Connect with us

Sports

എവേ ജയം തേടി ഡല്‍ഹി കന്നി ജയത്തിനായി ഗോവ

Published

|

Last Updated

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അപരാജിതരായി നില്‍ക്കുന്ന ഡല്‍ഹി ഡൈനാമോസ് ഇന്ന് ആദ്യ എവേ ജയം ലക്ഷ്യമിട്ട് എഫ് സി ഗോവയെ നേരിടും. ഒരു ജയവും മൂന്ന് സമനിലകളുമായി ആറ് പോയിന്റോടെ ടേബിളില്‍ നാലാം സ്ഥാനത്താണ് ഡല്‍ഹി. തുടരെ രണ്ട് സമനിലകള്‍ക്ക് ശേഷം ഹോംഗ്രൗണ്ടില്‍ ചെന്നൈയിന്‍ എഫ് സിയെ 4-1ന് തകര്‍ത്തു കൊണ്ടാണ് ഡല്‍ഹി കരുത്തറിയിച്ചത്. എന്നാല്‍, അവസാന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനോട് വീണ്ടും സമനിലക്കുരുക്കില്‍. എഫ് സി ഗോവയാകട്ടെ, നാല് മത്സരങ്ങളില്‍ നിന്ന് ആകെ ഒരു പോയിന്റാണ് സമ്പാദിച്ചത്. ബ്രസീലിയന്‍ കോച്ച് സീക്കോയുടെ തന്ത്രങ്ങളൊന്നും എഫ് സി ഗോവക്ക് രക്ഷയാകുന്നില്ല.
മികച്ച പ്രതിരോധവും ആക്രമണവുമുള്ള ഡല്‍ഹിക്കെതിരെ പിടിച്ചു നില്‍ക്കുക എഫ് സി ഗോവക്ക് പണിയാകും. ഡല്‍ഹി ഡൈനാമോസ് കോച്ച് ഹാം വാന്‍ വെല്‍ദോവന്‍ എതിരാളികളെ ദുര്‍ബലരായി കാണുന്നില്ല. സീക്കോയുടേത് മികച്ച നിരയാണ്. ചെറിയ താളപ്പിഴകളുണ്ടെന്ന് മാത്രം. ജാഗ്രത കാണിച്ചില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും വെല്‍ദോവന്‍ പറഞ്ഞു.
തന്റെ കളിക്കാരുടെ പ്രകടനത്തില്‍ സീക്കോ നിരാശനല്ല. നാല് മത്സരത്തിലും മികച്ച അവസരങ്ങള്‍ കണ്ടെത്തുന്നതില്‍ തന്റെ ടീം വിജയിച്ചു. പക്ഷേ, ഗോളുകള്‍ മാത്രം സംഭവിച്ചില്ല. കഴിഞ്ഞ ദിവസങ്ങളില്‍ കഠിനാധ്വാനം ചെയ്ത് പിഴവുകള്‍ പരിഹരിച്ചിട്ടുണ്ട്. കളിക്കാര്‍ ഫിറ്റ്‌നെസും ആത്മവിശ്വാസവുമുള്ളവരായി നില്‍ക്കുന്നത് പ്രതീക്ഷയാണ്. നാട്ടുകാര്‍ക്ക് മുന്നില്‍ വെച്ച് തന്നെ ഐ എസ് എല്ലിലെ ആദ്യ ജയം നേടാനാകുമെന്ന് സീക്കോ വിശ്വസിക്കുന്നു.
ഒരു ജയം മതി ടീമാകെ മാറും. മികച്ച രീതിയിലാണ് ഞങ്ങള്‍ കളിക്കുന്നത് – എഫ് സി ഗോവ സ്‌ട്രൈക്കര്‍ ടോള്‍ഗെ ഓസ്‌ബെ പറഞ്ഞു. റിബോര്‍ട് പിറസിനെ പോലെ പരിചയ സമ്പന്നനായ താരം മുന്നില്‍ നിന്ന് നയിക്കുന്ന നിര വിദേശ-ആഭ്യന്തര കളിക്കാരുടെ മികച്ച മിശ്രിതമാണ്. ഭാഗ്യമില്ലാതെ പോയത് എഫ് സി ഗോവക്ക് തിരിച്ചടിയായി. ഒരു ജയത്തോടെ അത് മാറിക്കിട്ടും – ആസ്‌ത്രേലിയന്‍ സ്‌ട്രൈക്കര്‍ ഒസ്‌ബെ പറഞ്ഞു.

ആദ്യ ഇലവനില്‍ കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ കളിക്കണം: സീക്കോ
മഡ്ഗാവ്: ഐ എസ് എല്ലില്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കേണ്ടതുണ്ടെന്ന് എഫ് സി ഗോവ കോച്ച് സീക്കോ. ആദ്യ ഇലവനില്‍ കൂടുതല്‍ വിദേശികള്‍ കളിക്കുന്നത് ഇന്ത്യന്‍ ഫുട്‌ബോളിന് ഗുണകരമാകില്ല. ജപ്പാനിലെ ജെ ലീഗില്‍ വിദേശ കളിക്കാരേക്കാള്‍ ആഭ്യന്തര താരങ്ങള്‍ക്കാണ് പ്രാമുഖ്യം. ഇതവരുടെ ഫുട്‌ബോളിന് ഗുണം ചെയ്തു. പ്രതിഭാധനരായ കളിക്കാര്‍ ഉയര്‍ന്നു വന്നു – സീക്കോ ചൂണ്ടിക്കാട്ടി. 1991-94ല്‍ ജെ ലീഗിലെ കാഷിമ അന്റലേര്‍സ് ക്ലബ്ബിന്റെ കോച്ചായിരുന്നു സീക്കോ. പിന്നീട് ജപ്പാന്‍ ദേശീയ ടീമിന്റെ കോച്ചാവുകയും ചെയ്തു സീക്കോ.
ഐ എസ് എല്ലില്‍ എഫ് സി ഗോവ പിറകിലായതില്‍ സീക്കോക്ക് അതിശയമില്ല. ഫുട്‌ബോളല്ലേ, തോല്‍വിയും ജയവും ഇതിന്റെ ഭാഗമാണ്. ഞങ്ങള്‍ കുറച്ച് കളികളില്‍ തോറ്റു, പക്ഷേ ജയിച്ച് മുന്നേറാനുള്ള മനസ്സ് ടീമിന് നഷ്ടമായിട്ടില്ല- സീക്കോ പറഞ്ഞു.
ആദ്യ ഇലവനെ പരുക്ക് അലട്ടുന്നത് എഫ് സി ഗോവക്ക് തിരിച്ചടിയായിട്ടുണ്ട്. എന്നാല്‍, സീക്കോ ഇതും കാര്യമാക്കുന്നില്ല. പതിനൊന്ന് പേരല്ല ടീം. ഇത് 27 പേരുടെ ഗ്രൂപ്പാണ്. 27 പേരും ആദ്യ ഇലവനില്‍ കളിക്കാന്‍ ബാധ്യസ്ഥരാണ്.

കൊല്‍ക്കത്ത കോച്ചിന്റെ
വിലക്കില്‍ ഇളവ്
ന്യൂഡല്‍ഹി: അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത കോച്ച് അന്റോണിയോ ലോപസ് ഹബാസിന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ ഐ എഫ് എഫ്) ഏര്‍പ്പെടുത്തിയ വിലക്കില്‍ ഇളവ്. നാല് മത്സര വിലക്ക് രണ്ട് മത്സരങ്ങളിലേക്ക് ചുരുക്കി. അഞ്ച് ലക്ഷം രൂപ പിഴ ചുമത്തിയതിന് മാറ്റമില്ല. കൊല്‍ക്കത്ത ഫ്രാഞ്ചൈസിയുടെ അപ്പീലിന്‍മേലാണ് നടപടി. എന്നാല്‍, എഫ് സി ഗോവ താരം റോബര്‍ട് പിറസിനും കൊല്‍ക്കത്തയുടെ സ്‌ട്രൈക്കര്‍ ഫിക്രുവിനും ഏര്‍പ്പെടുത്തിയ രണ്ട് മത്സര വിലക്കില്‍ മാറ്റമില്ല.
കൊല്‍ക്കത്ത കോച്ച് വരുന്ന രണ്ട് മാസം എ ഐ എഫ് എഫിന്റെ നിരീക്ഷണത്തിലാകും. പുതിയ പ്രശ്‌നങ്ങളില്‍ പെട്ടാല്‍ കടുത്ത നടപടിയുണ്ടാകും.
ഒക്‌ടോബര്‍ 23ന് ഗോവയില്‍ നടന്ന മത്സരത്തിനിടെ റോബര്‍ട് പിറസുമായി കൊമ്പുകോര്‍ത്തതാണ് കൊല്‍ക്കത്ത കോച്ചിന് വിനയായത്. ടണലിനുള്ളില്‍ വെച്ച് ഏറ്റുമുട്ടിയതിനാണ് പിറസിനും ഫിക്രുവിനും വിലക്ക്. ലോപസ് ഗോവ താരം പിറസിനെ പിടിച്ചു തള്ളിയെന്ന് വ്യക്തമായിരുന്നു.

 

---- facebook comment plugin here -----

Latest