് ലോകത്ത് ജീവിക്കുന്നവര്‍ അവിടെ ചെലവിടുന്ന സമയത്തിന്റെ സിംഹഭാഗവും ഉപയോഗിക്കുന്നത് ക്രിയാത്മകമോ ധാര്‍മികമോ ആയ പ്രവര്‍ത്തനങ്ങള്‍ക്കല്ല. ആത്മരതിയില്‍ സന്തോഷം കണ്ടെത്തി, അതിനു വേണ്ടി ഒരു ദിവസത്തെ വലിയൊരു സമയം ചെലവഴിക്കുന്നവരാണ് മിക്ക സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ജീവികളും. നേരിട്ട് അറിയുന്നവരേക്കാള്‍ കൂടുതല്‍ ജീവിതത്തില്‍ ഒട്ടും പരിചയമില്ലാത്തവരുമായി സൗഹൃദം സ്ഥാപിക്കുകയും സംഭാഷണം നടത്തുകയും ചെയ്യുന്നവര്‍. ആനുകാലിക വിഷയങ്ങളില്‍ ബൗദ്ധിക ഇടപെടലുകള്‍ നടത്തുന്ന ചുരുക്കം ചിലരെ മാറ്റി നിര്‍ത്തിയാല്‍, ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മാധ്യമങ്ങളുടെ നിത്യോപയോഗം കാരണം ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷങ്ങള്‍ ആയിരിക്കും നാം കണ്ടെത്തുക. വ്യക്തിപരമായി ഫേസ്ബുക്ക്/വാട്‌സ്അപ്പ് ഉപയോഗം കൊണ്ട് ഞാന്‍ എന്തുനേടി എന്ന ചോദ്യത്തിന് സത്യസന്ധമായി ഉത്തരം തേടുമ്പോള്‍, ഈയൊരു നിരാശാജനകമായ ഫലമായിരിക്കും കണ്ടെത്തുക. ഫേസ്ബുക്ക്/വാട്‌സ്ആപ്പിന്റെ അമിതോപയോഗം കൗമാരക്കാരില്‍ മരവിപ്പും അപകര്‍ഷബോധവും മാനസികാസ്വാസ്ഥ്യങ്ങളും ഉണ്ടാക്കുന്നു എന്നു തന്നെയാണ് വിദഗ്ധാഭിപ്രായം. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും ഓണ്‍ലൈന്‍ ഗെയിമുകളിലും സമയം ചെലവിടുന്ന കുട്ടികള്‍ പഠനത്തില്‍ പിന്തള്ളപ്പെടുകയും നൈസര്‍ഗിക കഴിവുകള്‍ വികസിപ്പിക്കാനാവാതെ, അലസരായി സ്വയം സൃഷ്ടിച്ച മതില്‍ക്കെട്ടുകളില്‍ ജീവിക്കേണ്ടി വരികയും ചെയ്യുന്നു. സാമൂഹിക പ്രതിബദ്ധതക്കും ജീവിതമൂല്യങ്ങള്‍ക്കും ഒട്ടും പ്രാധാന്യം കല്‍പിക്കാനാകാത്ത ഒരു മനോഭാവം വളര്‍ന്നു വരികയും അതുവഴി വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും വൈകല്യങ്ങള്‍ വന്നുചേരുകയും ചെയ്യുന്നു. ആളുകളുമായി ഇടപഴകുമ്പോള്‍ ഈ സ്വഭാവ വൈകല്യങ്ങള്‍ പ്രകടമാവും എന്ന് പറയേണ്ടതില്ലല്ലോ.
ഈ മൂന്നാം ലോകത്തിന്റെ മായികവലയത്തില്‍ നിന്ന് അവധിയെടുത്ത് ഒന്ന് പുറത്തിറങ്ങി നോക്കൂ. യഥാര്‍ഥ ജീവിതത്തിന്റെ പച്ചയായ യാഥാര്‍ഥ്യങ്ങളിലേക്ക് വീണ്ടും ഒരു യാത്ര ചെയ്ത് നോക്കുക. സുന്ദരമായ പ്രഭാതം കണ്ട്, അയല്‍വാസികളോട് മുഖത്തുനോക്കി സംസാരിച്ച്, സുഹൃത്തുക്കളോട് സൗഹൃദം പങ്കിട്ട്, പ്രകൃതിയില്‍ അലിഞ്ഞ് ഒരു ദിവസമെങ്കിലും ജീവിച്ചു നോക്കുക. വ്യത്യാസം അനുഭവിച്ചറിയാം. ഓണ്‍ലൈന്‍ ജീവിതം മൂലം, നിത്യജീവിതത്തില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന പരശ്ശതം ക്രിയാത്മക പ്രവര്‍ത്തനങ്ങളും മൂല്യാധിഷ്ഠിത മുന്നേറ്റങ്ങളും എത്രയോ നമുക്ക് നഷ്ടമാവുന്നുണ്ടെന്ന യാഥാര്‍ഥ്യമെങ്കിലും അപ്പോള്‍ നമുക്ക് തിരിച്ചറിയാനാകും.
നമ്മുടെ ഭാഷയിലും മനോഭാവത്തിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ ചെറുതല്ല. മാന്യമായ ഭാഷയും സംസ്‌കാര സമ്പന്നമായ പ്രയോഗങ്ങളും നമ്മള്‍ എവിടെയോ മറന്നുവെച്ചു. പരസ്പരം ബഹുമാനിക്കുകയും മാനുഷിക പരിഗണനകള്‍ വകവെച്ചു കൊടുക്കുകയും ചെയ്തിരുന്ന നാം, മിണ്ടിയാല്‍ വര്‍ഗീയത തുപ്പുകയും ചീത്ത ഭാഷ ഉപയോഗിക്കുകയും ചെയ്യുന്നവരായി മാറിയോ? അല്ലെങ്കില്‍ സാമൂഹിക മാധ്യമങ്ങളുടെ നിരന്തരമായ ഉപയോഗം, നമ്മുടെ ഉള്ളില്‍ ഉണ്ടായിരുന്ന സഹാനുഭൂതിയെയും സ്‌നേഹത്തെയും കവര്‍ന്നെടുത്ത്, നമ്മളെ അഹങ്കാരികളാക്കിയോ?
സോഷ്യല്‍ മീഡിയയില്‍ നമുക്ക് അല്‍പം കൂടി വിനയാന്വിതരാവാം. മാന്യമായ ഭാഷയില്‍ സംസാരിക്കാം. ആരെയും മുറിപ്പെടുത്താതെ ബൗദ്ധിക ചര്‍ച്ചകളില്‍ ഇടപെടാം. ആഭാസകരമായ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാം. നമ്മുടെ ഓണ്‍ലൈന്‍ ആക്ടിവിസം കാരണം മതത്തിനോ സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ ചീത്തപ്പേര് ഉണ്ടാക്കാതിരിക്കാനും ശ്രദ്ധിക്കാം. “എന്താണോ നിങ്ങള്‍ ഷെയര്‍ ചെയ്യുന്നത് അതാണ് നിങ്ങള്‍” എന്ന് സാമൂഹിക മാധ്യമങ്ങളെക്കുറിച്ച് അക്കാദമിക പഠനങ്ങള്‍ നടത്തിയ സി.ഡബ്ല്യു ലീഡ് ബീറ്റര്‍ പറഞ്ഞിട്ടുണ്ട്. ജീവിതത്തിലെ ഓരോ ചുവടിലും മിതമായ രീതി കൈക്കൊള്ളാന്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ അധ്യാപനമുണ്ട്. നിലവാരമുള്ള സംഭാഷണ കലയും മാന്യമായ ഭാഷയും അടയാളപ്പെടുത്തുന്ന ഉന്നതമായ ഒരു സോഷ്യല്‍ മീഡിയ സംസ്‌കാരം സൃഷ്ടിക്കാനാകില്ലേ നമുക്ക്?

Latest