Connect with us

Ongoing News

അട്ടപ്പാടിയില്‍ നവജാത ശിശുക്കള്‍ മരിച്ച് വീഴുമ്പോഴും മരുന്നു വാങ്ങാന്‍ പണമില്ലാതെ ആരോഗ്യവകുപ്പ്‌

Published

|

Last Updated

പാലക്കാട്: അട്ടപ്പാടിയില്‍ നവജാതശിശുക്കള്‍ മരിച്ച് വീഴുമ്പോഴും ജില്ലാശുപത്രികളടക്കം ചികിത്സതേടിയെത്തുന്ന ആദിവാസികള്‍ക്ക് മരുന്നുവാങ്ങാന്‍ ആരോഗ്യവകുപ്പിന്റെ കൈയില്‍ പണമില്ല. കഴിഞ്ഞ ദിവസം രണ്ട് മരണങ്ങളും തുടര്‍ച്ചയായി ഇന്നലെ മൂന്നാമത്തെ മരണവും റിപ്പോര്‍ട്ടു ചെയ്തതോടെ 11 മാസത്തിനിടെ അട്ടപ്പാടിയില്‍ മരിച്ച നവജാത ശിശുക്കളുടെ എണ്ണം 13 ആയി ഉയര്‍ന്നു.
പൂതൂര്‍ തേക്കുവെട്ടയില്‍ പട്ടികജാതി യുവതിയുടെ കുട്ടിയാണ് കഴിഞ്ഞദിവസം താലൂക്കാശുപത്രിയില്‍ മരണമടഞ്ഞത്. രണ്ട് ദിവസം കൊണ്ട് രണ്ട് ആദിവാസികളുടെ കുട്ടികളും ഒരു പട്ടികജാതി യുവതിയുടെ ശി ശുവും മരിച്ച സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് ജില്ലാ കലക്ടര്‍ അട്ടപ്പാടി സന്ദര്‍ശിച്ചു. അതേ സമയം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന ആദിവാസികള്‍ക്കു മരുന്നു വാങ്ങി നല്‍കാന്‍ പോലും ആരോഗ്യവകുപ്പിന്റെ കൈയില്‍ ചില്ലിക്കാശില്ല. അട്ടപ്പാടി, പറമ്പിക്കുളം, നെല്ലിയാമ്പതി മേഖലകളില്‍ നിന്നുള്ള ആദിവാസികള്‍ ചികിത്സ തേടുന്നത് ജില്ലാ ആശുപത്രിയിലാണ്.
രോഗികളുടെ ദയനീയാവസ്ഥ മനസിലാക്കി ആശുപത്രി വികസന ഫണ്ടില്‍ നിന്നുള്ള തുക വകമാറ്റി ഉപയോഗിച്ചാണ് ആരോഗ്യവകുപ്പ് ചികിത്സയും അത്യാവശ്യ മരുന്നും ലഭ്യമാക്കുന്നത്.
ആദിവാസികളായ രോഗികള്‍ക്കു മരുന്നു നല്‍കിയ വകയില്‍ മെഡി കെയേഴ്‌സിനുള്ള 15 ലക്ഷം രൂപ പോലും കുടിശികയാണ്. പട്ടികവര്‍ഗവികസന വകുപ്പാണ് ഫണ്ട് അനുവദിക്കേണ്ടതെങ്കിലും ഇതു സംബന്ധിച്ച് ഒരു മറുപടി പോലും ആരോഗ്യവകുപ്പിനു നല്‍കിയിട്ടില്ല. ആശുപത്രിയില്‍ രോഗിയുടെ കൂടെയുള്ള സഹായിക്ക് പ്രതിദിനം 200 രൂപ നല്‍കണമെന്നാണു നിര്‍ദേശമെങ്കിലും ഇതും മുടങ്ങിക്കിടക്കുകയാണ്.
ചികിത്സ കഴിഞ്ഞ് രോഗികള്‍ ഊരിലേക്കു പോകുമ്പോള്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാക്കണം. അല്ലെങ്കില്‍ 150 രൂപ ബസ് ചാര്‍ജ് നല്‍കണം. മരുന്നു വാങ്ങാന്‍ പോലും തുകയില്ലാത്ത സാഹചര്യത്തില്‍ ഇത്തരം ആനുകൂല്യങ്ങളൊന്നും നല്‍കാനാകാത്ത സ്ഥിതിയിലാണ് ആരോഗ്യവകുപ്പ്.
പട്ടികവര്‍ഗവികസന വകുപ്പ് ഡയറക്ടറേറ്റ് മുതല്‍ പാലക്കാട് ജില്ലാ ഓഫിസ് വരെ സ്ഥിതിഗതികള്‍ വിവരിച്ചു കത്തുനല്‍കിയിരുന്നെങ്കിലും തുക അനുവദിച്ചിട്ടില്ല. കൂടുതല്‍ വിദഗ്ധ ചികിത്സ ആവശ്യമെങ്കില്‍ രോഗികളെ ആംബുലന്‍സില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകണം. ഇതിനുള്ള ചെലവും ആരോഗ്യവകുപ്പ് നല്‍കണം. ജില്ലാ ആശുപത്രിക്ക് മാസങ്ങള്‍ക്കു മുന്‍പ് ആകെ ഒരു ലക്ഷം രൂപയാണു പട്ടികവര്‍ഗ വികസനവകുപ്പ് നല്‍കിയിരുന്നത്. ഇതു തീര്‍ന്നവിവരം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു.