Connect with us

National

ഫട്‌നാവിസ് സര്‍ക്കാറിന് സാമ്‌നയുടെ ഉപദേശം

Published

|

Last Updated

മുംബൈ: ബി ജെ പിയെ അധികാരത്തിലേറ്റിയ ജനങ്ങളെ ചെറുതായി കാണരുതെന്ന് മഹാരാഷ്ട്രയിലെ പുതിയ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് ശിവസേനയുടെ ഉപദേശം. സാധാരണ ജനങ്ങളുടെ പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്ന് ശിവസേനാ മുഖപത്രമായ സാമ്‌ന പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ പറയുന്നു.
പുതിയ സര്‍ക്കാര്‍ അമ്മായിയമ്മയെ ആദ്യം സന്തോഷിപ്പിക്കുന്ന പുത്തന്‍ മരുമകളെപ്പോലെയാണ്. സര്‍ക്കാര്‍ കൃത്യമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ചെവിക്ക് പിടിച്ച് പുറത്താക്കാന്‍ ജനങ്ങള്‍ക്ക് അറിയാം. ഇപ്പോള്‍ കാണുന്ന സന്തോഷമൊന്നും അപ്പോള്‍ നിലനില്‍ക്കില്ലെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. സീറ്റ് വിഭജനത്തില്‍ തട്ടി സെപ്തംബര്‍ 25നാണ് ശിവസേനയും ബി ജെ പിയും വേര്‍പിരിഞ്ഞത്.
സര്‍ക്കാറിന്റെ ഭൂരിപക്ഷം തെളിയിക്കാന്‍ ഒരുമിക്കാനിരിക്കെയാണ് സ്വരം കടുപ്പിച്ച് ശിവസേന രംഗത്തെത്തിയത്. സംസ്ഥാനത്തെ ആദ്യ ബി ജെ പി സര്‍ക്കാര്‍ തങ്ങളുടെ പിന്തുണ സ്വീകരിച്ചാല്‍ വരാന്‍ പോകുന്ന സമ്മര്‍ദങ്ങളുടെ വ്യക്തമായ സൂചനയാണ് ഉദ്ധവ് താക്കറെയുടെ പാര്‍ട്ടി നല്‍കിയിരിക്കുന്നത്. സര്‍ക്കാറിന്റെ കൈയില്‍ മാന്ത്രിക വടിയൊന്നുമില്ലെന്നത് സത്യമാണ്. പക്ഷേ, ആദ്യ ബി ജെ പി സര്‍ക്കാറില്‍ നിന്ന് ജനങ്ങള്‍ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. സത്യപ്രതിജ്ഞക്ക് ശേഷം മുഖ്യമന്ത്രി ഫട്‌നാവിസ് പറഞ്ഞത് ശിവജിയെപ്പോലെ ഭരിക്കുമെന്നാണ്. എന്നാല്‍ ശിവജി ഭരിച്ചത് ദരിദ്രരുടെ പക്ഷത്ത് നിന്നാണ്. അല്ലാതെ വലിയ പണച്ചാക്കുകള്‍ക്ക് വേണ്ടിയല്ല. എന്‍ സി പി- കോണ്‍ഗ്രസ് ഭരണകാലത്ത് സാധാരണക്കാരുടെ സ്വപ്‌നങ്ങള്‍ ചാരമാകുകയായിരുന്നു. ഈ ചാരത്തില്‍ നിന്ന് ഉയര്‍ന്നു വരുന്ന ഫീനിക്‌സ് പക്ഷിയാകണം പുതിയ മുഖ്യമന്ത്രിയെന്ന് സാമ്‌ന ഉപദേശിക്കുന്നു. ഫട്‌നാവിസിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആഡംബര പൂര്‍ണമായിരുന്നുവെന്ന പരോക്ഷ വിമര്‍ശവും സാമ്‌ന നടത്തുന്നുണ്ട്.
സത്യപ്രതിജ്ഞാ ചടങ്ങ് ശിവസേന ബഹിഷ്‌കരിക്കുമെന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ നേരിട്ട് വിളിച്ചതോടെ ശിവസേനാ മേധാവി ഉദ്ധവ് താക്കറെ ചടങ്ങില്‍ സന്നിഹിതനാകുകയായിരുന്നു.

---- facebook comment plugin here -----

Latest