Connect with us

Kerala

നിശ്ചയദാര്‍ഢ്യം കൈവിടാതെ......

Published

|

Last Updated

കണ്ണൂര്‍: പ്രൈമറി വിദ്യാഭ്യാസം മാത്രം കൈമുതലായിരുന്ന എം വി രാഘവന്റേത് തീരുമാനിച്ച കാര്യങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ ചെയ്തുതീര്‍ക്കുന്ന പ്രകൃതമായിരുന്നു. തീരുമാനിച്ച കാര്യങ്ങള്‍ നടപ്പിലാക്കുന്നത് വൈകാന്‍ പാടില്ലെന്നും ഇച്ഛാശക്തിയുണ്ടെങ്കില്‍ തടസമുണ്ടാകില്ലെന്നും എം വി ആര്‍ എപ്പോഴും പറയുമായിരുന്നു.
1964 ല്‍ പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ യോഗത്തിന്റെ ആദ്യതീരുമാനം വിഷചികിത്സാകേന്ദ്രം തുടങ്ങുകയെന്നതാണ്. കൂടെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച പൊക്കന്‍ മാസ്റ്റര്‍ പാമ്പുകടിയേറ്റു മരിച്ചതാണ് ഇങ്ങനെയൊരു തീരുമാനത്തിനു പിന്നില്‍. പിന്നീട് പറശ്ശിനിക്കടവില്‍ സ്‌നേക്പാര്‍ക്ക് സ്ഥാപിച്ചതിലും എ കെ ജി ആശുപത്രി സ്ഥാപിച്ചതിലും രാഘവന്റെ നിശ്ചയദാര്‍ഢ്യത്തിന് ഏറെ പങ്കുണ്ട്. സി. പി. എമ്മില്‍ നിന്ന് പുറത്താക്കിയ വേളയില്‍ കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ സി എം പി രൂപീകരിക്കുമ്പോള്‍ അദ്ദേഹത്തിന് ഒട്ടും ആശങ്കയുണ്ടായിരുന്നില്ല. ഈയൊരു നിശ്ചയദാര്‍ഢ്യം കുട്ടിക്കാലത്തേ സൂക്ഷിച്ചിരുന്ന നേതാവാണ് രാഘവന്‍. സി പി എമ്മില്‍ നിന്ന് പുറത്താകുന്നതിന് കാരണമായ ബദല്‍ രേഖയുമായി ആദ്യഘട്ടത്തില്‍ ഉറച്ചുനിന്ന പലരും പിന്‍വാങ്ങിയപ്പോള്‍ രാഘവന്‍ തന്റെ തീരുമാനവുമായി വിരലിലെണ്ണാവുന്നവരുടെ പിന്‍ബലവുമായി മുന്നോട്ടു പോവുകയായിരുന്നു. പരിയാരം മെഡിക്കല്‍ കോളജ് തുടങ്ങുമ്പോഴും ഈ നിശ്ചയദാര്‍ഢ്യം അദ്ദേഹം വച്ചുപുലര്‍ ത്തിയതായി കാണാം.
പാപ്പിനിശ്ശേരി പഞ്ചായത്തു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് എം വി ആര്‍ എന്ന ഭരണാധികാരിയുടെ ദീര്‍ഘവീക്ഷണത്തിന്റെ വ്യാപ്തി പുറംലോകം അറിഞ്ഞു തുടങ്ങുന്നത്. പഞ്ചായത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണെന്നു തിരിച്ചറിഞ്ഞതോടെ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടു. പാപ്പിനിശേരി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള തരിശായ തുരുത്തിനെ ഭഗത് സിംഗ് നഗര്‍ എന്ന പേരില്‍ തെങ്ങിന്‍ തോപ്പാക്കിമാറ്റിയത് ഇദ്ദേഹമാണ്. ആദ്യം കൂട്ടത്തിലുള്ളവര്‍ പോലും പദ്ധതിയെ പരിഹസിച്ചപ്പോള്‍ പിന്നീട് തെങ്ങിന്‍ തോപ്പില്‍ നിന്നുള്ള വരുമാനം പഞ്ചാത്തിനു മുതല്‍ കൂട്ടായി മാറിയപ്പോള്‍ പരിഹസിച്ചവരും അഭിനന്ദിച്ചു എന്നതാണ് വാസ്തവം. ചെയ്യാനുറച്ച കാര്യം ചെയ്തു തീര്‍ക്കാന്‍ കഴിവുള്ളവനാണ് താനെന്ന് തെളിയിച്ച സംഭവമായിരുന്നു ഇത്.
ഒരേസമയം സംഘടനാ കാര്യങ്ങളിലും പാര്‍ലമെന്ററി കാര്യങ്ങളിലും കഴിവു പുലര്‍ത്താന്‍ കഴിഞ്ഞ നേതാവായി രാഘവന്‍ സി പി എമ്മില്‍ ആദ്യ കാലത്ത് തന്നെ അംഗീകരിക്കപ്പെട്ടിരുന്നു. അച്യുതമേനോന്‍ മന്ത്രിസഭയുടെ കാലത്ത് കരുത്തനായ എം. എല്‍. എയായി രാഘവന്‍ അറിയപ്പെട്ടു. പിന്നീട് അടിയന്തിരാവസ്ഥയിലെ ജയില്‍വാസവും കഴിഞ്ഞ് 1978ല്‍ കണ്ണൂരില്‍ നടന്ന സി പി എം സംസ്ഥാന സമ്മേളനത്തില്‍ സ്‌റ്റേറ്റ് സെക്രട്ടേറിയറ്റ് അംഗമായി രാഘവനെ തിരഞ്ഞെടുത്തു. 1980 ല്‍ കൂത്തുപറമ്പില്‍ നിന്നും 82ല്‍ പയ്യന്നൂരില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.