Connect with us

Articles

ഒരു പാര്‍ട്ടി കേരളം അടിച്ചുവാരുമ്പോള്‍

Published

|

Last Updated

എന്തായാലും സി പി എമ്മും അതിന്റെ നേതാക്കളും ഏറ്റെടുത്തിരിക്കുന്ന മാലിന്യ നിര്‍മാര്‍ജനം എന്ന ദൗത്യത്തെ അഭിനന്ദിക്കേണ്ടതുണ്ട്. മനുഷ്യച്ചങ്ങല പോലെ വേറിട്ട ഒരു സമരം സംഘടിപ്പിച്ച സി പി എം മറ്റൊരു ജനകീയ പരിപാടിയുമായി രംഗത്ത് വരുന്നു. മനുഷ്യച്ചങ്ങലക്ക് ശേഷം സി പി എമ്മിന്റെ നേതൃത്വത്തില്‍ നടന്ന മിക്ക സമരങ്ങളും പരാജയത്തിന്റെ കയ്പ്പറിഞ്ഞതായിരുന്നു. സോളാര്‍ സമരം മുതല്‍ ഒടുവിലത്തെ നികുതിനിഷേധ സമരം വരെ വിജയകരമായിരുന്നുവെന്ന് ആര്‍ക്കും പറയാനാകില്ല. പലപ്പോഴും ജനങ്ങളില്‍ നിന്ന് അകന്നതോ അതല്ലെങ്കില്‍ ജനതാത്പര്യങ്ങള്‍ തിരിച്ചറിയാതെ പോയതോ ആണ് സി പി എം എന്ന പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പുകളില്‍ പോലും തിരിച്ചടിയായത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ജനഹിതത്തിനപ്പുറത്ത്‌നിന്നു കൊണ്ട് പലതീരുമാനങ്ങളും നടപ്പിലാക്കുമ്പോള്‍, പല നയങ്ങളും നടപ്പാക്കലിലെ പിഴവുകള്‍കൊണ്ട് പരാജയപ്പെടുമ്പോള്‍, സംസ്ഥാന സര്‍ക്കാറിന്റെ ശരികേടുകള്‍ക്കെതിരെ ജനപക്ഷത്ത് നിന്ന് ശബ്ദിക്കാന്‍ നല്ലൊരു പ്രതിപക്ഷമില്ലാതെ പോയല്ലോ എന്ന ചിന്ത ഏറെക്കുറെ വ്യാപകമാണ്.
ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലുകയെന്ന ലക്ഷ്യത്തോടെ സി പി എം ഇപ്പോള്‍ മുന്നോട്ട് വെക്കുന്ന മാലിന്യ നിര്‍മാര്‍ജന ക്യാമ്പയിന്‍ തികച്ചും ജനകീയമാണ്. നാടിനെ മാലിന്യമുക്തമാക്കുന്നതിന് ശുചിത്വ കേരളം എന്ന പേരില്‍ നവംബര്‍ ഒന്നിനാണ് ക്യാമ്പയിന്‍ ആരംഭിച്ചത്. മുണ്ട് മടക്കിക്കുത്തി, കൈയില്‍ ഗ്ലൗസും കാലില്‍ ഷൂസ് കയറ്റിയും മാലിന്യം നീക്കാന്‍ ഇറങ്ങിയ പിണറായി വിജയന്‍ തന്നെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പാര്‍ട്ടി ഔദ്യോഗികമായി പരിപാടി തുടങ്ങുന്നതിന് മുമ്പ് തന്നെ ചൂലെടുത്ത് പള്ളിക്കൂടത്തിന്റെ മൂത്രപ്പുര ശുചീകരണത്തിന് തന്റേടം കാണിച്ച തോമസ് ഐസക്കും മറ്റ് നേതാക്കളും മാറ്റത്തിന്റെ ചില നല്ലപാഠങ്ങളാണ് നല്‍കുന്നത്. സി പി എം പോലുള്ള പ്രസ്ഥാനങ്ങള്‍ തെറ്റുകള്‍ തിരുത്തി മാറിയ കാലത്ത് പുതിയ പ്രവര്‍ത്തന ശൈലിയുമായി മുന്നോട്ട് വരുന്നത് പ്രതീക്ഷ നല്‍കുന്നതാണ്.
എന്നാല്‍ ഏതൊരു മാറ്റത്തേയും സങ്കുചിതചിന്തകള്‍കൊണ്ട് കുറ്റങ്ങള്‍ മാത്രം കാണുന്നതിനു വേണ്ടി വിമര്‍ശ വിധേയമാക്കുന്നവരുണ്ട്. പാടത്തും പറമ്പിലും ഗ്ലൗസും സോക്‌സും ഇടാതെ പണിയെടുക്കുന്ന തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ നേതാക്കള്‍ സോക്‌സും ഷൂസും ഗ്ലൗസുമൊന്നുമിടാതെ മാലിന്യം വാരാനിറങ്ങണമെന്നാണ് അത്തരം ചില വിമര്‍ശകരും മാധ്യമങ്ങളും ആവശ്യപ്പെടുന്നത്. തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത നല്ല കാര്യങ്ങള്‍ മറ്റുള്ളവര്‍ ചെയ്യുന്നതിലൂടെ ജനസ്വാധീനം അവരിലേക്ക് ഒഴുകിയെത്തുമോയെന്ന ഭീതി ഇത്തരം വിമര്‍ശങ്ങളില്‍ കാണേണ്ടിവരും.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശ വിധേയമാക്കപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനമാണ്് സി പി എം- പ്രത്യേകിച്ച് മാധ്യമങ്ങളിലൂടെ. ഏതെങ്കിലുമൊരു നാട്ടിലെ ബ്രാഞ്ച് കമ്മിറ്റിയിലോ ഏരിയാ കമ്മിറ്റിയിലോ പണ്ട് എപ്പഴോ പ്രവര്‍ത്തിച്ചിരുന്ന ഒരാള്‍ ഏതെങ്കിലും ഒരു കേസില്‍ പെട്ടാല്‍ പോലും അതിനും സി പി എം എന്ന പാര്‍ട്ടിയും നേതാക്കളും മറുപടി പറയേണ്ട സ്ഥിതി! പ്രാദേശിക തലത്തില്‍ നടക്കുന്ന ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകള്‍ പോലും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഇത്തരത്തില്‍ സി പി എമ്മിനെ വിമര്‍ശവിധേയമാക്കുന്നതിന് പിന്നിലെ പ്രേരണയും പ്രചോദനവും പല തരത്തിലുണ്ട്.
അതേസമയം, ജനതാത്പര്യങ്ങളില്‍ നിന്നും വിഭിന്നമായ നിലപാടുകള്‍ പലപ്പോഴും സി പി എം നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിട്ടുമുണ്ട്. ഏകാധിപതികളെ പോലെയുള്ള പെരുമാറ്റം, തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുക, പ്രതിയോഗികളെ സഭ്യേതരവും സാംസ്‌കാരികേതരവുമായ വാക്കുകള്‍ കൊണ്ട് അഭിസംബോധന ചെയ്യുക, പല രാഷ്ട്രീയ കൊലപാതകങ്ങളിലും പ്രതി സ്ഥാനത്ത് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുമ്പോള്‍ അതില്‍ നിന്നും മുക്തമാകാന്‍ കഴിയാതിരിക്കുക… ഇങ്ങനെയുള്ള ഒട്ടനവധി കാര്യങ്ങളാണ് ജനങ്ങളുടെ മനസ്സില്‍ സി പി എം എന്ന പാര്‍ട്ടിയെ അധികം വളരാന്‍ അനുവദിച്ചാല്‍ അത് തങ്ങള്‍ക്കുതന്നെ വിനയാകും എന്ന തോന്നലുണ്ടാക്കിയത്.
സാംസ്‌കാരികമായി ഏറെ മുന്നോട്ട് പോയ ഒരു സമൂഹത്തിന് മുന്നിലേക്ക് മാലിന്യം നിറഞ്ഞ വാക്കുകള്‍ വിളിച്ചു പറഞ്ഞുകൊണ്ട് എത്ര മാലിന്യങ്ങള്‍ നീക്കിയാലും ജനങ്ങള്‍ അതിനെ പാര്‍ട്ടി കാണുന്ന കണ്ണുകൊണ്ട് കണ്ടെന്ന് വരില്ല. പരിസരങ്ങളിലെ മാലിന്യങ്ങളില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധത്തേക്കാള്‍ വലിയ നാറ്റം ചില വാക്കുകള്‍ക്ക് ഉണ്ടെന്നും എത്ര കുളിച്ചാലും അതിന്റെ നാറ്റം മാറില്ലെന്നും സി പി എമ്മും അതിന്റെ നേതാക്കളും തിരിച്ചറിഞ്ഞാലേ ഈ മാലിന്യനിര്‍മാര്‍ജനം പാര്‍ട്ടിക്ക് ഗുണകരമാകൂ. അല്ലെങ്കില്‍ നാട് മാലിന്യമുക്തമാകുമെന്നല്ലാതെ അതിന്റെ ഫലം പാര്‍ട്ടിക്ക് ലഭിക്കില്ല.
കേരള സംസ്ഥാനം ഏറെ ബുദ്ധിമുട്ടുന്ന മാലിന്യ സംസ്‌കരണം നഗരപ്രദേശങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളിലും ഒരു കീറാമുട്ടിയായി തീര്‍ന്നിരിക്കുന്നുവെന്നത് വസ്തുതയാണ്. ഈ സാഹചര്യത്തില്‍ സി പി എമ്മിന്റെ നേതാക്കള്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും മാലിന്യ നിര്‍മാര്‍ജനത്തിന് ഇറങ്ങുമ്പോള്‍ നാടിന്റെ നന്മ ആഗ്രഹിക്കുന്ന ഓരോത്തരും അതില്‍ ഭാഗവാക്കുക തന്നെ ചെയ്യും. പ്രത്യേകിച്ച് പാര്‍ട്ടി ചട്ടക്കൂടുകള്‍ക്ക് അപ്പുറത്ത് ജനകീയ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍. ആറ് മാസത്തെ വിശാലമായ പദ്ധതികളാണ് സി പി എം ആസൂത്രണം ചെയ്തിരിക്കുന്നത്.
മാലിന്യ നിര്‍മാര്‍ജനത്തിന് പുറമെ കാര്‍ഷിക രംഗത്തേക്കും സി പി എം ലക്ഷ്യം വെക്കുന്നുവെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തിന് ആവശ്യമായ പച്ചക്കറികള്‍ വീടുകളിലും പറമ്പുകളിലും വിളയിച്ചെടുക്കുകയാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള പദ്ധതികളുമായി മുന്നോട്ട് പോകാനുദ്ദേശിക്കുമ്പോള്‍ അടിക്കടിയുണ്ടാകുന്ന വിലക്കയറ്റമടക്കമുള്ള ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ പാര്‍ട്ടി നിശബ്ദമായി നിലപാടെടുത്താല്‍ അത് ജനങ്ങളുടെ മനസ്സില്‍ പാര്‍ട്ടിയോടുള്ള സമീപനത്തില്‍ ഒരു മാറ്റവും സൃഷ്ടിക്കില്ലെന്നും തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ട് തന്നെ നാടുനീളെ മാലിന്യം നീക്കാനും കൃഷി ഇറക്കാനും മുണ്ട് മടക്കി നേതാക്കളിറങ്ങുമ്പോള്‍ ജനങ്ങളുടെ പ്രശ്‌നങ്ങളുയര്‍ത്തിക്കൊണ്ട് വരാനും അവരുടെ ആവശ്യങ്ങള്‍ നേടിക്കൊടുക്കുന്നതിനും പാര്‍ട്ടിയും നേതാക്കളും മറന്നു പോകരുത്.
അതേസമയം തന്നെ മാറുന്ന കാലത്തെ “നാറുന്ന പരിസരങ്ങളില്‍” നിന്ന് മുക്തമാകാന്‍ ഒരു പരിധി വരെ സി പി എമ്മിന്റെ ദൗത്യം ഉപകരിക്കപ്പെടുമെന്ന് തന്നെ വിശ്വസിക്കാം. സമരമുഖത്തെ പരാജയങ്ങളില്‍ നിന്ന് മാറ്റത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടുള്ള സി പി എമ്മിന്റെ ഈ തിരുത്തലില്‍ മറ്റ് പലപാര്‍ട്ടികള്‍ക്കും പഠിക്കാനേറെയുണ്ട്. കോണ്‍ഗ്രസ് അടക്കമുള്ള മറ്റു പാര്‍ട്ടികള്‍ കണ്ട്് പകര്‍ത്തേണ്ട മാതൃകകളിലേക്കാണ് സി പി എം മടങ്ങിപ്പോകുന്നത്. അധികാരത്തിലേക്ക് തിരിച്ചു വരാന്‍ ഇനിയുള്ള കാലത്ത് കേവലം കവല പ്രസംഗങ്ങള്‍ കൊണ്ടോ വാചകക്കസര്‍ത്തുകള്‍ കൊണ്ടോ സൈദ്ധാന്തിക സമീപനങ്ങള്‍ക്കൊണ്ടോ മാത്രം സാധ്യമല്ലെന്ന് അല്‍പം വൈകിയാണെങ്കിലും സി പി എം തിരിച്ചറിഞ്ഞുവെന്ന് വേണം പാര്‍ട്ടിയുടെ പുതിയ പ്രവര്‍ത്തന ശൈലിയില്‍ നിന്നും നയം മാറ്റങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍. ഇന്ത്യന്‍ ഭരണത്തിലേക്ക് അടുത്ത കാലത്തെങ്ങാനും തിരിച്ചുവരണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ആഗ്രഹിക്കുന്നുവെങ്കില്‍ സി പി എമ്മിന്റെ ഈ തിരുത്താനുള്ള ആര്‍ജവം കണ്ടെങ്കിലും കഴിഞ്ഞ കാലങ്ങളിലെ പോരായ്മകള്‍ തിരുത്താന്‍ കോണ്‍ഗ്രസും അതിന്റെ നേതാക്കളും മടികൂടാതെ മുന്നോട്ട് വരേണ്ടതുണ്ട്. ഇതൊക്കെ പറയുമ്പോള്‍ തന്നെ ഒരു കാര്യം കൂടി സി പി എമ്മില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നുണ്ട്. കേവലം വാര്‍ത്തകള്‍ക്ക് വേണ്ടിയുള്ള മാലിന്യ നിര്‍മാര്‍ജന പ്രക്രിയ വാര്‍ത്തകള്‍ക്കപ്പുറത്തേക്ക് തുടര്‍ന്ന് കൊണ്ട് പോകുകയെന്ന പ്രയാസകരവും ശ്രമകരവുമായ ദൗത്യം. അതിന് സി പി എമ്മിന് സാധ്യമായില്ലെങ്കില്‍ ഈ ദൗത്യവും പരാജയങ്ങളുടെ പട്ടികയില്‍ എഴുതി ചേര്‍ക്കപ്പെടുക തന്നെ ചെയ്യും. ഒപ്പം വിമര്‍ശത്തിന് കാത്തിരിക്കുന്നവര്‍ക്ക് പാര്‍ട്ടി ആയുധം പണിതു കൊടുത്ത നിലയില്‍ സ്വയം വെട്ടിനിരത്തലിന് വിധേയപ്പെടുകയും ചെയ്‌തേക്കാം.

---- facebook comment plugin here -----

Latest