Connect with us

Kannur

കേരളത്തില്‍ പാവപ്പെട്ടവരില്ലെന്ന് എ പി അബ്ദുല്ലക്കുട്ടി എം എല്‍ എ

Published

|

Last Updated

തലശ്ശേരി: സര്‍ക്കാറിന്റെ ഉടമസ്ഥതയില്‍ പണം കായ്ക്കുന്ന മരമില്ലെന്നും ഇവിടെ വികസന പദ്ധതികള്‍ നടപ്പാക്കണമെങ്കില്‍ വിഭവസമാഹരണം നടത്തണമെന്നും ഇതിന് നികുതി ഘടനയില്‍ മാറ്റം വരുത്തണമെന്നും എ പി അബ്ദുല്ലക്കുട്ടി എം എല്‍ എ. എല്‍ ഐ സി ഏജന്റ്‌സ് ഫെഡറേഷന്‍ തലശ്ശേരി രണ്ടാം ബ്രാഞ്ചിന്റെ വാര്‍ഷിക സമ്മേളനം കനക് റസിഡന്‍സിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടിവെള്ളത്തിനും മാലിന്യത്തിനും നികുതി ഏര്‍പ്പെടുത്തണമെന്ന തന്റെ പഴയ നിര്‍ദേശം ഒരിക്കല്‍ കൂടി എം എല്‍ എ ആവര്‍ത്തിച്ചു. രണ്ട് വര്‍ഷം മുമ്പ് നിയമസഭയില്‍ ഇത് പറഞ്ഞപ്പോള്‍ ആദരണീയനായ സ്പീക്കര്‍ അരികെ വിളിച്ചുപറഞ്ഞത് അബ്ദുല്ലക്കുട്ടിയുടെ ആവശ്യം അര്‍ഥവത്താണെന്നാണ്. എന്നാല്‍ എല്ലാവരും നികുതി കുറയ്ക്കാന്‍ പറയുമ്പോള്‍ കൂടുതല്‍ മേഖലകളില്‍ കൂട്ടാന്‍ പറയുന്നത് ആരും അംഗീകരിക്കില്ലെന്നാണ്. എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍ നിന്നും കരകയറാന്‍ മറ്റ് മാര്‍ഗമില്ലെന്ന് എം എല്‍ എ ചൂണ്ടിക്കാട്ടി. മണിയറയെക്കാള്‍ മനോഹരമായ ശൗച്യാലയങ്ങള്‍ സാധാരണക്കാരന്റെ വീടുകളിലുണ്ട്. എന്നാല്‍ ആളുകള്‍ പുറത്തിറങ്ങിയാല്‍ പശുക്കളെ പോലെ തെരുവോരത്തും വൈദ്യുതി പോസ്റ്റുകളുടെ മറയത്തും കാര്യം നിര്‍വഹിക്കേണ്ട ഗതികേടാണ് നമുക്കുള്ളത്. മംഗള്‍യാനില്‍ കയറി ചൊവ്വയിലെത്തിയാലും മാഹി, തലശ്ശേരി വഴി കണ്ണൂരിലെത്താനാവാത്ത യാത്രാ തടസ്സമാണിവിടെ. റോഡ് വികസനം കീറാമുട്ടിയായി നില്‍ക്കുന്നു.
യഥാര്‍ഥത്തില്‍ ആരാണ് പാവപ്പെട്ടവരെന്ന് എം എല്‍ എ ചോദിച്ചു. ഭക്ഷണം കിട്ടാത്ത ഒരാളെ കേരളത്തില്‍ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. വസ്ത്രങ്ങള്‍ക്കും പ്രശ്‌നമില്ല. എന്നാല്‍ കുടിവെള്ളം കിട്ടാക്കനിയായ ആയിരങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അവരാണ് യഥാര്‍ഥത്തില്‍ പവപ്പെട്ടവര്‍. കുടിവെള്ളത്തിന് വേണ്ടി അന്യന്റെ കിണറുകളെ ആശ്രയിച്ച് അവിടെ നിന്ന് തലച്ചുമടായി വെള്ളം കൊണ്ടുവരുന്ന അമ്മമാരുടെയും ഉമ്മമാരുടെയും സങ്കടങ്ങള്‍ കണ്ടാണ് ഇവര്‍ താമസിക്കുന്ന കോളനികളില്‍ പൈപ്പ് ലൈന്‍ വഴി അടിയന്തിരമായി വെള്ളമെത്തിക്കണമെന്നും മറ്റുള്ളവര്‍ ഉപയോഗിക്കുന്ന വെള്ളത്തിന് സെസ്സ് ചുമത്തണമെന്നും ഞാനാവശ്യപ്പെട്ടത്. ഇത് പറഞ്ഞ് നാട്ടിലെത്തിയപ്പോള്‍ അബ്ദുല്ലക്കുട്ടീ നിനക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ കാണിച്ചുതരാമെന്നാണ് ചിലര്‍ ഭീഷണിപ്പെടുത്തിയത്. എന്നാല്‍ ചിന്തിക്കുന്നവര്‍ക്ക് തന്റെ വാക്കുകളെ അത്ര പെട്ടെന്ന് എതിര്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കെ വി ഗോകുല്‍ദാസ്, ദേശീയ സെക്രട്ടറി ഗീതാ മാധവന്‍, സി എന്‍ ഗിരീശന്‍, എം ശശീന്ദ്രന്‍, സി എന്‍ സുധീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

---- facebook comment plugin here -----

Latest