Connect with us

International

ചൈനയില്‍ മുസ്‌ലിം നേതാക്കളെ വ്യാപകമായി അറസ്റ്റ് ചെയ്യുന്നു

Published

|

Last Updated

ബീജിംഗ്: പടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാംഗില്‍ നിരവധി മുസ്‌ലിം ഇമാമുമാരെ ചൈന ജയിലിലടച്ചു. “നിയമവിരുദ്ധ മതപ്രവര്‍ത്തന”ങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മൊത്തം 22 പേരെയാണ് സംശയത്തിന്റെ പേരില്‍ പിടികൂടി ജയിലിലടച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അറസ്റ്റിലായവരില്‍ “വൈല്‍ഡ് ഇമാം” എന്ന് ചൈനീസ് അധികൃതര്‍ വിശേഷിപ്പിക്കുന്ന വ്യക്തിയെ അഞ്ച് മുതല്‍ 16 വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. മതപ്രഭാഷണങ്ങളില്‍ ഏര്‍പ്പെടുന്ന മുസ്‌ലിം ഇമാമുമാരെ വരെ ഇപ്പോള്‍ ചൈനീസ് അധികൃതര്‍ തടവില്‍ പാര്‍പ്പിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഇവരെ ഔദ്യോഗിക വകുപ്പുകളില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ചൈനയിലെ ഹാന്‍ ചൈനീസ് വംശജര്‍ക്കെതിരെ വിരോധം കുത്തിവെക്കുന്നുവെന്നും അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് നിയമങ്ങളെ നശിപ്പിക്കുന്നുവെന്നും നിരവധി കുഴപ്പങ്ങള്‍ക്ക് കാരണക്കാരാകുന്നുവെന്നും ചൂണ്ടിക്കാട്ടി പലരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൈനയിലെ ഉയിഗൂര്‍ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് സിന്‍ജിയാംഗ്.
സിന്‍ജിയാംഗിലും മറ്റു ചില പ്രദേശങ്ങളിലും ആക്രമണം നടത്തുന്നുവെന്ന് മത നേതാക്കള്‍ക്കെതിരെ നേരത്തെ തന്നെ ചൈന ആരോപണം ഉന്നയിക്കാറുണ്ട്. ഉയിഗൂര്‍ മുസ്‌ലിംകളുടെ സംസ്‌കാരത്തിന് മേലെയും അവരുടെ ആരാധന കര്‍മങ്ങളിലും ചൈനീസ് സര്‍ക്കാര്‍ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നത് വലിയ സംഘര്‍ഷത്തിന് ഇടയാക്കുന്നു. കൂട്ടമായി മതനേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. മതത്തെ അടിച്ചമര്‍ത്തുന്ന നടപടിയാണ് ഇതെന്നും ജനങ്ങളുടെ അവകാശത്തെ ഹനിക്കുന്ന നടപടികളാണ് സര്‍ക്കാറിന്റെതെന്നും സാമൂഹികപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. നിയമവിധേയ മതങ്ങളെന്നും നിയമവിരുദ്ധ മതങ്ങളെന്നും മതങ്ങളെ വേര്‍തിരിക്കുന്നത് തന്നെ ചൈനയുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ്. ഉയിഗൂര്‍ മുസ്‌ലിംകള്‍ക്ക് വിശ്വാസികളാകാന്‍ പോലും അവകാശം നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഉയിഗൂര്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി വാദിക്കുന്ന ചൈനയിലെ പ്രശസ്തനായ സാമൂഹിക പ്രവര്‍ത്തകനെ സെപ്തംബര്‍ മാസത്തില്‍ അന്യായമായി ജയിലിലടച്ചിരുന്നു. ഇതിനെതിരെ അന്താരാഷ്ട്ര സമൂഹവും പാശ്ചാത്യ രാജ്യങ്ങളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.