Connect with us

National

ശാരദാ കുംഭകോണം: റിസര്‍വ് ബേങ്ക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും

Published

|

Last Updated

ന്യൂഡല്‍ഹി: ശാരദാ ചിട്ടി കുംഭകോണ കേസുമായി ബന്ധപ്പെട്ട് റിസര്‍വ് ബേങ്ക് ഉദ്യോഗസ്ഥരെ സി ബി ഐ ചോദ്യം ചെയ്യും. ഇടപാടുകളിലെ ചില സങ്കീര്‍ണതകളില്‍ വ്യക്തത വരുത്താനാണ് ഇവരെ ചോദ്യം ചെയ്യുന്നത്. നോണ്‍ ബേങ്കിംഗ് ഫിനാന്‍സ് കമ്പനി അല്ലാത്തതിനാല്‍ ശാരദയുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രിക്കുന്നതില്‍ റിസര്‍വ് ബേങ്കിന് പങ്കില്ലെങ്കിലും ചില വ്യക്തതകള്‍ വരുത്തേണ്ടതുണ്ടെന്ന് സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു.
ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിനെ കുറ്റത്തിലെ പങ്കുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്ന് സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു. രേഖകളില്‍ വ്യക്തത വരുത്തുകയും സാഹചര്യങ്ങളെ സംബന്ധിച്ച് ധാരണയുണ്ടക്കുകയുമാണ് ലക്ഷ്യം. ധന ഇടപാടുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളിലെ പഴുതുകള്‍ ചൂഷണം ചെയ്താണ് ശാരദാ ചിട്ടിക്കമ്പനി പ്രവര്‍ത്തിച്ചിരുന്നത്. സെബിയുടെ നിയന്ത്രണത്തിലുള്ള നിക്ഷേപ പദ്ധതിയുടെ സഹായത്തോടെയാണ് കമ്പനി പ്രവര്‍ത്തിച്ചത് എന്നതിനാല്‍ സെബിയുടെ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും. സെബി നിയമവും മാര്‍ഗനിര്‍ദേശങ്ങളും ശാരദ ലംഘിച്ചിരുന്നു. ശാരദാ സ്ഥാപകന്‍ സുദീപ്ത സെന്‍, ദേബജനി മുഖര്‍ജി, സസ്‌പെന്‍ഷനിലുള്ള തൃണമൂല്‍ രാജ്യസഭാംഗം കുണാല്‍ ഘോഷ് എന്നിവരെ ഉള്‍പ്പെടുത്തി 25 പേജ് വരുന്ന കുറ്റപത്രം സി ബി ഐ സമര്‍പ്പിച്ചിട്ടുണ്ട്. ആരോപണവിധേയരില്‍ നിന്ന് വന്‍തോതില്‍ നിക്ഷേപം സമാഹരിച്ച് പ്രവര്‍ത്തിച്ചതിനാല്‍ സാമ്പത്തിക നിയന്ത്രണ സമിതികളുടെ പങ്കും മറ്റ് ഗൂഢാലോചനയും വെളിച്ചത്ത് കൊണ്ടുവരാനാണ് സി ബി ഐ ലക്ഷ്യമിടുന്നത്.