Connect with us

National

മഹാരാഷ്ട്രയില്‍ മന്ത്രിമാര്‍ക്ക് വകുപ്പുകളായി

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്‌നാവിസ് മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് വകുപ്പുകള്‍ നല്‍കി. ആഭ്യന്തരം, നഗര വികസനം, ഹൗസിംഗ്, ആരോഗ്യം എന്നീ വകുപ്പുകള്‍ മുഖ്യമന്ത്രി ഫട്‌നാവിസ് തന്നെ കൈകാര്യം ചെയ്യും. അതേസമയം, ശിവസേനയുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും സഖ്യം രൂപവത്കരിക്കാന്‍ സാധിക്കുമെന്നതില്‍ ആത്മവിശ്വാസമുണ്ടെന്നും ഫട്‌നാവിസ് പറഞ്ഞു. അടുത്ത 12ന് നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ എന്‍ സി പിയുടെ വാഗ്ദാനം തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റവന്യൂ, ന്യൂനപക്ഷക്ഷേമം, വഖ്ഫ്, കൃഷി, മൃഗ സംരക്ഷണം, ഡയറി വികസനം, ഫിഷറീസ്, എക്‌സൈസ് വകുപ്പുകള്‍ മുതിര്‍ന്ന ബി ജെ പി നേതാവ് ഏക്‌നാഥ് ഖഡ്‌സെക്കാണ് ലഭിച്ചത്. ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സുധീര്‍ മുംഗാന്തിവാറിന് ധനം, ആസൂത്രണം, വനം വകുപ്പുകള്‍ ലഭിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം, കായികം, ഉന്നത- സാങ്കേതിക വിദ്യാഭ്യാസം, മെഡിക്കല്‍ വിദ്യാഭ്യാസം, മറാഠി ഭാഷ- സാംസ്‌കാരികം എന്നിവ വിനോദ് താവ്‌ദെക്കാണ്. വ്യവസായവും ഖനനവും പാര്‍ലിമെന്ററികാര്യവും പ്രകാശ് മെഹ്തക്ക് ലഭിച്ചു. എം എല്‍ സിയായ ചന്ദ്രകാന്ത് പാട്ടീലിന് സഹകരണം, ടെക്‌സ്റ്റൈല്‍സ്, പൊതുമരാമത്ത് വകുപ്പുകള്‍ ലഭിച്ചു. അന്തരിച്ച നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജാ മുണ്ടെക്ക് ഗ്രാമവികസനം, ജലം, വനിതാ- ശിശു ക്ഷേമം എന്നീ വകുപ്പുകള്‍ ലഭിച്ചു. ഇവയുടെ സഹമന്ത്രി സ്ഥാനം ദിലീപ് കാംമ്പ്‌ലെക്കും വിദ്യാ ഠാക്കൂറിനും ലഭിച്ചു. ഗോത്ര വികസനം, സാമൂഹിക നീതി എന്നിവ വിഷ്ണു സാവറക്കാണ്.
പത്ത് മന്ത്രിസ്ഥാനം നല്‍കാമെന്ന് ബി ജെ പി സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ഉപമുഖ്യമന്ത്രി പദം വേണമെന്ന നിലപാടിലാണ് ശിവസേന. ശിവസേനയുമായി സഖ്യമുണ്ടായില്ലെങ്കിലും നല്ലബന്ധം തുടരുമെന്ന് ഫട്‌നാവിസ് വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത 12ന് നടക്കുന്ന വിശ്വാസവോട്ടെടുപ്പ് വേളയില്‍ വിട്ടുനില്‍ക്കുമെന്ന് എന്‍ സി പി വ്യക്തമാക്കിയിട്ടുണ്ട്. ഇത് ബി ജെ പിക്ക് വലിയൊരു ആശ്വാസമാണ്. 288 അംഗ നിയമസഭയില്‍ ബി ജെ പിക്ക് 121 അംഗങ്ങളുണ്ട്. കേവല ഭൂരിപക്ഷത്തിന് 24 അംഗങ്ങള്‍ കൂടി വേണം. ഒരു ബി ജെ പി. എം എല്‍ എ കഴിഞ്ഞ ദിവസം മരണപ്പെടുകയും ചെയ്തു. ഏഴ് സ്വതന്ത്ര എം എല്‍ എമാര്‍ ബി ജെ പിക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ശിവസേനക്ക് 63 അംഗങ്ങളുണ്ട്. 41 അംഗങ്ങളാണ് എന്‍ സി പിക്കുള്ളത്.