Connect with us

Kannur

എം വി ആര്‍ ഇനി അമര സ്മരണ

Published

|

Last Updated

കണ്ണൂര്‍: വാക്കിനും പ്രവൃത്തിക്കുമിടയില്‍ വിടവില്ലെന്ന് ജീവിതം കൊണ്ട് തെളിയിച്ച തലയെടൂപ്പുള്ള രാഷ്ട്രീയ നേതാവ് ഇനി ഓര്‍മ. കരുത്തുറ്റ നേതൃപാടവവും വീറുറ്റ നിലപാടുകളും കൊണ്ട് കേരള രാഷ്ട്രീയത്തില്‍ ആറ് പതിറ്റാണ്ടോളം ജ്വലിച്ചുനിന്ന എം വി രാഘവനെന്ന കര്‍മധീരനായ കമ്മ്യൂണിസ്റ്റുകാരനാണ് ജന്മനാട് ഇന്നലെ വിട നല്‍കിയത്.
മുന്‍ മന്ത്രി, സി എം പി സ്ഥാപകന്‍ എന്നിവക്കപ്പുറം ജനങ്ങളുടെ പ്രിയപ്പെട്ട നേതാവായ എം വി ആറിന് യാത്രാമൊഴിയേകാന്‍ രാഷ്ടീയ കേരളം കണ്ണൂരിലേക്ക് ഒഴുകിയെത്തുകയായിരുന്നു. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖരടക്കം വന്‍ ജനാവലി എം വി രാഘവന് അന്തിമോപചാരമര്‍പ്പിക്കാന്‍ കണ്ണൂരിലുണ്ടായിരുന്നു. പരിയാരത്ത് നിന്ന് ഞായറാഴ്ച രാത്രി ബര്‍ണശേരിയിലെ വസതിയിലെത്തിച്ച മൃതദേഹം ഇന്നലെ രാവിലെ ഒമ്പതു മണിയോടെ വിലാപ യാത്രയായി യോഗശാലാ റോഡിലെ സി എം പി ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു. ഒരു മണിക്കുര്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലെത്തിച്ചു.ജീവിത്തിന്റെ നാനാതുറകളില്‍പ്പെട്ട ആയിരങ്ങളുടെ അന്ത്യാര്‍പ്പണത്തിനു ശേഷം ഔദ്യോഗിക ബഹൂമതിയുടെ ഭാഗമായി മൃതദേഹത്തില്‍ ദേശീയ പതാക പുതപ്പിച്ചു.തുടര്‍ന്ന് മൃതദേഹം വിലാപയാത്രയായി പയ്യാമ്പലത്തെത്തിച്ചു. പ്രിയനേതാവിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കടന്നുപോയ ടൗണ്‍ സ്‌ക്വയര്‍ റോഡ്, പഴയ ബസ് സ്റ്റാന്‍ഡ് റോഡ്, മുനീശ്വരന്‍ കോവില്‍ റോഡ്, എസ്എന്‍ പാര്‍ക്ക് റോഡ് എന്നിവിടങ്ങളിലെല്ലാം വയോധികരും സ്ത്രീകളും കുട്ടികളും അടക്കം തിങ്ങി നിരന്ന് നിന്നിരുന്നു.
ഇ കെ നായനാരടക്കം പ്രമുഖര്‍ അന്തിയുറങ്ങുന്ന പയ്യാമ്പലത്ത്, ദീര്‍ഘകാലം സമരസഖാവായിരുന്ന സി കണ്ണന്റെ സ്മൃതി മണ്ഡപത്തിന് സമീപമാണ് രാഘവന് ചിതയെരുക്കിയത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. പോലിസ് സേനയുടെ ഫ്യൂണറല്‍ പരേഡിനു ശേഷം മക്കളായ എം വി ഗിരീഷ്‌കുമാര്‍, എം വി രാജേഷ്‌കുമാര്‍, എം വി നികേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ചിതക്ക് തീക്കൊളുത്തി. മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ എം മാണി, ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, എം കെ മുനീര്‍, ഷിബു ബേബിജോണ്‍, സി എന്‍ ബാലകൃഷ്ണന്‍, കെ പി മോഹനന്‍, അനൂപ് ജേക്കബ്, മുന്‍ കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍ എംപി, മുന്‍ മന്ത്രി എം എ ബേബി, സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീ്ന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, പി സി തോമസ്, സി പി ജോണ്‍, അരവിന്ദാക്ഷന്‍, കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍, ഇ പി ജയരാജന്‍ എം എല്‍ എ, പി ജയരാജന്‍, എം വി ജയരാജന്‍ തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

 

---- facebook comment plugin here -----

Latest