Connect with us

National

ഗംഗാ തീരം വൃത്തിയാക്കാന്‍ മണ്‍വെട്ടിയെടുത്ത് മോദി

Published

|

Last Updated

വാരാണസി: “ക്ലീന്‍ ഗംഗ” പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഗാ നദീതടം വൃത്തിയാക്കുന്ന ദൗത്യത്തില്‍ പങ്കെടുത്തു. സംസ്ഥാനത്ത് ഇതേ ദൗത്യം പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് അടക്കം ഒമ്പത് പേരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
രാവിലെ 8.35നുള്ള പരിപാടിക്ക് വളരെ നേരത്തെ തന്നെ മോദി വാരാണസിയിലെ അസ്സി ഘട്ടിലെത്തി. എത്തിയയുടനെ ഗംഗാ പൂജ നടത്തി. 15 മിനുട്ട് നേരത്തെ പ്രാര്‍ഥനക്ക് ശേഷം മണ്‍വെട്ടിയെടുത്ത് മാലിന്യമടങ്ങിയ മണ്ണ് കുഴിക്കാന്‍ തുടങ്ങി. ഒന്നിനു പിറകെ ഒന്നായി മോദി കോരിയെടുത്ത നിരവധി കുട്ട മാലിന്യങ്ങളാണ് നീക്കം ചെയ്തത്. മാധ്യമപ്രവര്‍ത്തകരും പാര്‍ട്ടിക്കാരും സ്ഥലത്തുണ്ടായിരുന്നു.
മാലിന്യ നീക്കം കഴിഞ്ഞ് തിരിച്ചു പോകുമ്പോഴാണ് ഒമ്പത് പേരോട് ഇക്കാര്യം ആവശ്യപ്പെട്ടതായി മോദി പറഞ്ഞത്. അഖിലേഷിന് പുറമെ ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് കൈഫ്, സുരേഷ് റെയ്‌ന, കോമഡി താരം രാജു ശ്രീവാസ്തവ, ഭോജ്പുരി സിനിമാ താരവും ബി ജെ പി. എം പിയുമായ മനോജ് തിവാരി, ഗായകന്‍ കൈലാഷ് ഖേര്‍, ചിത്രാകൂടിലെ ബ്ലിന്ദ് സര്‍വകലാശാലയുടെ ചാന്‍സലറും സ്ഥാപകനുമായ സ്വാമി രാംഭദ്രാചാര്യ, സംസ്‌കൃത പണ്ഡിതന്‍ ദേവി പ്രസാദ് ദ്വിവേദി, എഴുത്തുകാരന്‍ മനു ശര്‍മ എന്നിവരോടാണ് തന്റെ ദൗത്യത്തില്‍ പങ്കാളികളാകാന്‍ മോദി ആവശ്യപ്പെട്ടത്. ഇതില്‍ അഖിലേഷ് ഒഴിച്ചുള്ളവര്‍ വെല്ലുവിളി സ്വീകരിച്ചു. അഖിലേഷ് “ചിരിച്ചു തള്ളി”യെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഗംഗാ നദീതീരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതില്‍ സജീവ പങ്കാളിത്തം ഉറപ്പുവരുത്താന്‍ കാശിയിലെ ജനങ്ങളെ പ്രേരിപ്പിക്കാനാണ് താനിവിടെയെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഒരു മാസം കൊണ്ട് വാരാണസിയിലെ നദീതടം മുഴുവനായി മാലിന്യമുക്തമാക്കുമെന്ന് സാമൂഹിക സംഘടനകള്‍ തനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. മോദി പറഞ്ഞു.
മോദി പോയ ഉടനെ എസ്‌കവേറ്ററുകള്‍ ഉപയോഗിച്ച് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചു. ക്ലീന്‍ ഇന്ത്യ, ക്ലീന്‍ ഗംഗ എന്നീ പദ്ധതികള്‍ക്ക് പുറമെ ചില രാഷ്ട്രീയ നീക്കങ്ങള്‍ കൂടി ഇതിലുണ്ട്. ഉത്തര്‍ പ്രദേശ് സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന സമാജ്‌വാദി പാര്‍ട്ടിയോട് അയിത്തമില്ലെന്ന് തെളിയിക്കുകയാണ് അഖിലേഷിന്റെ പേര് പറഞ്ഞതിലൂടെ വ്യക്തമാകുന്നത്. മുഹമ്മദ് കൈഫ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഫൂല്‍പൂരില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചിരുന്നു. ഗാന്ധി ജയന്തി ദിനത്തില്‍ സ്വച്ഛ് ഭാരത് പ്രചാരണത്തിന്റെ ഉദ്ഘാടനം കുറിച്ചപ്പോള്‍ കോണ്‍ഗ്രസ് എം പി ശശി തരൂരിന്റെ പേരാണ് അദ്ദേഹം നിര്‍ദേശിച്ചത്. ഇതിനെ തുടര്‍ന്നുണ്ടായ വിവാദത്തിനൊടുവില്‍ ശശി തരൂരിന് വക്താവ് സ്ഥാനം നഷ്ടമായി.

Latest