Connect with us

Sports

ലിവര്‍പൂള്‍ കീഴടക്കി ചെല്‍സി

Published

|

Last Updated

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് എതിരില്ല. ഹോംഗ്രൗണ്ടിലിറങ്ങിയ ലിവര്‍പൂളിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി ചെല്‍സി ലീഗ് ടേബിളിലെ ഒന്നാം സ്ഥാനം ബലപ്പെടുത്തി.
ലീഗില്‍ അഞ്ചാം തോല്‍വിയോടെ ലിവര്‍പൂള്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പതിനൊന്ന് മത്സരങ്ങളില്‍ 14 പോയിന്റ് മാത്രമാണ് കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സപ്പായ ലിവര്‍പൂളിനുള്ളത്. ചെല്‍സിക്ക് ഇത്രയും മത്സരങ്ങളില്‍ 29 പോയിന്റ്. ഒരു മത്സരവും തോറ്റില്ലെന്ന പെരുമയും ചെല്‍സിക്ക് കൂട്ടായിട്ടുണ്ട്. ലിവര്‍പൂളാകട്ടെ, ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പടെ തുടരെ മൂന്നാം മത്സരത്തിലാണ് പരാജയപ്പെടുന്നത്.
ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമാണ് ചെല്‍സി ഗാരി കാഹിലിന്റെയും ഡിയഗോ കോസ്റ്റയുടെയും ഗോളുകളില്‍ മത്സരഗതി മാറ്റിയത്. സീസണിലെ പത്താം ഗോളോടെ സ്പാനിഷ് സ്‌ട്രൈക്കര്‍ ഡിയഗോ കോസ്റ്റയാണ് ചെല്‍സിയുടെ ജയമുറപ്പാക്കിയത്. കാഹിലിന്റെ ഗോള്‍ , ഗോള്‍ സാങ്കേതിക വിദ്യയിലൂടെയാണ് സ്ഥിരീകരിച്ചത്. ഒമ്പതാം മിനുട്ടില്‍ എമ്‌റെ കാനാണ് ലിവര്‍പൂളിനെ മുന്നിലെത്തിച്ചത്. ചെല്‍സി ഡിഫന്‍ഡര്‍ ജോണ്‍ ടെറിയുടെ ദേഹത്ത് തട്ടിയായിരുന്നു കാനിന്റെ ഷോട്ട് വലയില്‍ കയറിയത്.
എന്നാല്‍, ഗോള്‍ വീണതോടെ വര്‍ധിത വീര്യം കൈവരിച്ച ചെല്‍സി അഞ്ച് മിനുട്ടിനുള്ളില്‍ ഒപ്പമെത്തി. ഗാരി കാഹില്‍ നേടിയ ഗോള്‍ പക്ഷേ ഗോള്‍ ലൈന്‍ സാങ്കേതിക വിദ്യയിലൂടെയാണ് സ്ഥിരീകരിച്ചത്. ലിവര്‍പൂള്‍ ഗോളി സിമോന്‍ മിഗ്നോലെറ്റ് പന്ത് പിടിച്ചത് ഗോള്‍ ലൈന്‍ കടന്നതിന് ശേഷമാണെന്ന് ഹോക്ക് ഐ റീപ്ലേകളില്‍ വ്യക്തമായി.
ബോള്‍ പൊസഷന്‍ കൂടുതല്‍ ലിവര്‍പൂളിനായിരുന്നെങ്കിലും ആക്രമണത്തിന്റെ മൂര്‍ച്ച കൊണ്ട് ചെല്‍സിക്കായിരുന്നു ആധിപത്യം. ആദ്യ പകുതി അവസാനിക്കുമ്പോള്‍ എവേ ഗ്രൗണ്ടില്‍ ചെല്‍സി ആത്മവിശ്വാസം വീണ്ടെടുത്തിരുന്നു. രണ്ടാം പകുതിയില്‍ റാമിറെസിന് പകരം വില്ലെയ്‌നെ ഇറക്കിയ ചെല്‍സി കോച്ച് മൗറിഞ്ഞോ വിജയഗോള്‍ മാത്രമാണ് ലക്ഷ്യമിട്ടത്.
അറുപത്തേഴാം മിനുട്ടില്‍ കോസ്റ്റയുടെ വിജയഗോളും വന്നു. ലിവര്‍പൂളിന്റെ പ്രതിരോധ ഭടന്‍ മാര്‍ട്ടിന്‍ സ്‌കെര്‍ട്ടലുമായുള്ള ശാരീരിക യുദ്ധത്തിന് ശേഷമാണ് കോസ്റ്റയുടെ ഗോള്‍. കോട്ടീഞ്ഞോയെ മറികടന്ന് ലെഫ്റ്റ് വിംഗില്‍ നിന്ന് സീസര്‍ അസ്പിലിക്യൂട്ട തൊടുത്ത ഷോട്ട് ലിവര്‍പൂള്‍ ഗോളി മിഗ്നോലെറ്റ് തട്ടിമാറ്റിയെങ്കിലും പൊസഷന്‍ ചെയ്യുന്നതില്‍ അഗ്രഗണ്യനായ ഡിയഗോ കോസ്റ്റ ഫസ്റ്റ് ടൈം ഹാഫ് വോളിയിലൂടെ വല കുലുക്കി.
സമനില ഗോളിനായി പൊരുതിയ ലിവര്‍പൂളിന് പെനാല്‍റ്റിക്ക് വകയൊരുങ്ങിയെങ്കിലും റഫറി അനുവദിച്ചില്ല. സ്റ്റീവന്‍ ജെറാര്‍ഡിന്റെ ഷോട്ട് കാഹിലിന്റെ കൈയില്‍ തട്ടിയതിനെ തുടര്‍ന്ന് ലിവര്‍പൂള്‍ താരങ്ങള്‍ പെനാല്‍റ്റിക്കായി അപ്പീല്‍ ചെയ്തു.ചെല്‍സിക്ക് അഞ്ച് മഞ്ഞക്കാര്‍ഡ് കണ്ടപ്പോള്‍ ലിവര്‍പൂളിന് രണ്ടെണ്ണം. കോസ്റ്റക്ക് പകരക്കാരനായി അവസാന മിനുട്ടില്‍ ദ്രോഗബയും ഹസാദിന് പകരം ലൂയിസുമെത്തി. നിറം മങ്ങിയ ബലോടെല്ലിക്ക് പകരം ലാംബെര്‍ട്ടിറങ്ങിയിട്ടും പരുക്ക് ഭേദമായ സ്റ്റെര്‍ലിംഗ് മുഴുവന്‍ സമയം കളിച്ചിട്ടും ലിവര്‍പൂളിന് ഹോംഗ്രൗണ്ടിലെ പരാജയം ഒഴിവാക്കാന്‍ സാധിച്ചില്ല.
ടീം ലൈനപ്പ്
ലിവര്‍പൂള്‍ : മിഗ്നോലെറ്റ് (ഗോളി), ജോണ്‍സന്‍, സ്‌കെര്‍ട്ടല്‍, ലോറന്‍, മൊറേനോ, ഹെന്‍ഡേഴ്‌സന്‍, ജെറാര്‍ഡ്, കാന്‍, കോട്ടീഞ്ഞോ, അലെന്‍, സ്റ്റെര്‍ലിംഗ്.
ചെല്‍സി : കോര്‍ടോയിസ് (ഗോളി), ഇവാനോവിച്, കാഹില്‍, ടെറി, അസ്പിലിക്യൂട, മാറ്റിച്, ഫാബ്രിഗസ്, റാമിറെസ്, ഓസ്‌കര്‍, ഹസാദ്, കോസ്റ്റ.

---- facebook comment plugin here -----

Latest