Connect with us

Ongoing News

കട്ടക്ക് ഏകദിനത്തില്‍ ഇന്ത്യക്ക് ഉജ്ജ്വല ജയം

Published

|

Last Updated

India-srilanka

കട്ടക്ക്: റണ്ണൊഴുകിയ ബാരാബതി സ്‌റ്റേഡിയത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് മികവുറ്റ ജയം. രണ്ടു സെഞ്ചുറികള്‍ കണ്ട മത്സരത്തില്‍ 169 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. അജിങ്ക്യ രഹാനെയുടെയും ശിഖര്‍ ധവാന്റെയും ഓപ്പണിങ് സെഞ്ച്വറികളുടെ ബലത്തില്‍ 363 റണ്‍സെടുത്ത ഇന്ത്യ ശ്രീലങ്കയെ 194 റണ്‍സിന് തോല്‍പിച്ചാണ് പരമ്പരയ്ക്ക് വിജയത്തുടക്കം നല്‍കിയത്.
ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ മറികടക്കുമെന്ന പ്രതീതി ജനിപ്പിക്കാന്‍ മത്സരത്തിന്റെ ഒരു ഘട്ടത്തിലും ശ്രീലങ്കയ്ക്ക് കഴിഞ്ഞില്ല. ചെറിയ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്നു. 46 പന്തില്‍ നിന്ന് 43 റണ്‍സെടുത്ത ജയവര്‍ധനെയാണ് ടോപ്‌സ്‌കോറര്‍. തരംഗ 28ഉം പെരേര 29 ഉം ഏഞ്ചലോ മാത്യൂസ് 23 ഉം റണ്‍സെടുത്തു. എട്ടോവറില്‍ നാലു വിക്കറ്റെടുത്ത ഇശാന്ത് ശര്‍മയാണ് ലങ്കയെ വരിഞ്ഞുകെട്ടിയത്. അക്ഷര്‍ പട്ടേലും ഉമേഷ് യാദവും രണ്ടു വിക്കറ്റ് വീതം നേടി.
ആദ്യ മത്സരത്തില്‍ തന്നെ ഇന്ത്യയുടെ ശിഖര്‍ ധവാനും അജന്തെ രഹാനെയും സെഞ്ചുറി നേടി. 231 റണ്‍സിന്റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടാണ് രഹാനെയും ധവാനും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 34.6 ഓവര്‍ വരെ അവര്‍ പിടിച്ചുനിന്നു. രഹാനെ 108 പന്തില്‍ നിന്ന് 111 ഉം ധവാന്‍ 107 പന്തില്‍ നിന്ന് 113 റണ്‍സും നേടി. സുരേഷ് റെയ്‌ന 52 ഉം ക്യാപ്റ്റന്‍ വിരാട് കോലി 22 ഉം അമ്പാട്ടി റായ്ഡു 27ഉം റണ്‍സെടുത്ത് പുറത്തായി. ശ്രീലങ്കക്കുവേണ്ടി സുരജ് രണ്ടീവ് മൂന്ന് വിക്കറ്റെടുത്തു. ആദ്യം 100 തികച്ചത് രഹാനെയാണ്. 99 പന്തില്‍ നിന്നുമാണ് രഹാനെ ഏകദിനത്തിലെ രണ്ടാം സെഞ്ചുറി സ്വന്തമാക്കിയത്. തൊട്ടു പിന്നാലെ ശിഖര്‍ ധവാനും സെഞ്ചുറി നേടി.
96 പന്തില്‍ നിന്നുമാണ് ധവാന്റെ സെഞ്ചുറി. പതുക്കെയാണ് ഇരുവരും ബാറ്റിങ്ങ് തുടങ്ങിയത്. 12 ബൗണ്ടറികളും 2 സിക്‌സറുകളുമാണ് രഹാനെയുടെ ബാറ്റില്‍ നിന്നും പിറന്നത്. ധവാന്‍ 12 ഫോറും 3 സിക്‌സും നേടി. ധവാന്റെ കരിയറിലെ 6ാം ഏകദിന സെഞ്ചുറിയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ആദ്യ ഓവറുകളിലെ പ്രകടനം മോശമായിരുന്നു. ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ ടീമിലിടം നേടിയപ്പോള്‍ രവീന്ദ്ര ജഡേജയെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ധോണിക്ക് വിശ്രമം അനുവദിച്ചതിനാല്‍ വിരാട് കോഹ്‌ലിയാണ് ഇന്ത്യയെ നയിക്കുന്നത്.