Connect with us

Kozhikode

എസ് വൈ എസ് 60ാം വാര്‍ഷികം: കാല്‍ലക്ഷം സ്വഫ്‌വ അംഗങ്ങള്‍ കര്‍മ രംഗത്ത്‌

Published

|

Last Updated

കോഴിക്കോട്: എസ് വൈ എസ് 60ാം വാര്‍ഷികത്തോടനുബന്ധിച്ച് സമൂഹത്തെ നന്മയിലേക്ക് നയിക്കാന്‍ പ്രത്യേക പരിശീലനം നേടിയ സ്വഫ്‌വ സംഘവും. ദൗത്യ നിര്‍വഹണത്തിനും പൂര്‍ത്തീകരണത്തിനുമായി യത്‌നിക്കുന്ന സ്വഫ്‌വ കര്‍മ സേന നന്മയുടെ വാഹകരായും സത്യസരണിയുടെ വഴികാട്ടികളായും രംഗത്തുണ്ടാവും. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കിളുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 33 അംഗങ്ങള്‍ വീതം 25000 കര്‍മ ഭടന്മാരുള്‍ക്കൊള്ളുന്നതാണ് ഈ കര്‍മസേന . വരും നാളുകള്‍ സമൂഹത്തെ സക്രിയമായി നയിക്കാന്‍ പഠനവും പരിശീലനവും നേടിയ പ്രബോധക സംഘത്തെ കേരളത്തിന് സമര്‍പ്പിക്കുകയാണ് എസ് വൈ എസ് ലക്ഷ്യം. ഫെബ്രുവരി 27, 28, മാര്‍ച്ച് ഒന്ന് തിയ്യതികളില്‍ നടക്കുന്ന സമ്മേളനത്തില്‍ വെച്ച് സ്വഫ്‌വയുടെ സമ്പൂര്‍ണ സമര്‍പ്പണം നടക്കും.
അതേ സമയം ചരിത്ര പ്രധാനമായ എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളന പ്രചാരണവും കര്‍മ പദ്ധതികളും സമൂഹ സമക്ഷം സമര്‍പ്പിക്കുന്ന ദൗത്യങ്ങളും കൊണ്ട് ഇതിനകം ശ്രദ്ധേയമായിരിക്കയാണ്. ആറ് മാസമായി നടന്നു വരുന്ന ആഭ്യന്തര സജ്ജീകരണങ്ങളും പഠന പരിശീലനങ്ങളും എല്ലാതലങ്ങളിലും പൂര്‍ത്തിയായി വരുന്നു. പ്രാഥമികമായി നടന്ന പ്രചാരണ പരിപാടികള്‍ ആകര്‍ഷകമായിരുന്നു. നവംബര്‍ ഒന്ന് മുതല്‍ ക്രിയാത്മകവും ജനകീയവുമായ കര്‍മ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി പുറത്തിറക്കിയ രണ്ടാം ഗൈഡിന്റെ പഠനം സംസ്ഥാന, ജില്ലാതലങ്ങളില്‍ പൂര്‍ത്തിയായി. സോണ്‍ ലീഡേഴ്‌സ് അസംബ്ലികള്‍ നവമ്പര്‍ 10നകം പൂര്‍ത്തിയാവും.
കഴിഞ്ഞ റമസാനിലെ ബദ്ര്‍ ദിനത്തിലാണ് സ്വഫ്‌വയുടെ രൂപവത്കരണം നടന്നത്. തുടര്‍ന്ന് സര്‍ക്കിള്‍ ഇഫ്ത്താര്‍ ക്യാമ്പുകളില്‍ വെച്ച് പ്രാഥമിക സിറ്റിംഗും നടപടികളും പൂര്‍ത്തിയാക്കി. ഇസ്‌ലാമിക സമൂഹത്തിനെന്നും ആത്മ ചൈതന്യവും കര്‍മാവേശവും പകരുന്ന സ്മരണകള്‍ പങ്കുവെച്ചു കൊണ്ടാണ് സംഘം ദൗത്യമേറ്റടുത്തത്. തുടര്‍ന്ന് സോണ്‍ സമര്‍പ്പണം. ക്യാമ്പുകളില്‍ വെച്ച് പ്രാഥമിക പരിശീലനം നേടി അനുബന്ധമായി സര്‍ക്കിള്‍ തിരിഞ്ഞ് ബാച്ചുകളായി ആകര്‍ഷകമായ സോണ്‍ വിളംബര റാലി നടത്തി. സര്‍ക്കിള്‍ തല വിളംബരവും സ്വഫ്‌വയുടെ നേതൃത്വത്തിലാണ് നടന്നത്. മഹല്ല് വിളംബരം ഉള്‍പ്പെടെയുള്ള യൂനിറ്റ്, സര്‍ക്കിള്‍ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നതും ഈ ദൗത്യ വാഹക സംഘമാണ്. പ്രചാരണ പ്രവര്‍ത്തനങ്ങളുടെ നേതൃത്വത്തിനു പുറമെ മുഴുവന്‍ സ്വഫ്‌വ അംഗങ്ങളും സ്വന്തം ഉത്തരവാദിത്വത്തില്‍ ഓരോ ചുമരും ബോര്‍ഡും ഏറ്റെടുത്ത് എഴുതിയും സ്ഥാപിച്ചും പ്രചാരണത്തിന് കൊഴുപ്പ് കൂട്ടുന്നു. സമ്മേളനത്തിന്റെ ജനകീയ കര്‍മപദ്ധതികളാല്‍ നാടും നഗരവും ഇളക്കിമറിക്കുന്ന ഇനിയുള്ള നാല് മാസക്കാലം സ്വഫ്‌വയുടെ വിശ്രമമില്ലാ കാലയളവാണ്. വിവിധ തലങ്ങളിലെ പഠന ക്യാമ്പുകള്‍(പടയൊരുക്കം, സമാഗമം, ഇഖ്ദാം)ക്കു പുറമെ ഗ്രാമസഞ്ചാരം, യൂത്ത് പരേഡ്, റോഡ് മാര്‍ച്ച്, ഹൈവേ മാര്‍ച്ച് തുടങ്ങിയവയിലും ഭാഗധേയം വഹിക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ സ്വഫ്‌വ അംഗങ്ങളും തയ്യാറെടുക്കുകയാണ.് ഇതിന്റെ മുന്നോടിയായി സംസ്ഥാന തല സ്വഫ്‌വ വര്‍ക്ക് ഷോപ്പ് നവംബര്‍ ഒന്നിന് ശനിയാഴ്ച കോഴിക്കോട് മര്‍കസ് കോംപ്ലക്‌സിലെ കാലിക്കറ്റ് ടവറില്‍ നടക്കും. ജില്ല, സോണ്‍ സ്വഫ്‌വ ചീഫുമാര്‍ പങ്കെടുക്കുന്ന വര്‍ക്ക് ഷോപ്പിന് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, മുഹമ്മദ് പറവൂര്‍, മജീദ് കക്കാട്, ഡോ: മുഹമ്മദ് കുഞ്ഞി സഖാഫി, സ്വാദിഖ് വെളിമുക്ക് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. സ്വഫ്‌വയുടെ കര്‍മ പരിപാടികളുടെ പഠനവും പരിശീലനവും വര്‍ക്ക് ഷോപ്പില്‍ നടക്കും.

Latest