Connect with us

National

ഡല്‍ഹിയില്‍ കലാപശ്രമം ഹിന്ദുക്കളും മുസ്‌ലിംകളും ചെറുത്തു തോല്‍പ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: പള്ളിക്കകത്ത് ചത്ത പന്നിയെ ഇട്ട് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ഗൂഢ നീക്കം ഡല്‍ഹിയിലെ ഓഖ്‌ല പ്രദേശത്തെ ഹിന്ദുക്കളും മുസ്‌ലിംകളും ചെറുത്തു. ഡല്‍ഹിയിലെ തൃലോക്പുരി, ബവാന എന്നിവിടങ്ങളില്‍ സംഘര്‍ഷസാധ്യതയുള്ള പശ്ചാത്തലത്തിലാണ് ഓഖ്‌ലയിലെ ജെ ജെ ക്ലസ്റ്ററില്‍ ഈ സംഭവമുണ്ടായത്. പ്രദേശത്തെ ഹിന്ദുക്കളും മുസ്‌ലിംകളും ഒന്നിച്ചെത്തി പോലീസില്‍ പരാതി നല്‍കിയാണ് കുത്സിത നീക്കം തകര്‍ത്തത്.
തൃലോക്പുരിയിലും ബവാനയിലെ മഹാപഞ്ചായത്തിന് ശേഷവും നടന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഓഖ്‌ലയിലും ആവര്‍ത്തിക്കാനാണ് ചിലര്‍ ശ്രമിച്ചതെന്ന് ഓഖ്‌ല സ്വദേശി അമാനതുല്ല പറയുന്നു. കലാപമുണ്ടാക്കി ഓഖ്‌ലയില്‍ ആളിക്കത്തിക്കാനായിരുന്നു ശ്രമം. ഇത്തരം ശ്രമങ്ങളെ സമുദായങ്ങള്‍ ഒന്നിച്ച് ചെറുത്താല്‍ ദീര്‍ഘകാലത്തേക്ക് അത് ഗുണം ചെയ്യും. ഇത്തരം പ്രശ്‌നങ്ങളുണ്ടായാല്‍ ക്രമസമാധാന നില പുനഃസ്ഥാപിക്കാന്‍ പോലീസ് നന്നേ പ്രയാസപ്പെടുന്ന പശ്ചാത്തലത്തില്‍ മുസ്‌ലിംകള്‍ അക്രമപാത സ്വീകരിക്കാത്തതിനെ ഹിന്ദുക്കളടക്കം എല്ലാവരും പ്രശംസിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് ഇരു സമുദായങ്ങളും സൗഹാര്‍ദത്തോടെയാണ് ജീവിക്കുന്നത്. ഇത് തുടര്‍ന്നും നിലനില്‍ക്കാന്‍ സംയുക്ത സമാധാന കമ്മിറ്റി രൂപവത്കരിക്കണമെന്ന് മറ്റൊരു സ്വദേശി കരണ്‍ ബിധൂരി പറഞ്ഞു. ഡല്‍ഹിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനാല്‍ എല്ലായിടത്തും ഇത്തരം കമ്മിറ്റികള്‍ അനിവാര്യമാണ്. അദ്ദേഹം പറഞ്ഞു. സംഘര്‍ഷമുണ്ടായ തൃലോക്പുരിയില്‍ സമാധാനവും സന്തോഷവും നിലനിര്‍ത്തുന്നതിന് ഹിന്ദു, മുസ്‌ലിം, സിഖ്, ക്രിസ്ത്യന്‍ എന്നീ വിഭാഗങ്ങളില്‍ നിന്ന് 40 അംഗങ്ങളുള്ള സമാധാന കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്.
അതേസമയം, ഡല്‍ഹിയിലെ ആരാധനാ കേന്ദ്രങ്ങളില്‍ സുരക്ഷയും നിരീക്ഷണവും ശക്തമാക്കാന്‍ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബവാനയില്‍ ബി ജെ പി. എം എല്‍ എ ഗുഗന്‍ സിംഗും കോണ്‍ഗ്രസ് കൗണ്‍സിലര്‍ പോണിയെന്ന ദേവേന്ദര്‍ കുമാറും നയിച്ച മഹാപഞ്ചായത്തിനെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്ത പശ്ചാത്തലത്തിലാണ് ഓഖ്‌ലയില്‍ ഈ സംഭവമുണ്ടായത്. മുഹര്‍റം പത്തിന് ശിയാക്കള്‍ നടത്തുന്ന റാലിയുടെ പതിവ് റൂട്ട് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു കഴിഞ്ഞ ഞായറാഴ്ച 700 പേര്‍ പങ്കെടുത്ത മഹാപഞ്ചായത്ത് നടന്നത്. ദിവസം മുഴുവന്‍ നീണ്ടുനിന്ന പഞ്ചായത്തില്‍ വര്‍ഗീയ വിദ്വേഷം തുളുമ്പുന്ന പ്രസംഗങ്ങളാണ് നടന്നത്. സംഘര്‍ഷത്തിന് ആഹ്വാനം ചെയ്യുന്നതായിരുന്നു നേതാക്കളുടെ പ്രസംഗങ്ങള്‍. റാലിക്ക് നേരെ ആക്രമണങ്ങളുണ്ടായില്ലെങ്കിലും പ്രദേശവാസികള്‍ക്ക് ഉറക്കമില്ലാ രാത്രികളായിരുന്നു മൂന്ന് ദിവസം.

Latest