Connect with us

National

പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു

Published

|

Last Updated

Petrol_pump

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ താഴുന്ന പശ്ചാത്തലത്തില്‍ പെട്രോള്‍ ലിറ്ററിന് 2.41 രൂപയും ഡീസല്‍ 2.25 രൂപയും കുറച്ചു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 85 ഡോളറായി കുറഞ്ഞതോടെയാണ് നിരക്ക് കുറക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചത്. പുതുക്കിയ നിരക്ക് ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. സംസ്ഥാന സര്‍ക്കാര്‍ നികുതി നിരക്ക് കൂടി ഒഴിവാക്കുന്നതോടെ വില മൂന്ന് രൂപയോളം കുറയും. 2014 ആഗസ്തിന് ശേഷം തുടര്‍ച്ചയായി ആറാം തവണയാണ് പെട്രോള്‍ വില കുറയുന്നത്. ഈ മാസം രണ്ട് തവണയായി രണ്ട് രൂപ വീതം പെട്രോളിന് കുറച്ചിരുന്നു.
വില നിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് ശേഷം രണ്ടാം തവണയാണ് ഡീസലിന് വില കുറയുന്നത്. ഈ മാസം 19ന് ഡീസലിന് 3.37 രൂപ കുറച്ചിരുന്നു. 2009 ജനുവരി 29ന് ലിറ്ററിന് രണ്ട് രൂപ കുറഞ്ഞതാണ് ഇതിന് മുമ്പ് വിലകുറച്ചത്. അന്ന് ലിറ്ററിന് 30.86 രൂപയായിരുന്നു വില. 2002 ഏപ്രിലില്‍ അന്നത്തെ എന്‍ ഡി എ സര്‍ക്കാര്‍ ഡീസലിന്റെ വില നിയന്ത്രണം നീക്കിയിരുന്നു. എന്നാല്‍ 2004 ആദ്യപാദത്തില്‍ അന്താരാഷ്ട്ര വില കുത്തനെ കൂടുകയും അത് ആഭ്യന്തര വിപണിയില്‍ വന്‍ വിലക്കയറ്റം സൃഷ്ടിക്കുകയും ചെയ്തതോടെ വില നിയന്ത്രണം തിരിച്ചു കൊണ്ടുവരാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. പിന്നീട് വന്ന യു പി എ സര്‍ക്കാറും വില നിയന്ത്രണം തുടര്‍ന്നു. എന്നാല്‍ 2010 ജനുവരിയില്‍ യു പി എ സര്‍ക്കാര്‍ പെട്രോളിന്റെ വില നിയന്ത്രണം എടുത്തു കളയുകയും ഡീസലിന് പ്രതിമാസം അമ്പത് പൈസ വര്‍ധിപ്പിക്കുന്ന സംവിധാനം കൊണ്ടു വരികയും ചെയ്തു.
ഡീസല്‍ വില നിയന്ത്രണം നീക്കിയതോടെ സബ്ഡിഡി പൂര്‍ണമായി അവസാനിച്ചു. അതോടെ അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ധിക്കുമ്പോള്‍ അതിന്റെ ആഘാതം നേരിട്ട് ആഭ്യന്തര വിപണിയില്‍ പ്രതിഫലിക്കും. അന്താരാഷ്ട്ര വിപണിയില്‍ നിരന്തരം വില ഉയരുന്ന ഘട്ടത്തില്‍ ജനങ്ങളുടെ ചുമലില്‍ കടുത്ത ഭാരമാകും പതിക്കുക. മാത്രമല്ല, രാജ്യത്ത് വന്‍ വിലക്കയറ്റത്തിന് ഇത് കാരണമാകുകയും ചെയ്യും.

 

Latest