Connect with us

Gulf

ട്രാം ദുബൈയുടെ ഹൃദയത്തുടിപ്പാകും

Published

|

Last Updated

ദുബൈ: ദുബൈ പൊതുഗതാഗത സംവിധാനത്തിലെ സ്വപ്‌ന പദ്ധതിയായ ട്രാം നാളെ ഉദ്ഘാടനം ചെയ്യും. 12നാണ് സര്‍വീസ് ആരംഭിക്കുക. ഈ ദിനം ദുബൈയുടെ പുരോഗതിയുടെ ചരിത്രത്തിലെ നാഴികക്കല്ലാകും.

ആഴ്ചയില്‍ ശനി മുതല്‍ വ്യാഴം വരെ രാവിലെ അഞ്ചു മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ 20 മണിക്കൂറാവും ട്രാം പ്രവര്‍ത്തിക്കുക. 27,000 യാത്രക്കാര്‍ ദിനേന ട്രാം സര്‍വീസിനെ ആശ്രയിക്കുമെന്നാണ് ആര്‍ ടി എ കണക്കു കൂട്ടുന്നത്.
രാവിലെ അഞ്ചു മണി മുതല്‍ ഏഴു മണി വരെ എട്ട് മിനുട്ട് ഇടവിട്ടാവും ട്രാം സര്‍വീസ്. രാവിലെ 10നും രാത്രി എട്ടിനും ഇടയില്‍ ഓരോ ആറു മിനുട്ടിലും ട്രാം സര്‍വീസ് നടത്തും. ഓരോ സ്‌റ്റേഷനിലും 30 സെക്കന്റാവും നിര്‍ത്തുക. മണിക്കൂറില്‍ 21.44 കിലോ മീറ്ററായിരിക്കും വേഗം. പരമാവധി വേഗം 50 കിലോമീറ്ററായിരിക്കും. 42 മിനുട്ടിനകം ട്രാം ഒരു തവണ സര്‍വീസ് പൂര്‍ത്തീകരിക്കും. ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോമും ഇമാറാത്തി ബെല്‍ജിയന്‍ കോഫഌ ബിസിക്‌സും അടങ്ങുന്ന കസോര്‍ഷ്യത്തിനാണ് നിര്‍മാണ ചുമതല. 85.10 കോടി ദിര്‍ഹത്തിനാണ് 13 വര്‍ഷത്തേക്ക് കമ്പനികള്‍ കരാര്‍ നേടിയത്. ഒന്നാം ഘട്ടത്തില്‍ 11 ട്രാമുകളാണ് ദുബൈ മറീനയില്‍ നിന്ന് പോലീസ് അക്കാഡമി വരെ 10.6 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ യാത്രക്കാരുമായി ഓടുക. 11 സ്റ്റേഷനുകള്‍ ഉണ്ടാകും. ട്രാം ഓടാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കവേ ട്രാമുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും കാല്‍നട യാത്രക്കാരും വാഹനം ഓടിക്കുന്നവരും പാലിക്കണമെന്ന് ആര്‍ ടി എ അഭ്യര്‍ഥിച്ചു.
ട്രാം ഓടിത്തുടങ്ങുന്നതിന്റെ ഭാഗമായി ആര്‍ ടി എ സെയ്ഫ് ഡ്രൈവിംഗ് മാന്വല്‍ പരിഷ്‌ക്കരിച്ചിട്ടുണ്ട്. ഡ്രൈവിംഗ് പഠിക്കാനായി എത്തുന്നവര്‍ക്കുള്ള മാന്വലിലാണ് ആര്‍ ടി എ പരിഷ്‌ക്കാരം വരുത്തിയിരിക്കുന്നത്. ട്രാമുമായി ബന്ധപ്പെട്ട് പുതിയ ഗതാഗത ചിഹ്നങ്ങളും ഇതില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ട്രാം സിഗ്നലുകള്‍ തിരിച്ചറിയാനും അതിനനുസരിച്ച് വാഹനം നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണിത്.
ട്രാമുകള്‍ റോഡിനും വാഹനങ്ങള്‍ക്കും ഇടയിലൂടെ കൃത്യമായ ഇടവേളകളില്‍ ഓടുമെന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട് സംഭവിക്കാനിടയുള്ള അപകടങ്ങള്‍, പ്രത്യേകിച്ചും ട്രാമും വാഹനങ്ങളും കൂട്ടിയിടിക്കാനുള്ള സാധ്യതകള്‍ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഗതാഗത ചിഹ്നങ്ങള്‍ ഉള്‍പെടുത്തിയിരിക്കുന്നതെന്ന് ആര്‍ ടി എ ലൈസന്‍സിംഗ് ഏജന്‍സി സി ഇ ഒ അഹമ്മദ് ബഹ്‌റൂസിയാന്‍ വ്യക്തമാക്കിയിരുന്നു.
വിവിധ ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്കായി ശ്രമിക്കുന്നവര്‍ക്ക് ഈ ഗതാഗത ചിഹ്നങ്ങള്‍ ഉപകരിക്കും. യു എ ഇയില്‍ ആദ്യമായാണ് ഇത്തരം ഒരു ഗതാഗത മാര്‍ഗം നടപ്പാക്കുന്നത്. പരമ്പരാഗത ട്രാം സങ്കല്‍പത്തില്‍ നിന്നു മാറി അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ട്രാം രൂപകല്‍പന ചെയ്തിരിക്കുന്നതും നടപ്പാക്കുന്നതും.
ട്രാം പോകുന്ന പാതകളോട് ചേര്‍ന്നു സഞ്ചരിക്കുന്ന വാഹനങ്ങളും കാല്‍നട യാത്രക്കാര്‍ക്കുമെല്ലം ഉപകരിക്കുന്ന രീതിയിലാണ് ചിഹ്നങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്.
ട്രാം പാതയിലേക്ക് ചുവപ്പ് സിഗ്നല്‍ മറികടന്നെത്തുന്ന വാഹനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് ആര്‍ ടി എ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നിയമലംഘകര്‍ക്ക് നല്‍കുന്ന പരമാവധി ശിക്ഷ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കലും 30,000 ദിര്‍ഹം പിഴയുമായിരിക്കും. മറികടക്കലിന്റെ ഗൗരവം കുറഞ്ഞ കേസുകളില്‍ ചുരുങ്ങിയത് 5,000 ദിര്‍ഹം പിഴയും മൂന്നു മാസം ലൈസന്‍സ് റദ്ദാക്കലുമാവും ശിക്ഷ. പരമാവധി ശിക്ഷയായി നിയമലംഘകര്‍ക്ക് 30,000 ദിര്‍ഹം പിഴയും ഒരു വര്‍ഷം ലൈസന്‍സ് റദ്ദ് ചെയ്യലുമാവും നല്‍കുക. അപകടത്തില്‍ ആര്‍ക്കെങ്കിലും പരുക്കേല്‍ക്കുന്ന കേസുകളില്‍ 15,000 ദിര്‍ഹമായിരിക്കും പിഴ ചുമത്തുക. ഇവരുടെ ലൈസന്‍സ് ആറു മാസത്തേക്ക് റദ്ദ് ചെയ്യും.

---- facebook comment plugin here -----

Latest