Connect with us

National

ഇ സിഗരറ്റ് നിരോധം കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇലക്‌ട്രോണിക് സിഗരറ്റുകള്‍ നിരോധിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. ആരോഗ്യത്തിന് ഹാനികരമായതിനാല്‍ ഇ- സിഗരറ്റുകളുടെ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കണമെന്നും വേണമെങ്കില്‍ നിരോധിക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരുന്നു. ആഗോള മാര്‍ക്കറ്റില്‍ മൂന്ന് കോടി ഡോളറിന്റെ വില്‍പ്പനയാണ് നടക്കുന്നത്.
ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്ന ഉപകരണത്തില്‍ നിന്ന് നിക്കോട്ടിന്‍ ബാഷ്പം ഉത്പാദിപ്പിക്കുന്നതാണിത്. ഇവ സുരക്ഷിതമാണെന്ന് വളരെക്കാലം നീണ്ടുനിന്ന ശാസ്ത്രീയ ഗവേഷണത്തില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ ഇത് ലഹരിക്ക് അടിപ്പെടാനും പുകവലി ശീലം ശക്തമാകാനും കാരണമാകുമെന്നാണ് ബഹുഭൂരിപക്ഷവും ചൂണ്ടിക്കാട്ടുന്നത്. ഇവ പുകയില അല്ലെന്നും എന്നാല്‍ നിക്കോട്ടിന്‍ അടങ്ങിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. നിയന്ത്രണമോ നിരോധമോ ആണ് വിദഗ്ധ സമിതി ആവശ്യപ്പെട്ടത്. നിയന്ത്രണം ഇന്ത്യയില്‍ അത്ര എളുപ്പമല്ല. അടുത്ത മാസങ്ങളില്‍ നിരോധം ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ സൂചന നല്‍കി.
ഇ സിഗരറ്റുകളുടെ സുരക്ഷിതത്വവും ഗുണമേന്മയും വര്‍ധിപ്പിക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ തീരുമാനിച്ചിട്ടുണ്ട്. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ഇ സിഗരറ്റ് വില്‍ക്കുന്നത് യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് വകുപ്പ് നിരോധിച്ചിട്ടുണ്ട്. പുകവലി രോഗങ്ങള്‍ കാരണം പ്രതിവര്‍ഷം ഒമ്പത് ലക്ഷം ഇന്ത്യക്കാര്‍ മരിക്കുന്നുണ്ട്. 2020ഓടെ ഇത് 15 ലക്ഷമാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 2012ല്‍ നൂറ് കോടി സിഗരറ്റുകളാണ് ഇന്ത്യക്കാര്‍ വലിച്ചത്.
പുകവലി ഉത്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ചും പാക്കറ്റുകളില്‍ ഭൂരിഭാഗം സ്ഥലവും പുകവലിവിരുദ്ധ പരസ്യത്തിന് വേണ്ടി ചെലവഴിക്കാനും നിര്‍ദേശിച്ച് പുകവലി ഉപയോഗം കുറക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. ചെറുകിട സ്ഥാപനങ്ങളാണ് ഇ സിഗരറ്റ് ഇറക്കുമതി ചെയ്യുന്നതും വില്‍ക്കുന്നതും. കഴിഞ്ഞ ആഗസ്റ്റ് മുതല്‍ രാജ്യത്തെ വലിയ പുകവലി ഉത്പാദകരായ ഐ ടി സിയും ഇ സിഗരറ്റ് വില്‍പ്പന നടത്തുന്നുണ്ട്.

---- facebook comment plugin here -----

Latest