Connect with us

International

യൂണിയന്‍ കാര്‍ബൈഡ് മുന്‍ മേധാവി ആന്‍ഡേഴ്‌സണ്‍ അന്തരിച്ചു

Published

|

Last Updated

വാഷിംഗ്ടണ്‍: യൂനിയന്‍ കാര്‍ബൈഡ് കമ്പനിയുടെ മുന്‍ മേധാവി വാറണ്‍ ആന്‍ഡേഴ്‌സണ്‍ (92) അന്തരിച്ചു. ഭോപ്പാല്‍ വാതക ദുരന്തമുണ്ടാകുമ്പോള്‍ കമ്പനിയുടെ മേധാവിയായിരുന്നു ആന്‍ഡേഴ്‌സണ്‍.
യു എസില്‍ ഫ്‌ളോറിഡ വെറോ ബീച്ചിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ മാസം 29നായിരുന്നു അന്ത്യം. എന്നാല്‍ മരണ വിവരം പുറത്ത് വിടാന്‍ ബന്ധുക്കള്‍ തയ്യാറാകാത്തതിനാലാണ് വാര്‍ത്തകളില്‍ വരാതിരുന്നത്. മരണം റജിസ്റ്റര്‍ ചെയ്ത രേഖകള്‍ ഉദ്ധരിച്ചാണ് ന്യൂയോര്‍ക്ക് ടൈംസ് ഇപ്പോള്‍ വാര്‍ത്ത പുറത്ത് വിട്ടത്.
1984 ല്‍ നാലായിരത്തോളം പേരുടെ മരണത്തിന് ഇടയാക്കിയ ഭോപ്പാല്‍ വാതകദുരന്തത്തെ തുടര്‍ന്ന് ഇന്ത്യയില്‍ അറസ്റ്റിലായ ആന്‍ഡേഴ്‌സണ്‍ ജാമ്യം ലഭിച്ചശേഷം രാജ്യം വിടുകയായിരുന്നു. രാജ്യത്തെ ചില ഉന്നതരുടെ ഒത്താശയോടെയാണ് ആന്‍ഡേഴ്‌സണ്‍ രക്ഷപ്പെട്ടതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വാതകദുരന്തം നടന്ന് നാലാംദിവസം ഇന്ത്യയിലെത്തിയപ്പോഴാണ് ആന്‍ഡേഴ്‌സണ്‍ അറസ്റ്റിലായത്. അദ്ദേഹത്തെ വിട്ടുകിട്ടാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിരന്തരം ശ്രമിച്ചിരുന്നു. കോടതി അദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു. 1992 ല്‍ ഭോപ്പാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ആന്‍ഡേഴ്‌സനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
ആന്‍ഡേഴ്‌സനെതിരെ മതിയായ തെളിവില്ലെന്ന് വാദിച്ച് വിട്ടുകൊടുക്കാന്‍ അമേരിക്ക വിസമ്മതിക്കുകയായിരുന്നു. 1921 ല്‍ സ്വീഡിഷ് വംശജനായ മരപ്പണിക്കാരന്റെ മകനായി ബ്രൂക്‌ലിനിലായിരുന്നു ആന്‍ഡേഴ്‌സന്റെ ജനനം. രസതന്ത്രത്തില്‍ ബിരുദം നേടിയ ആന്‍ഡേഴ്‌സണ്‍ കുറച്ചുകാലം നാവിക സേനയില്‍ സേവനമനുഷ്ഠിക്കുകയും യുദ്ധപൈലറ്റായി പരിശീലനം നേടുകയും ചെയ്ത ശേഷമാണ് യൂനിയന്‍ കാര്‍ബൈഡില്‍ ചേര്‍ന്നത്. യൂനിയന്‍ കാര്‍ബൈഡില്‍ സെയില്‍സ്മാനായായിരുന്നു തുടക്കം. യൂറോപ്പിലും ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും ജോലി ചെയ്തു. 1982 ലാണ് കമ്പനിയുടെ ചെയര്‍മാനും ചീഫ് എക്‌സിക്യുട്ടീവുമായത്. 1986 ല്‍ 65ാം വയസ്സിലാണ് കമ്പനിയില്‍ നിന്ന് വിരമിച്ചത്.
യൂനിയന്‍ കാര്‍ബൈഡ് ഏറ്റവും വലിയ വളര്‍ച്ച കൈവരിച്ചത് ആന്‍ഡേഴ്‌സന്റെ കാലത്തായിരുന്നു. മുപ്പതോളം രാജ്യങ്ങളിലായി 700 പ്ലാന്റുകളായിരുന്നു അക്കാലത്ത് കമ്പനിക്കുണ്ടായിരുന്നത്. ആ സമയത്താണ് ലോകത്ത് തന്നെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായ ഭോപ്പാല്‍ വാതകദുരന്തം ഉണ്ടായത്. 1984 ഡിസംബര്‍ 23 അര്‍ധരാത്രിയാണ് ഭീകരമായ വാതക ചോര്‍ച്ച ആരംഭിച്ചത്. 3,787 പേര്‍ മരിച്ചുവെന്നാണ് മധ്യപ്രദേശ് സര്‍ക്കാറിന്റെ കണക്ക്. ലക്ഷക്കണക്കിന് ആളുകള്‍ ദുരന്തത്തിന് ഇരയായി. പലരും ശ്വാസകോശ കാന്‍സറും വൃക്ക രോഗങ്ങളും വന്ന് മരിച്ചു. തലമുറയിലേക്ക് രോഗാവസ്ഥ വ്യാപിക്കുകയും ചെയ്തു. 1989ല്‍ യൂനിയന്‍ കാര്‍ബൈഡ് 47 കോടി ഡോളര്‍ നഷ്ടപരിഹാരമായി ഇന്ത്യന്‍ സര്‍ക്കാറിന് നല്‍കിയിരുന്നു.

 

Latest